Wednesday 3 December 2008

പത്മരാജന്റെ തൂവാനത്തുമ്പികൾ- ഒന്ന്



ഈ ചിത്രങ്ങൾ കാണുമ്പോൾ ഒരു ശരാശരി മലയാളിക്ക്
എന്താണ് ആദ്യം ഓർമ്മ വരിക?
പത്മരാജനെന്ന പപ്പേട്ടൻ?
മഴ?
ക്ലാര?
ജയകൃഷണൻ?
നാരങ്ങാവെള്ളം ?
വടക്കുംനാഥൻ ക്ഷേത്രം?
പ്രണയം പൂക്കുന്ന കടൽത്തീരത്തെ രാത്രികൾ!

കഴിഞ്ഞ മഴക്കാലത്ത് തലശ്ശേരിയിൽ നിന്നും മടങ്ങുമ്പോൾ
മയ്യഴിപ്പുഴയുടെ തീരത്തെ ഒരു പാലത്തിനരികിൽ കാർ നിർത്തി
പുഴയിൽ മഴ പെയ്യുന്നത് നോക്കി നിൽക്കേ,
സുഹൃത്ത് പറഞ്ഞിരുന്നു
മഴയെന്നാൽ ക്ലാര
ക്ലാരയെന്നാൽ മഴ.

മഴയെക്കുറിച്ച് തേജസ്വിനി എഴുതി..

“മഴയ്ക്ക് താണ്ടുന്ന വഴികള്‍ അറിയില്ല,
കാരണം ഓരോ വഴിയും മഴയ്ക്ക്
അജ്ഞാതം...ഓരോ മഴയും വ്യത്യസ്തങ്ങളാണ്,

മഴയ്ക്ക്
ആവര്‍ത്തിക്കാനാവില്ല..
എന്നാല്‍ കടന്നുപോകുന്ന ഓരോ മഴയേയും വഴികള്‍ക്ക്
മറക്കാനാവില്ലല്ലോ...
വ്യത്യസ്തങ്ങളായ അനുഭവങ്ങളാണ് ഓരോ മഴയും വഴികള്‍ക്ക്
സമ്മാനിക്കുന്നത്... തൃശ്ശൂരിലെ മഴയല്ല, വയനാട്ടിലെ മഴ!!
ജീവിതമാകാം, അനുഭവങ്ങളാകാം, സുഖവും ദു:ഖവുമാകാം...“

1987 ലാണ് തൂവാനതുമ്പികൾ റിലീസ് ആകുന്നത്
21 വർഷങ്ങൾ.
ബുദ്ധിജീവികളൊഴികെ നമ്മളിൽ പലരും ഈ ചിത്രം എത്ര വട്ടം കണ്ടു?
സാധാരണ ഒരു നോവൽ ചലചിത്രമാക്കുമ്പോൾ,
നോവൽ വായിച്ച സുഖം നഷ്ടപ്പെടുന്നത് സാധാ‍രണയാണ്.
വാനപ്രസ്ഥം, തീർത്ഥാടനമായപ്പോൾ അതിന് ഉദാഹരണമാണ്.
കഥാപാത്രങ്ങളുടെ ആത്മഗതങ്ങൾ ചിത്രീകരിക്കുവാനുള്ള
പ്രയാസമാണ് സംവിധായകന്റെ വെല്ലുവിളി.

ഉദകപ്പോള എന്ന മൂലകൃതി വായിക്കുന്നതിനേക്കാൾ അനുഭൂ‍തിയായിരുന്നു, കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ എത്തിയപ്പോൾ.
ഞാൻ പറയട്ടെ…മലയാളത്തിലെ ഒരു ക്ലാസ്സിക്ക് തന്നെയാണ് ഈ ചിത്രം.
എന്റെ ഉൾനാടൻ ഗ്രാമത്തിലെ ഒരു ഫിലിം ക്ലബ്ബിന് വേണ്ടി ഞാനീ സിനിമയുടെ
കാതലായ ഭാഗങ്ങൾ ഉൾപ്പെടുത്തി ഒരു പ്രസന്റേഷൻ ഉണ്ടാക്കിയിരുന്നു. അതിനായി
എഡിറ്റ് ചെയ്ത കുറെ ക്ലിപ്പിംഗ്സ് അടുത്ത പോസ്റ്റിൽ ഇടുന്നതാണ്.
ഞാൻ പങ്കെടുത്ത സിനിമാ ശില്പ ശാലകളിൽ ക്ലാസ്സെടുക്കാൻ വന്ന മലയാളികളായ
പല പ്രഗത്ഭരും, ഈ സിനിമയെക്കുറിച്ച് സംസാരിക്കാതെ, നമുക്ക് അന്യമായ ബംഗാളി ചിത്രങ്ങളെക്കുറിച്ചും, പണ്ടെങ്ങോ ഇംഗ്ലീഷിൽ ഇറങ്ങിയ ‘ ഗോഡ് ഫാദറെ’ ക്കുറിച്ചും ഘോര ഘോരം പ്രശംസിക്കുമ്പോൾ ഞാൻ അറിയാതെ പ്രതികരിച്ചു പോയിട്ടുണ്ട്.

ഇനി വരുന്ന പോസ്റ്റുകൾക്ക് മുന്നോടിയായി, ഈ സിനിമ കണ്ടവർക്കായി ഒരു ചോദ്യം .
അവസാനമായി ക്ലാര വരുന്നത്. തൃശ്ശൂർ റെയിൽ വേ സ്റ്റേഷനിൽ അല്ല…പാലക്കാട് ജംങഷനിലാണ്..??
എഴുതുക…
ക്ലാരയെക്കുറിച്ച്,
ജയദേവനെക്കുറിച്ച്,
മഴയെക്കുറിച്ച്
പപ്പേട്ടന്റെ ക്രാഫ്റ്റിനെക്കുറിച്ച്…
ഒരു പക്ഷെ ‘തങ്ങളെ‘ക്കുറിച്ചാകും നിങ്ങൾ പറയുക.
ബീയാട്രീസിനെ മറക്കരുത്.
ഒരു ചലചിത്ര വിദ്യാർത്ഥിയുടെ കോണിലൂടെ നമുക്ക് ഈ സിനിമയെക്കുറിച്ച് ചർച്ച ചെയ്യാം.