Monday, 17 November 2008

താക്കോല്‍ രാമന്‍





പ്രഥമ സന്താനത്തെ ഗുരുവായൂർ കിഴക്കേനടയിലെ ഉരുളിയിൽ മഞ്ചാടി വാരിക്കളിക്കാൻ വിട്ടപ്പോൾ അവനെ ഇത്രക്ക്

വികൃതിരാമനാക്കുമെന്ന് ഞാൻ കരുതിയില്ല. താക്കോലാണ് അവന്റെ വീക്ക് നെസ്സ്.

താക്കോലുകൾ എവിടെ കണ്ടാലും അവൻ കരസ്ഥമാക്കും ഫ്രിഡ്ജിന്റെ താക്കോൽ പോയ വഴി അറിയില്ല. വീടിന്റെ താക്കോലുകൾ നാലാമത്തെ തവണയാണ് കോപ്പിയെടുത്തത് .

കഴിഞ്ഞ തവണ നാട്ടിൽ പോയപ്പോൾ വീട്ടിൽ നിന്നും നാലപതു കി.മി. ദൂരത്തോളം അകലെയുള്ള ഒരു ബന്ധുവീട്ടിൽ പോയതായിരുന്നു.

എന്റെ മക്കളെ ആദ്യമായി കാണുന്ന എന്റെ കസിൻ സിസ്റ്റർ അവരുടെ പോക്കിരിത്തരങ്ങളൊക്കെ വാത്സല്യം മറയാക്കി സഹിച്ചിരിക്കണം. പ്രഥമന് ഇപ്പോൾ നാലാം വയസ്സിന്റെ നട്ടപ്രാന്താണ്

“ സ്മാർട്ട് ബോയ്സ്, ക്യൂട്ട്”

എന്നൊക്കെ ഇടക്കു പറയുന്നുണ്ട് ( കസിൻ ഇപ്പോൾ റിയാലിറ്റി ഷോ കാണുന്നവളാണ്)

നാടൻ കോഴിയിറച്ചിയൊക്കെ തന്ന് അവർ ഞങ്ങളെ പറഞ്ഞു വിട്ടു.

കൊണ്ടു പോകാൻ കുറെ നാടൻ പച്ചക്കറികളും തന്നു. വീട്ടിൽ മടങ്ങിയെത്തി, ഒന്നു മയങ്ങാൻ ശ്രമിക്കുമ്പോഴാണ് കസിൻ വിളിക്കുന്നത്”


“ അവന്റെ പോക്കറ്റിൽ ഒന്നു നോക്കുമോ? ഞാൻ ഇവിടെ മുഴുവൻഅരിച്ചു പെറുക്കി, ഇടക്കെപ്പഴോ അവൻ താക്കോലെടുത്തു കളിക്കുന്നതു ഞാൻ കണ്ടിരുന്നു.”


ഒരു ദിവസത്തെ വിക്രസ്സുകൾക്ക് അന്ത്യ കുറിച്ചു കൊണ്ട് സുഖമായി മയങ്ങുന്ന പ്രഥമന്റെ കുഞ്ഞി പോക്കറ്റിൽ ഞാൻ കൈയ്യിട്ടു നോക്കി.


“ ഉണ്ട്എത്രയും പെട്ടെന്നു എത്തിക്കാം”



അവർ വസ്ത്രങ്ങൾ സൂക്ഷിക്കുന്ന അലമാരിയുടെ താക്കോലാണ് മഹാ‍ൻ അടിച്ചു മാറ്റിയത്. കുളികഴിഞ്ഞു വസ്ത്രം മാറാൻ നോക്കുമ്പോഴാണ് പാവം കസിൻ താക്കോൽ മിസ്സിംഗ് റിപ്പോർട്ട് ചെയ്യുന്നത്. ഉർവ്വശി ശാപം ഉപകാരം.

ആ തണുത്ത സാഹാഹ്നത്തിൽ മുളങ്കാടുകൾ പൂത്ത വഴിയിലൂടെ 40 കി.മി. ബൈക്ക് ഓടിക്കാൻ ഒരു അവസരം കിട്ടിയതായി കരുതിയെങ്കിലും എഴുന്നേൽക്കുമ്പോൾ അവനെ ഒന്നു പൊട്ടിക്കണം . മേലാൽ ആവർത്തിക്കരുത്.

( ബൈക്ക് ഈ അച്ചന്റെ ഒരു വീക്ക് നെസ്സ് ആണ്)

അച്ചച്ചനെ അവന് നല്ല പേടിയാണ്. അച്ഛനോട് പറഞ്ഞപ്പോൾ


“ കുട്ടികളാകുമ്പോൾ ഇങ്ങനെയൊക്കെയാ, നീ ചെറുപ്പത്തിൽ ഇതിലും പോക്കിരിയായിരുന്നു“


എന്നും പറഞ്ഞ് അച്ഛൻ കൈയ്യൊഴിഞ്ഞു. പിറ്റേന്ന് കാലത്ത് കുളിച്ച് കുറിയൊക്കെ തൊട്ട് എവിടെയൊ പോകാനൊരുങ്ങിയ അച്ചച്ചൻ ദേഷ്യത്തോടെ തലങ്ങും വിലങ്ങും നടക്കുന്നു. ദേഷ്യം അടക്കിപ്പിടിച്ചു നിൽക്കുന്ന ഭാര്യ!

“ എവിടെയാ വെച്ചത് എന്ന് ഒന്നു കൂടി ഓർത്തു നോക്കൂ, അല്ലെങ്കിൽ തന്നെ ഒരു സാധനവും നിങ്ങൾ

സ്ഥിരമായി ഒരു സ്ഥലത്ത് തന്നെ വെക്കാറില്ലല്ലോ?“


അമ്മയും തെരയാൻ കൂടി. താക്കോൽ തന്നെയാണ്..കാറിന്റെ

അതിനു മുൻപ് കാണാതെ പോയ പല സാധങ്ങളും ഈ തെരെച്ചിലിനിടയിൽ കണ്ടു കിട്ടിയ സന്തോഷത്തിലാണ് അമ്മ !

ഞാൻ മോനെ വിളിച്ചു. ക്ഷമ, സഹന ശക്തി ഇതൊക്കെ ഏതൊരു പിതാവിനും ഒരു കാലഘട്ടത്തിൽ ദൈവം അളവറ്റ രീതിയിൽ വാരിക്കോരിക്കൊടുക്കും.


“ നീ കണ്ടോ? പൊന്നുമോനല്ലേ..അച്ഛൻ അടിക്കില്ല, സത്യം പറ“


താക്കോൽ എന്ന സാധനം ജീവിതത്തിൽ കണ്ടിട്ടു പോലുമില്ല എന്ന വിധത്തിൽ അവൻ ഉത്തരം നൽകി. പിന്നെ താക്കോലിന്റെ നിറമെന്താ, മണമെന്താ എന്നൊക്കെ ചോദിച്ചു കൊണ്ട് തെരച്ചിൽ സംഘത്തോടൊപ്പം അവനും ചേർന്നു. രണ്ട് വയസ്സായ രണ്ടാമത്തവൻ ‘ഗീ..ഗീ..” എന്ന് അവന്റെ ഭാഷയിൽ പറഞ്ഞു അങ്ങിങ്ങ് നടന്നു.


“എന്നാൽ അച്ഛൻ ബസ്സിനു പൊയ്ക്കോളൂ മക്കളെയും കൊണ്ട് ഞങ്ങൾ കാറിൽ ഒന്നു ചുറ്റിയിട്ട് വരാം.“ ഭാര്യ വെറുതെ ഒരു നമ്പർ ഇട്ടു നോക്കി.


പറഞ്ഞു തീർന്ന് സെക്കന്റുകൾക്കകം കൈയ്യിൽ താക്കോൽ ചുഴറ്റിക്കൊണ്ട് പ്രഥമൻ രംഗത്തെത്തി.. കൂട്ടച്ചിരിയിയുടെ ഒടുവിൽ അച്ഛൻ താക്കോൽ വാങ്ങിയപ്പോൾ അവൻ ഉപദേശിച്ചു.


“ ഒരു കോപ്പിയെടുത്തു വെച്ചൂടെ.വല്യകുട്ട്യായിട്ട് ഇതൊന്നും അറീല്യേ?”


ഒരു മാസത്തെ സംഭവ ബഹുലമായ അവധിക്കാലത്തിനു ശേഷം മടങ്ങിയെത്തി. ഫ്ലാറ്റിന്റെ ഇട്ടാവെട്ടത്ത് വണ്ടിയോടിച്ചു കളിക്കുന്ന പുത്രന്മാരെ കണ്ടപ്പോൾ ഒരു വിഷമം. അവധി കഴിഞ്ഞിട്ടുള്ള ആദ്യത്തെ സ്കൂൾ ദിനം.

കബോർഡിന്റെ താക്കോൽ കാണുന്നില്ല. ചെറിയ താക്കോലാണ്.. അവൻ “ ഗോഡ് പ്രൊമിസ് “ വരെ ചെയ്തു അവസാനം അവന്റെ മേച്ചിൽ പുറങ്ങളിൽ തെരച്ചിൽ നടത്തിയ ശാരദേട്ടത്തിക്ക് താക്കോൽ കിട്ടി. വൈകിട്ട് ഞാൻ തിരിച്ചു വരുമ്പോഴും അവൻ താക്കോൽ കൂട്ടമെടുത്തു കളിക്കുന്നു. സ്കൂളിൽ പഠിക്കുന്ന കുട്ടികളെടുത്ത് പ്രയോഗിക്കാവുന്ന അവസാനത്തെ ആയുധം ഞാൻ പ്രയോഗിച്ചു.


“ നാളെ നിന്റെ ടീച്ചറോട് പറഞ്ഞിട്ടു തന്നെ കാര്യം


ഓഡിയോ വിഷ്വൽ യുഗമായതു കൊണ്ടും ഭീഷണിയുടെ ആഴം കൂട്ടാൻ വേണ്ടിയും അവൻ താക്കോലെടുത്തു കളിക്കുന്നത് ഞാനെന്റെ മൊബൈലിലെ കാമെറയിൽ പകർത്തി.


“ നാളെ നിന്നെ സ്കൂളിൽ കൊണ്ടു വിടുമ്പോൾ ഇതു ഞാൻ ടീച്ചർക്ക് കാണിച്ചു കൊടുക്കും...”


അവൻ കളി നിർത്തി. പതിവു ജോഗ്ഗിംഗിന് പോയി തിരിച്ചു വന്നപ്പോൾ

മകന്റെ മുഖത്ത് ഒരു കള്ളച്ചിരി !

ഓടാൻ പോകുമ്പോൾ ഞാൻ ഫോൺ കൊണ്ടു പോകാറില്ല.

തിരിച്ചു വന്നാൽ മിസ്സ്ഡ് കാൾസ്സ് ഉണ്ടോ എന്ന് നോക്കും.

ഫോൺ കാണുന്നില്ല.

തെരയാൻ ഒരു സ്ഥലവും ബാക്കിയില്ല .

സ്വിച്ച് ഓഫ് ആയ മെസ്സേജാണ് കേൾക്കുന്നത് ..

ഒടുവിൽ വെള്ളം സൂക്ഷിക്കുന്ന കാനിന്റെ അടിത്തട്ടിൽ

ടൈട്ടാനിക്ക് പോലെ മുങ്ങിക്കിടക്കുന്ന എന്റെ നോക്കിയ ഇ-90 ഭാര്യയാണ് കണ്ടത്.

ഞാൻ എടുത്ത ഫോട്ടൊ മായ്ക്കാൻ അവനറിയുന്ന വിദ്യ ഇതു മാത്രം.

മോൻ സുഖമായി ഉറങ്ങുന്നു ഉയരത്തിൽ നിന്നും ഫോൺ എടുക്കാൻ മോനെ സഹായിച്ച ആ സ്റ്റൂൾ എന്നെ നോക്കി പറഞ്ഞു


“ എനിക്കെന്തു ചെയ്യാൻ കഴിയും”

24 comments:

സുല്‍ |Sul said...

ഹഹഹ
ഞങ്ങളോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും. അച്ഛനിനിയും കളിയിറക്കും, അതിന്റപ്രത്തെ കളി എനിക്കറിയാം.

നന്നായിരിക്കുന്നു അജിത്.

-സുല്‍

smitha adharsh said...

ഇതു വായിച്ചു എനിക്കൊട്ടും അതിശയം തോന്നുന്നില്ല.ഇതുപോലത്തെ ഒരെണ്ണത്തിനെ ദൈവം ഫോട്ടോസ്റ്റാറ്റ് എടുത്തു ഇങ്ങോട്ടും വിട്ടിട്ടുണ്ട്.താക്കോല്‍ കാണാതായാല്‍,"ഒന്നു പൊട്ടിക്കും" എന്ന് പറഞ്ഞാല്‍ തൊണ്ടി മുതല്‍ വെളിപ്പെടും..
പോസ്റ്റ് കലക്കി.

Ajith Nair said...

ആവൂ...ആശ്വാസം...അപ്പോൾ ഇതൊരു ആഗോള പ്രതിഭാസമാണല്ലേ!!
നന്ദി സുൽ-നന്ദി സ്മിത

നിരക്ഷരൻ said...

കാറ് ഭ്രമം പല ആണ്‍കുട്ടികള്‍ക്കും ഉള്ളതായി അറിയാം. എന്റെ മകള്‍ക്ക് ബാര്‍ബി ഡോളിലാണ് ഭ്രമം. പക്ഷെ എല്ലാം സൂക്ഷിച്ച് വെക്കുന്ന കൂട്ടത്തിലായതുകൊണ്ട് വല്ലപ്പോഴുമൊക്കെ ഓരോന്ന് വാങ്ങിക്കൊടുക്കും.

ഈ താക്കോല്‍ ഭ്രമം ആദ്യായിട്ടാ കേള്‍ക്കുന്നത്. അപ്പോളതാ സ്മിത പറയുന്നു ഒരു ഫോട്ടൊ കോപ്പി പുള്ളിക്കാരീടെ വീട്ടിലുമുണ്ടെന്ന്. എല്ലാരും കൂടെ ഹാപ്പിയായിട്ട് അനുഭവിച്ചോ.... :)

പോസ്റ്റ് രസായി മാഷേ. ആ രണ്ടാമത്തെ നാട്ടിന്‍പുറം ചിത്രം ...ഹോ..മനസ്സ് കുളിര്‍ത്തു.

Ajith Nair said...

ആ നാട്ടിൻ പുറം വയനാടാണ് ...ഇപ്പോൾ നല്ല തണുപ്പായിരിക്കും..

നിരക്ഷരൻ said...

വയനാട് എന്ന് കേട്ടപ്പോള്‍ വീണ്ടും കുളിര്‍ത്തു. എന്റെ സ്ഥിരം ചുറ്റിയടി സ്ഥലമാണ് വയനാട്. ഇത് വയനാട്ടില്‍ എവിടെയാണ് ? അജിത്തിന്റെ വീടാണോ അത് ? എനിക്കും 2 ഏക്കര്‍ സ്ഥലം സ്വന്തമായിട്ടുണ്ട് വയനാട്ടില്‍. അതോണ്ട് ഞാനവിടെ ഇടയ്ക്കിടെ പോകാറുണ്ട്. ഇടയ്ക്കിടെ അവിടെ പോകാന്‍ വേണ്ടിയാണ് ഞാന്‍ ആ സ്ഥലം വാങ്ങിയിട്ടതെന്നും വേണമെങ്കില്‍ പറയാം.

അജയ്‌ ശ്രീശാന്ത്‌.. said...

ഹ..ഹ..
നന്നായിരിക്കുന്നു അജിത്ത്‌....
ആ ചെറിയ കായംങ്കുളം കൊച്ചുണ്ണി കലക്കി....താങ്കളുടെ വിവരണവും....
(പിന്നെ...താക്കോലൊക്കെ നല്ല പൊലെ വച്ചേക്കണേ...അല്ലെങ്കില്‍
അച്ഛനിട്ട്‌ മോന്‍ പിന്നെയും പണി തരും..:)

Pongummoodan said...

അജിത്,

നന്നായിരിക്കുന്നു.
എല്ലാ ഭാവുകങ്ങളും

ബാജി ഓടംവേലി said...

പടവും വിവരണവും
നന്നായിരിക്കുന്നു......
ഓ.ടോ:-ബെന്യാമിന്റെ “ആടു ജീവിതം“ എന്ന പുതിയ നോവല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. ഗ്രന്ഥ കര്‍ത്താവില്‍ നിന്നും പുസ്തകത്തെ പറ്റി കേള്‍‍ക്കുന്നതിനും, ബെന്യാമിനെ അനുമോദിക്കുന്നതിനുമായി
ബഹ്‌റൈന്‍ ബ്ലോഗ്ഗേഴ്സ് ഒത്തു കൂടുന്നു.
ഈ വരുന്ന വെള്ളിയാഴ്ച സന്ധ്യക്ക് 7.00 മണിക്ക്.
പ്രസ്തുത ചടങ്ങിലേക്ക് എല്ലാ മാന്യ ബ്ലോഗ്ഗര്‍മാരേയും
സവിനയം ക്ഷണിച്ചു കൊള്ളുന്നു...

Hari charutha said...

mashe,
KEYVEERAN KI JAI!
all the best.
"journeying" through your blog..
hari charutha

മാണിക്യം said...

കൊള്ളാം
ഇത്രയല്ലേ പറ്റിയുള്ളു,ഞാന്‍
ഒരു ‘താക്കോല്‍രാമനെ’ മീശക്കരനാക്കി.
ഒരവധിക്ക് നാട്ടിലെത്തി ഒരു പെട്ടി തുറന്നു
താക്കോല്‍ അവിടെ വച്ചു ചാച്ചന്‍ പോയി കുളി കഴിഞ്ഞെത്തി ബാക്കി ഡ്രസ്സ് എടുക്കാന്‍ പെട്ടി തുറക്കാന്‍ താക്കോല്‍ നോക്കുന്നു വീടായ വീട് മുഴുവന്‍ അരിചു പെറുക്കി, കിട്ടിയില്ല. ഒടുവില്‍ പറഞ്ഞു ഹോ പെട്ടി തുറന്നെങ്കില്‍ ആ ചോക്ലറ്റ് എടൂക്കാ‍രുന്നു ഇനി താക്കോല്‍ ഇല്ലല്ലൊ എന്നിട്ടും രക്ഷയില്ല അവന്‍ മറന്നു എവിടെ വച്ചുന്ന് .. അപ്പൊഴാ പശുവിനു വെള്ളം കൊടുക്കാന്‍ പിണ്ണാക്ക് കലക്കിയത് ഒരു കിലുക്കം താക്കോല്‍!!
അതു കൊണ്ട് സാരമില്ല സുധി ഈ ഇനം പൂര്‍വ്വീകരുണ്ട് ...അവന് സ്വന്തമായി ഒരു കീചെയിനും കുറെ താക്കോലും കൊടുത്തിട്ട്
ആണ് ഒതുക്കിയത് ..
എന്നെ ക്ഷമ പഠിപ്പിച്ചത് അവനാണ്..

ബ്ലോഗ് എഴുതി തുടങ്ങിയത് വളരെ നന്നായി. സന്തോഷവും അഭിമാനവും നിറഞ്ഞ ഒരച്ഛന്റെ സ്വരം ആണ് ഈ പൊസ്റ്റില്‍ മുഴങ്ങി കെട്ടത് ..
നന്മകള്‍ നേരുന്നു. ...

ശ്രീ said...

കുട്ടികളുടെ കൊച്ചു കുസൃതികള്‍...
:)

Unknown said...

നന്നായിട്ടുണ്ട് അജിത്, മോന്റെ വികൃതിയും അതിന്റെ അവതരണവും ഒക്കെ ... നേരില്‍ കാണുന്ന പോലെ തോന്നി ...

fanny magnet said...

ha ha ha ha ha ..................

വി. കെ ആദര്‍ശ് said...

നന്നായിരിക്കുന്നു. ഈ പോസ്റ്റ് മാത്രമല്ല എല്ലാം, ഒപ്പം കണ്ണിനിമ്പമാര്‍ന്ന ചിത്രങ്ങലും തലെക്കെട്ടുകളും. ഇനി പതിവായി ഈ ബ്ലോഗ് വഴി വരാം.
അഭിനന്ദങ്ങള്‍

Jals said...

Nannayittundu... Ningalude ezhuthum photokalum....Kusrtuhiyude thakolanalle mon...

Ranjith chemmad / ചെമ്മാടൻ said...

രസകരം ഈ കുറിപ്പും അതുപോലെ ചിത്രങ്ങളും...
അവരുടെ കാലമല്ലേ മാഷേ...അവരാഘോഷിക്കട്ടെ....

ഏകാന്ത പഥികന്‍ said...

താക്കോൽ രാമന്‌ എന്റെ അന്വേഷണങ്ങൾ....

ജെ പി വെട്ടിയാട്ടില്‍ said...

എന്റെ മകനും ചെറുപ്പത്തില്‍ താക്കോലിനോട് വലിയ ഭ്രമമായിരുന്നു.... തികച്ചും നിങ്ങളുടെ കുട്ടിയെ പോലെ...
ഞാന്‍ അവന്റെ ഈ താക്കോല്‍ പിടുത്തം കണ്ട് ആലോചിക്കുമായിരുന്നു.....ആ‍രായി വരും ഇവന്‍...... ഞാന്‍ കണക്ക് കൂട്ടിയപോലെയല്ലാ‍യിരുന്നു അവന്റെ ജീവിതം..
ഒരു മള്‍ട്ടി നാഷണല്‍ ബേങ്കിന്റെ മേനേജരാണിപ്പോള്‍.
താങ്കളുടെ മകനും സമാനമായ ഒരു ജീവിതം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു...

Unknown said...

അജിത്ത് -
ആദ്യമായാണ് ഇവിടെ.ബാല്യത്തിന്റെ ഓമനത്തവും കുസൃതിയും, ഒരുപാടിഷ്ടമായി. ബൈക്കോടീച്ചുപോയ ആ വഴിയും സൂപ്പര്‍!

- സന്ധ്യ !

rainysno said...

ആഹാ...കൊള്ളാലോ....
ഈ താക്കോല്‍ വീരന്‍...
വാത്സല്യം ബോറടിപ്പിക്കാതെ
പറഞിരിക്കുന്നു...

Sureshkumar Punjhayil said...

Really nice... Best wishes.

divya chandran said...

അയ്യോ മാഷേ...
ഇതിപ്പോള്‍ മക്കള്ടെ പേരില്‍ മാത്രമേ വ്യത്യാസം തോന്നുന്നുല്ലൂ......ഈ കാലഘട്ടത്തില്‍ ഉള്ള കുഞ്ഞുങ്ങലോക്കെയും ഒന്നിനൊന്നു വികൃതി കുട്ടന്മാരാണ്... ..ചിലപ്പോള്‍ അവരടെ പ്രയതിനെക്കാള്‍ വല്യ വികൃതികള്‍ ആണ് കാട്ടരുള്ളത്...സംകടം തോന്നും ചില സമയങ്ങളില്‍ നുണ പറയുന്നത് കേള്‍ക്കുമ്പോള്‍......എന്തിനാ ദൈവം അവരെ കൊണ്ട് ഇത്രയും വല്യ നുണ പരയിക്കുനത് എന്നു‌ തോന്നാറുണ്ട്.....നമ്മള്‍ ഈ പ്രായത്തില്‍ ചിന്ടിക്കുന്ന കാര്യങ്ങള്‍ അവര്‍ സംസാരിച്ചു തുടങ്ങുമ്പോള്‍ തന്നെ പറയുന്നു‌......ബാല്യം എന്ന കാലം ഇല്ലാത്ത ആയി പോകുമോ എന്ന് തോനാറുണ്ട്‌ ചിലപ്പോളൊക്കെ......ഇന്നിയും എത്ര നാള്‍ കൂടെ?????

കൊച്ചു കൊച്ചു കാര്യങ്ങള്‍ടെ ദേവത....

മാനസ said...

ഹും... അപ്പൊ അവിടേം ഉണ്ടല്ലേ..ഒരു വില്ലന്‍!!! :)