Sunday 16 November 2008

ജഗനാഥൻ‍ കരയുന്നു.......


(ശ്രീ ടി.വി. കൊച്ചുവാവ എഡിറ്റർ ആയിരുന്ന “ ഗൾഫ് വോയ്സ്” എന്ന മാസികയിൽ 1999 ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ചത് )


പ്രതീക്ഷക്കു വക നൽ‍കുന്ന

ഒരു ദിവസമായതിനാൽ‍ ജഗനാഥൻ‍ പതിവിലും

നേരത്തെ കൃത്യങ്ങളെല്ലാം കഴിച്ച്

ഡ്യൂട്ടിക്ക് പോകാനൊരുങ്ങി.

തിളക്കമില്ലാത്ത അറേബ്യൻ പുലരിയിൽ

തൂവെള്ള വസ്ത്രത്തിൽ അയാളെ കാണാൻ

എന്തോ ഒരു പ്രത്യേകതയുണ്ട്.

കെട്ടിടത്തിന്റെ താഴെ വണ്ടി

കാത്തുനിൽക്കുമ്പോൾ

അയാൾ മനസ്സുരുകി പ്രാർത്ഥിച്ചു

"ദൈവമേ...! ഇന്നെങ്കിലും സൂര്യനാരായണൻ തട്ടിപ്പോകണേ!!

അയാളെ കാഷ്വാലിറ്റിയിലാക്കിയിട്ടുണ്ടേ."

തന്റെ ഈ പ്രാർ‌ത്ഥനയിൽ

ദൈവത്തിന് എതിർപ്പൊന്നും

ഉണ്ടാവാൻ വഴിയില്ല.

ജീവിതം നന്നായി ആസ്വദിച്ചിട്ടുള്ള

ഒരു പണക്കാരനെയാണ് മേലോട്ട്

വിളിക്കണമെന്ന് താൻ ആവശ്യപ്പെടുന്നത്.

ആശുപത്രിയുടെ ഗന്ധത്തിൽ നിന്ന്

ആ മനുഷ്യന് ഒരു മോചനവും.

പേഴ്സിൽ നിന്നും ശവപ്പെട്ടിക്കാരന്റെ

വിസിറ്റിംഗ് കാർഡ് ഒരിക്കൽ കൂടി

ജഗനാഥൻ എടുത്തു നോക്കി.

ഇരുപത്തിയഞ്ച് ശതമാനം കമ്മിഷൻ

ശവപ്പെട്ടിക്കാരൻ വാഗ്ദാനം ചെയ്തപ്പോൾ,

ഒരു കാപ്പി കുടിക്കാൻ പോലും

ജഗനാഥൻ മറന്നു

എങ്കിലും അയാൾ‌ തന്നെ ലഞ്ചിനു ക്ഷണിച്ചു.

യാത്രാമദ്ധ്യേ വിവിധതരം

ശവപ്പെട്ടികളെക്കുറിച്ച്

അയാൾ വാചാലനായി,

ഈർച്ചപ്പൊടി നിറച്ചതുമുതൽ

ആധുനിക രാസവസ്തുക്കൾ നിറച്ച്

വെൽവെറ്റ് കൊണ്ടലങ്കരിച്ച

പല മോഡലുകളുടെ

വിവിധ ആംഗിളുകളിലുള്ള

കളർചിത്രങ്ങൾ അയാൾ കാണിച്ചു.

ഭക്ഷണത്തിന്റെ ഇടയിലാണ്

അയാൾ ആ സന്തോഷവാർത്ത കൂടി അറിയിച്ചത്

ആത്മാവ് കൈവിട്ട ശരീരത്തെ ആശുപത്രി നിന്ന് പുറത്തിറക്കി

ആകാശമാർഗ്ഗം സുരക്ഷിതമായി

എത്രയും പെട്ടന്ന് ജന്മനാട്ടിലെത്തിക്കുവാൻ

മത്സരിക്കുന്ന രണ്ടു കാർഗ്ഗോ

സർവ്വീ‍സുകളെപ്പറ്റിയുള്ള ദീർഘവിവരണം.

അതിലൊന്നിൽ അയാളുടെ

കൂട്ടുകാരൻ റെപ്രസന്ററ്റീവണത്രേ!

ഒരേ തൂവൽ പക്ഷികൾ!

താൻ അവരോടും സഹകരിക്കുകയാണെങ്കിൽ

ഇരുപതുശതമാനം കമ്മിഷൻ അവരും നൽകുമത്രേ!

ശവത്തിന്റെ യാത്രാക്കൂലി നിരക്ക് കേട്ട്

ജഗന്നാഥൻ അല്പമൊന്ന് ഞെട്ടി.

അയാളുടെ ലഗേജുകൾ, ആവശ്യമെങ്കിൽ

കൂടെ വിമാനത്തിന്റെ അകത്ത് യാത്ര ചെയ്യുന്ന

ജീവനുള്ള ബന്ധുവിനു കൊണ്ടു പോകാം.

മനസ്സിനു ഹരം പകരുന്ന പുതിയ അറിവുകൾ!

പക്ഷെ ശവപ്പെട്ടിക്കാരനും കാർഗോ

സർവ്വീസുകാരനുമൊരു നിബന്ധനയുണ്ട്

രണ്ടിന്റെയും പെയ്‌മെന്റ് തന്റെ കയ്യിലൂടെയും,

ഉത്തര വാദിത്വത്തിലൂടെയും ആയിരിക്കും

രണ്ടും ക്യാഷ് ഓൺ ഡെലിവറി!

രണ്ടുമാസമായി ജഗനാഥൻ

മനസ്സുരുകി പ്രാർത്ഥിക്കുന്നു.

കാലൻ ത്തന്നെ കൈവിടില്ലന്ന

ഉറപ്പ് അയാൾക്കുണ്ട്.

എങ്കിലും എന്താണിത്ര ഡിലേ?


ഈ ഡീലിങ്ങ്സ് നടന്നാൽ ഗോമതിയുടെ

ചിരകാലഭിലാഷമായ ഒരു ജോടി പോത്തുകളെ വാങ്ങണം.

കഴിഞ്ഞ കത്തിലും അവളത് സൂചിപ്പിച്ചിരുന്നു.

ആശൂപത്രിയുടെ കോമ്പൌണ്ടിൽ വണ്ടിയിറങ്ങി

കാഷ്വാലിറ്റിയിലെത്തുന്നതുവരെ

ജഗനാഥന്റെ മനസ്സിൽ ആകാംഷയായിരുന്നു.

ടൈം കീപ്പറുടെ ഇടനാഴിയിലൂടെ

തിടുക്കത്തിൽ അകത്തേക്ക് കടന്നു.

മേഴ്‌സി സിസ്റ്റർ‌ കസേരയിലിരുന്ന്

ഉറക്കം തൂങ്ങുന്നു.

ഒരു ഉറ്റബന്ധുവിന്റെ ആകാംഷയോടെ

അയാൾ ആരാഞ്ഞു

"അല്ല സിസ്റ്ററെ, കാഷ്വാലിറ്റിയിലെ സൂര്യനാരായണൻ......?"

"കഴിഞ്ഞു രാത്രി പത്തരയായപ്പോൾ"

ഗോമതിയുടെ ആദ്യ പ്രസവം അറിഞ്ഞപ്പോൾ

വരെ ജഗന്നാഥന്‍ ഇത്ര സന്തോഷിച്ചിരുന്നില്ല.

"ബോഡി?"

"മോർ‌ച്ചറിയിലേക്ക് മാറ്റി"

നേരെ മോർ‌ച്ചറിയിൽ ചെന്ന്

ആ തൃപ്പാദങ്ങൾ ഒന്നു വന്ദിക്കണം.

കൃത്യം നിർവ്വഹിച്ച്, ചുവരിൽ ഘടിപ്പിച്ചപബ്ലിക്ക്

ടെലിഫോണിന്റെ വായിൽ ഒരു നാണയമിട്ടു.

ഭാഗ്യം!

തന്നെ തേടി വന്ന് കറുത്ത കാർ‌ഡ് തന്ന ആ ദൈവദൂതൻ തന്നെ ലൈനിൽ

“ഇതാ എന്റെ ആദ്യത്തെ ഓർഡർ“

"ആഹാ, ആരാ കക്ഷി?"

ജഗനാഥൻ ജഡത്തിന്റെ മെഡിക്കൽ ഹിസ്റ്ററി വിശദീകരിച്ചു.

"സോറി മിസ്റ്റർ‌ ജഗനാഥൻ, ഇത് മറ്റൊരാൾ വഴി അഡ്വാൻസ് ബുക്കിങ്ങ് നടന്ന കേസ്സാണ്, രണ്ടു മൂന്ന് ദിവസം മുമ്പേ അയാളുടെ ബന്ധുവെന്ന് അവകാശപ്പെടുന്ന ഒരാൾ ശവപ്പെട്ടിയുടെ ക്യാറ്റലോഗും പ്രൈസ് ലിസ്റ്റും വാങ്ങി കൊണ്ട് പോയിരുന്നു. ഇന്നലെ രാത്രി അയാൾ ആ ഓർഡർ കൺഫേം ചെയ്തു. സാരമില്ല ജഗനാഥൻ , ഇനിയും കാത്തിരിക്കൂ, അവസരം വരും......"

വെടി വെയ്ക്കാൻ പോകുമ്പോഴേയ്ക്കും

പക്ഷികളിൽ ഒന്നു പറന്നു പോയ

വേടനെ പോലെ

ജഗനാഥൻ ചുവർചാരി നിന്നു.

പക്ഷികളിലൊന്ന് ഇനിയും ബാക്കിയുണ്ടെന്ന യാഥാർത്ഥ്യം മനസ്സിലാക്കി

സ്വബോധം കൈവരിച്ച് കാർഗോ നമ്പറിൽ വിളിച്ചു.

"മിസ്റ്റർ‌ ജഗനാഥൻ ഇതിൽ ഞങ്ങൾക്കൊന്നും ചെയ്യാൻ കഴിയില്ല. രണ്ടാഴ്ച മുമ്പേ ഇമിഗ്രേഷനിലും എമ്പസിയിലും കൊടുക്കാനുള്ള കടലാസ്സുകളൊക്കെ തീയ്യതിയിടാതെ ശരിയാക്കി വച്ചിരിക്കുകയായിരുന്നു. മരിച്ചയാളുടെ ഒരു ബന്ധുവാണ് ഇതിനു മുൻ കൈ എടുത്തിരിക്കുന്നത്.

ഇനിയും ട്രൈ ചെയ്യൂ....."

പക്ഷികൾ രണ്ടും പറന്നു പോയ

ആഘാതത്തിൽ മറുഭാഗത്തു

ഫോൺ വച്ചത് ജഗനാഥന്‍ അറിഞ്ഞില്ല.

മോർച്ചറിയുടെ വാതിൽക്കൽ ഔദ്യോഗിക വേഷത്തിൽ ‍ വന്നു പോകുന്ന

ബന്ധുമിത്രാദികൾ

ആധുനിക രീതിയിലുള്ള

തറ തുടക്കുന്ന യന്ത്രവുമായി

ജഗനാഥന്‍ ജോലി തുടങ്ങി.

വാർഡുകൾ താണ്ടി,

ഒടുവിൽ സൂര്യനാരായണൻ

കിടന്നിരുന്ന മുറിയിൽ എത്തി..

തറയിൽ വീണുകിടന്നിരുന്ന

ഉണങ്ങിയ ഓറഞ്ച് തൊലികൾ.

അതിനോട് ചേർന്ന്

സൂര്യനാരായണന്റെ തുകൽ ചെരുപ്പുകള്‍!

അപ്പോൾ മരിച്ചവനു വേണ്ടി

ഒന്നുറക്കെ കരയാൻ തോന്നി ജഗനാഥന്.


6 comments:

അജയ്‌ ശ്രീശാന്ത്‌.. said...

്നന്നായിരിക്കുന്നു...
അജിത്ത്‌ ....
താങ്കളുടെ ബ്ലോഗ്‌ അഗ്രഗേറ്ററില്‍ ലിസ്റ്റ്‌ ചെയ്യപ്പെടുന്നില്ല എന്ന്‌ തോന്നുന്നു...
കമന്റ്സ്‌ നോട്ടിഫിക്കേഷന്‍ അഡ്രസ്‌ എന്നിടത്ത്‌ മറുമൊഴികള്‍ അറ്റ്‌ ജി മെയില്‍ ഡോട്ട്‌ കോം എന്ന്‌ പേസ്റ്റ്‌ ചെയ്യൂ...
എന്താ ഇതൊരു കവിത
പോലെ പോസ്റ്റിയത്‌....

മാണിക്യം said...

ജഗനാഥന്റെ
സ്വപ്നങ്ങള്‍ ദിവാസ്വപ്നമായപ്പോള്‍..
മരണവും വേര്‍പാ‍ടും എല്ലാം ബിസ്സിനസ്സ്
ആകുന്നു .എല്ലാം മുന്‍ കൂട്ടി പ്ലാന്‍ ചെയ്യാം അതിലും കമ്മീഷന്‍ ! മനുഷ്യത്വം വിറ്റു പോകുന്നു..
വിത്യസ്തമായ രീതിയില്‍ അവതരിപ്പിച്ച പ്രമേയം
ആശംസകള്‍ ..

നരിക്കുന്നൻ said...

"ദൈവമേ...! ഇന്നെങ്കിലും സൂര്യനാരായണൻ തട്ടിപ്പോകണേ!!
------
അപ്പോൾ മരിച്ചവനു വേണ്ടി

ഒന്നുറക്കെ കരയാൻ തോന്നി ജഗനാഥന്.
----
നല്ല ഒരു കഥ. തകർന്നടിയുന്ന സ്വപ്നങ്ങൾ ഇങ്ങനേയും ഉണ്ടാകാം.

Ajith Nair said...

നന്ദി അമൃത...മാണിക്യം..നരിക്കുന്നൻ..
ഞാൻ എഴുതി സംവിധാനം ചെയ്ത റേഡിയോ സ്ക്രിപ്റ്റുകൾ കേൾക്കാ‍ൻ താല്പര്യമെങ്കിൽ
http://www.4shared.com/file/62313505/dfea584f/Nilaavu_Radio_High_Qlty_Stereo.html

Jayasree Lakshmy Kumar said...

കൊള്ളാം

Sureshkumar Punjhayil said...

I like it ... Best wishes.