പ്രഥമ സന്താനത്തെ ഗുരുവായൂർ കിഴക്കേനടയിലെ ഉരുളിയിൽ മഞ്ചാടി വാരിക്കളിക്കാൻ വിട്ടപ്പോൾ അവനെ ഇത്രക്ക്
വികൃതിരാമനാക്കുമെന്ന് ഞാൻ കരുതിയില്ല. താക്കോലാണ് അവന്റെ വീക്ക് നെസ്സ്.
താക്കോലുകൾ എവിടെ കണ്ടാലും അവൻ കരസ്ഥമാക്കും ഫ്രിഡ്ജിന്റെ താക്കോൽ പോയ വഴി അറിയില്ല. വീടിന്റെ താക്കോലുകൾ നാലാമത്തെ തവണയാണ് കോപ്പിയെടുത്തത് .
കഴിഞ്ഞ തവണ നാട്ടിൽ പോയപ്പോൾ വീട്ടിൽ നിന്നും നാലപതു കി.മി. ദൂരത്തോളം അകലെയുള്ള ഒരു ബന്ധുവീട്ടിൽ പോയതായിരുന്നു.
എന്റെ മക്കളെ ആദ്യമായി കാണുന്ന എന്റെ കസിൻ സിസ്റ്റർ അവരുടെ പോക്കിരിത്തരങ്ങളൊക്കെ വാത്സല്യം മറയാക്കി സഹിച്ചിരിക്കണം. പ്രഥമന് ഇപ്പോൾ നാലാം വയസ്സിന്റെ നട്ടപ്രാന്താണ്
“ സ്മാർട്ട് ബോയ്സ്, ക്യൂട്ട്”
എന്നൊക്കെ ഇടക്കു പറയുന്നുണ്ട് ( കസിൻ ഇപ്പോൾ റിയാലിറ്റി ഷോ കാണുന്നവളാണ്)
നാടൻ കോഴിയിറച്ചിയൊക്കെ തന്ന് അവർ ഞങ്ങളെ പറഞ്ഞു വിട്ടു.
കൊണ്ടു പോകാൻ കുറെ നാടൻ പച്ചക്കറികളും തന്നു. വീട്ടിൽ മടങ്ങിയെത്തി, ഒന്നു മയങ്ങാൻ ശ്രമിക്കുമ്പോഴാണ് കസിൻ വിളിക്കുന്നത്”
“ അവന്റെ പോക്കറ്റിൽ ഒന്നു നോക്കുമോ? ഞാൻ ഇവിടെ മുഴുവൻഅരിച്ചു പെറുക്കി, ഇടക്കെപ്പഴോ അവൻ താക്കോലെടുത്തു കളിക്കുന്നതു ഞാൻ കണ്ടിരുന്നു.”
ഒരു ദിവസത്തെ വിക്രസ്സുകൾക്ക് അന്ത്യ കുറിച്ചു കൊണ്ട് സുഖമായി മയങ്ങുന്ന പ്രഥമന്റെ കുഞ്ഞി പോക്കറ്റിൽ ഞാൻ കൈയ്യിട്ടു നോക്കി.
“ ഉണ്ട്…എത്രയും പെട്ടെന്നു എത്തിക്കാം”
അവർ വസ്ത്രങ്ങൾ സൂക്ഷിക്കുന്ന അലമാരിയുടെ താക്കോലാണ് മഹാൻ അടിച്ചു മാറ്റിയത്. കുളികഴിഞ്ഞു വസ്ത്രം മാറാൻ നോക്കുമ്പോഴാണ് പാവം കസിൻ താക്കോൽ മിസ്സിംഗ് റിപ്പോർട്ട് ചെയ്യുന്നത്. ഉർവ്വശി ശാപം ഉപകാരം.
ആ തണുത്ത സാഹാഹ്നത്തിൽ മുളങ്കാടുകൾ പൂത്ത വഴിയിലൂടെ 40 കി.മി. ബൈക്ക് ഓടിക്കാൻ ഒരു അവസരം കിട്ടിയതായി കരുതിയെങ്കിലും എഴുന്നേൽക്കുമ്പോൾ അവനെ ഒന്നു പൊട്ടിക്കണം . മേലാൽ ആവർത്തിക്കരുത്.
( ബൈക്ക് ഈ അച്ചന്റെ ഒരു വീക്ക് നെസ്സ് ആണ്)
അച്ചച്ചനെ അവന് നല്ല പേടിയാണ്. അച്ഛനോട് പറഞ്ഞപ്പോൾ
“ കുട്ടികളാകുമ്പോൾ ഇങ്ങനെയൊക്കെയാ, നീ ചെറുപ്പത്തിൽ ഇതിലും പോക്കിരിയായിരുന്നു“
എന്നും പറഞ്ഞ് അച്ഛൻ കൈയ്യൊഴിഞ്ഞു. പിറ്റേന്ന് കാലത്ത് കുളിച്ച് കുറിയൊക്കെ തൊട്ട് എവിടെയൊ പോകാനൊരുങ്ങിയ അച്ചച്ചൻ ദേഷ്യത്തോടെ തലങ്ങും വിലങ്ങും നടക്കുന്നു. ദേഷ്യം അടക്കിപ്പിടിച്ചു നിൽക്കുന്ന ഭാര്യ!
“ എവിടെയാ വെച്ചത് എന്ന് ഒന്നു കൂടി ഓർത്തു നോക്കൂ, അല്ലെങ്കിൽ തന്നെ ഒരു സാധനവും നിങ്ങൾ
സ്ഥിരമായി ഒരു സ്ഥലത്ത് തന്നെ വെക്കാറില്ലല്ലോ?“
അമ്മയും തെരയാൻ കൂടി. താക്കോൽ തന്നെയാണ്..കാറിന്റെ
അതിനു മുൻപ് കാണാതെ പോയ പല സാധങ്ങളും ഈ തെരെച്ചിലിനിടയിൽ കണ്ടു കിട്ടിയ സന്തോഷത്തിലാണ് അമ്മ !
ഞാൻ മോനെ വിളിച്ചു. ക്ഷമ, സഹന ശക്തി ഇതൊക്കെ ഏതൊരു പിതാവിനും ഒരു കാലഘട്ടത്തിൽ ദൈവം അളവറ്റ രീതിയിൽ വാരിക്കോരിക്കൊടുക്കും.
“ നീ കണ്ടോ? പൊന്നുമോനല്ലേ..അച്ഛൻ അടിക്കില്ല, സത്യം പറ“
താക്കോൽ എന്ന സാധനം ജീവിതത്തിൽ കണ്ടിട്ടു പോലുമില്ല എന്ന വിധത്തിൽ അവൻ ഉത്തരം നൽകി. പിന്നെ താക്കോലിന്റെ നിറമെന്താ, മണമെന്താ എന്നൊക്കെ ചോദിച്ചു കൊണ്ട് തെരച്ചിൽ സംഘത്തോടൊപ്പം അവനും ചേർന്നു. രണ്ട് വയസ്സായ രണ്ടാമത്തവൻ ‘ഗീ..ഗീ..” എന്ന് അവന്റെ ഭാഷയിൽ പറഞ്ഞു അങ്ങിങ്ങ് നടന്നു.
“എന്നാൽ അച്ഛൻ ബസ്സിനു പൊയ്ക്കോളൂ മക്കളെയും കൊണ്ട് ഞങ്ങൾ കാറിൽ ഒന്നു ചുറ്റിയിട്ട് വരാം.“ ഭാര്യ വെറുതെ ഒരു നമ്പർ ഇട്ടു നോക്കി.
പറഞ്ഞു തീർന്ന് സെക്കന്റുകൾക്കകം കൈയ്യിൽ താക്കോൽ ചുഴറ്റിക്കൊണ്ട് പ്രഥമൻ രംഗത്തെത്തി.. കൂട്ടച്ചിരിയിയുടെ ഒടുവിൽ അച്ഛൻ താക്കോൽ വാങ്ങിയപ്പോൾ അവൻ ഉപദേശിച്ചു.
“ ഒരു കോപ്പിയെടുത്തു വെച്ചൂടെ….വല്യകുട്ട്യായിട്ട് ഇതൊന്നും അറീല്യേ?”
ഒരു മാസത്തെ സംഭവ ബഹുലമായ അവധിക്കാലത്തിനു ശേഷം മടങ്ങിയെത്തി. ഫ്ലാറ്റിന്റെ ഇട്ടാവെട്ടത്ത് വണ്ടിയോടിച്ചു കളിക്കുന്ന പുത്രന്മാരെ കണ്ടപ്പോൾ ഒരു വിഷമം. അവധി കഴിഞ്ഞിട്ടുള്ള ആദ്യത്തെ സ്കൂൾ ദിനം.
കബോർഡിന്റെ താക്കോൽ കാണുന്നില്ല. ചെറിയ താക്കോലാണ്.. അവൻ “ ഗോഡ് പ്രൊമിസ് “ വരെ ചെയ്തു അവസാനം അവന്റെ മേച്ചിൽ പുറങ്ങളിൽ തെരച്ചിൽ നടത്തിയ ശാരദേട്ടത്തിക്ക് താക്കോൽ കിട്ടി. വൈകിട്ട് ഞാൻ തിരിച്ചു വരുമ്പോഴും അവൻ താക്കോൽ കൂട്ടമെടുത്തു കളിക്കുന്നു. സ്കൂളിൽ പഠിക്കുന്ന കുട്ടികളെടുത്ത് പ്രയോഗിക്കാവുന്ന അവസാനത്തെ ആയുധം ഞാൻ പ്രയോഗിച്ചു.
“ നാളെ നിന്റെ ടീച്ചറോട് പറഞ്ഞിട്ടു തന്നെ കാര്യം…“
ഓഡിയോ വിഷ്വൽ യുഗമായതു കൊണ്ടും ഭീഷണിയുടെ ആഴം കൂട്ടാൻ വേണ്ടിയും അവൻ താക്കോലെടുത്തു കളിക്കുന്നത് ഞാനെന്റെ മൊബൈലിലെ കാമെറയിൽ പകർത്തി.
“ നാളെ നിന്നെ സ്കൂളിൽ കൊണ്ടു വിടുമ്പോൾ ഇതു ഞാൻ ടീച്ചർക്ക് കാണിച്ചു കൊടുക്കും...”
അവൻ കളി നിർത്തി. പതിവു ജോഗ്ഗിംഗിന് പോയി തിരിച്ചു വന്നപ്പോൾ
മകന്റെ മുഖത്ത് ഒരു കള്ളച്ചിരി !
ഓടാൻ പോകുമ്പോൾ ഞാൻ ഫോൺ കൊണ്ടു പോകാറില്ല.
തിരിച്ചു വന്നാൽ മിസ്സ്ഡ് കാൾസ്സ് ഉണ്ടോ എന്ന് നോക്കും.
ഫോൺ കാണുന്നില്ല.
തെരയാൻ ഒരു സ്ഥലവും ബാക്കിയില്ല .
സ്വിച്ച് ഓഫ് ആയ മെസ്സേജാണ് കേൾക്കുന്നത് ..
ഒടുവിൽ വെള്ളം സൂക്ഷിക്കുന്ന കാനിന്റെ അടിത്തട്ടിൽ
ടൈട്ടാനിക്ക് പോലെ മുങ്ങിക്കിടക്കുന്ന എന്റെ നോക്കിയ ഇ-90 ഭാര്യയാണ് കണ്ടത്.
ഞാൻ എടുത്ത ഫോട്ടൊ മായ്ക്കാൻ അവനറിയുന്ന വിദ്യ ഇതു മാത്രം.
മോൻ സുഖമായി ഉറങ്ങുന്നു ഉയരത്തിൽ നിന്നും ഫോൺ എടുക്കാൻ മോനെ സഹായിച്ച ആ സ്റ്റൂൾ എന്നെ നോക്കി പറഞ്ഞു
“ എനിക്കെന്തു ചെയ്യാൻ കഴിയും”