Wednesday, 3 December 2008

പത്മരാജന്റെ തൂവാനത്തുമ്പികൾ- ഒന്ന്



ഈ ചിത്രങ്ങൾ കാണുമ്പോൾ ഒരു ശരാശരി മലയാളിക്ക്
എന്താണ് ആദ്യം ഓർമ്മ വരിക?
പത്മരാജനെന്ന പപ്പേട്ടൻ?
മഴ?
ക്ലാര?
ജയകൃഷണൻ?
നാരങ്ങാവെള്ളം ?
വടക്കുംനാഥൻ ക്ഷേത്രം?
പ്രണയം പൂക്കുന്ന കടൽത്തീരത്തെ രാത്രികൾ!

കഴിഞ്ഞ മഴക്കാലത്ത് തലശ്ശേരിയിൽ നിന്നും മടങ്ങുമ്പോൾ
മയ്യഴിപ്പുഴയുടെ തീരത്തെ ഒരു പാലത്തിനരികിൽ കാർ നിർത്തി
പുഴയിൽ മഴ പെയ്യുന്നത് നോക്കി നിൽക്കേ,
സുഹൃത്ത് പറഞ്ഞിരുന്നു
മഴയെന്നാൽ ക്ലാര
ക്ലാരയെന്നാൽ മഴ.

മഴയെക്കുറിച്ച് തേജസ്വിനി എഴുതി..

“മഴയ്ക്ക് താണ്ടുന്ന വഴികള്‍ അറിയില്ല,
കാരണം ഓരോ വഴിയും മഴയ്ക്ക്
അജ്ഞാതം...ഓരോ മഴയും വ്യത്യസ്തങ്ങളാണ്,

മഴയ്ക്ക്
ആവര്‍ത്തിക്കാനാവില്ല..
എന്നാല്‍ കടന്നുപോകുന്ന ഓരോ മഴയേയും വഴികള്‍ക്ക്
മറക്കാനാവില്ലല്ലോ...
വ്യത്യസ്തങ്ങളായ അനുഭവങ്ങളാണ് ഓരോ മഴയും വഴികള്‍ക്ക്
സമ്മാനിക്കുന്നത്... തൃശ്ശൂരിലെ മഴയല്ല, വയനാട്ടിലെ മഴ!!
ജീവിതമാകാം, അനുഭവങ്ങളാകാം, സുഖവും ദു:ഖവുമാകാം...“

1987 ലാണ് തൂവാനതുമ്പികൾ റിലീസ് ആകുന്നത്
21 വർഷങ്ങൾ.
ബുദ്ധിജീവികളൊഴികെ നമ്മളിൽ പലരും ഈ ചിത്രം എത്ര വട്ടം കണ്ടു?
സാധാരണ ഒരു നോവൽ ചലചിത്രമാക്കുമ്പോൾ,
നോവൽ വായിച്ച സുഖം നഷ്ടപ്പെടുന്നത് സാധാ‍രണയാണ്.
വാനപ്രസ്ഥം, തീർത്ഥാടനമായപ്പോൾ അതിന് ഉദാഹരണമാണ്.
കഥാപാത്രങ്ങളുടെ ആത്മഗതങ്ങൾ ചിത്രീകരിക്കുവാനുള്ള
പ്രയാസമാണ് സംവിധായകന്റെ വെല്ലുവിളി.

ഉദകപ്പോള എന്ന മൂലകൃതി വായിക്കുന്നതിനേക്കാൾ അനുഭൂ‍തിയായിരുന്നു, കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ എത്തിയപ്പോൾ.
ഞാൻ പറയട്ടെ…മലയാളത്തിലെ ഒരു ക്ലാസ്സിക്ക് തന്നെയാണ് ഈ ചിത്രം.
എന്റെ ഉൾനാടൻ ഗ്രാമത്തിലെ ഒരു ഫിലിം ക്ലബ്ബിന് വേണ്ടി ഞാനീ സിനിമയുടെ
കാതലായ ഭാഗങ്ങൾ ഉൾപ്പെടുത്തി ഒരു പ്രസന്റേഷൻ ഉണ്ടാക്കിയിരുന്നു. അതിനായി
എഡിറ്റ് ചെയ്ത കുറെ ക്ലിപ്പിംഗ്സ് അടുത്ത പോസ്റ്റിൽ ഇടുന്നതാണ്.
ഞാൻ പങ്കെടുത്ത സിനിമാ ശില്പ ശാലകളിൽ ക്ലാസ്സെടുക്കാൻ വന്ന മലയാളികളായ
പല പ്രഗത്ഭരും, ഈ സിനിമയെക്കുറിച്ച് സംസാരിക്കാതെ, നമുക്ക് അന്യമായ ബംഗാളി ചിത്രങ്ങളെക്കുറിച്ചും, പണ്ടെങ്ങോ ഇംഗ്ലീഷിൽ ഇറങ്ങിയ ‘ ഗോഡ് ഫാദറെ’ ക്കുറിച്ചും ഘോര ഘോരം പ്രശംസിക്കുമ്പോൾ ഞാൻ അറിയാതെ പ്രതികരിച്ചു പോയിട്ടുണ്ട്.

ഇനി വരുന്ന പോസ്റ്റുകൾക്ക് മുന്നോടിയായി, ഈ സിനിമ കണ്ടവർക്കായി ഒരു ചോദ്യം .
അവസാനമായി ക്ലാര വരുന്നത്. തൃശ്ശൂർ റെയിൽ വേ സ്റ്റേഷനിൽ അല്ല…പാലക്കാട് ജംങഷനിലാണ്..??
എഴുതുക…
ക്ലാരയെക്കുറിച്ച്,
ജയദേവനെക്കുറിച്ച്,
മഴയെക്കുറിച്ച്
പപ്പേട്ടന്റെ ക്രാഫ്റ്റിനെക്കുറിച്ച്…
ഒരു പക്ഷെ ‘തങ്ങളെ‘ക്കുറിച്ചാകും നിങ്ങൾ പറയുക.
ബീയാട്രീസിനെ മറക്കരുത്.
ഒരു ചലചിത്ര വിദ്യാർത്ഥിയുടെ കോണിലൂടെ നമുക്ക് ഈ സിനിമയെക്കുറിച്ച് ചർച്ച ചെയ്യാം.

63 comments:

Ajith Nair said...

1987 ലാണ് തൂവാനതുമ്പികൾ റിലീസ് ആകുന്നത്
21 വർഷങ്ങൾ.
ബുദ്ധിജീവികളൊഴികെ നമ്മളിൽ പലരും ഈ ചിത്രം എത്ര വട്ടം കണ്ടു?
സാധാരണ ഒരു നോവൽ ചലചിത്രമാക്കുമ്പോൾ,
നോവൽ വായിച്ച സുഖം നഷ്ടപ്പെടുന്നത് സാധാ‍രണയാണ്.
വാനപ്രസ്ഥം, തീർത്ഥാടനമായപ്പോൾ അതിന് ഉദാഹരണമാണ്.
കഥാപാത്രങ്ങളുടെ ആത്മഗതങ്ങൾ ചിത്രീകരിക്കുവാനുള്ള
പ്രയാസമാണ് സംവിധായകന്റെ വെല്ലുവിളി.

തോമാച്ചന്‍™|thomachan™ said...

പല വട്ടം കണ്ടതാനെന്കിലും തൂവന തുമ്പികളും നമുക്കു പാര്‍ക്കാന്‍ മുന്തിരി തോപ്പുകളും ഒന്നും മറക്കാന്‍ പറ്റാത്ത ചലച്ചിത്ര അനുഭവങ്ങള്‍ ആണ്. കണ്ട കൂതറ പടങ്ങളുടെ മൊത്തം authorized CD ഇറക്കുന്ന moserbaer എന്തെ ഇതു പോലെ ഉള്ള cinema കളെ മറകുന്നു എന്ന് മനസ്സില്‍ ആകുനില്ല. എറണാകുളത്തും കൊഴികൊടും ബന്ങലുരും ഒക്കെ ഞാന്‍ ഈ movies ഇന്റെ CD തപിയതാ, കിട്ടിയില്ല . എന്തിന് ഒരു torrent പോലും കാണാന്‍ ഇല്ല :(

ശ്രീ said...

അജിത്തേട്ടാ...

ആദ്യമായി കണ്ടപ്പോള്‍ (മൂന്നിലോ നാലിലോ പഠിയ്ക്കുമ്പോള്‍)കാര്യമായി ഇഷ്ടപ്പെടാതിരുന്നതും എന്നാല്‍ ഓരോ തവണ കാണും തോറും കൂടുതല്‍ കൂടുതല്‍ ഇഷ്ടമായതുമായ ഒന്നാണ് എന്നെ സംബന്ധിച്ചിടത്തോളം തൂവാനത്തുമ്പികള്‍.

അതിലെ ജയകൃഷ്ണനെ മറക്കാനേ കഴിയില്ല.

തുടരൂ...

Ajith Nair said...

നന്ദി തോമാച്ചൻ..നന്ദി ശ്രീ..ഏഷ്യാനെറ്റ് ഈ സിനിമ ഒരു പാട് തവണ സംപ്രേക്ഷണം ചെയ്തിരുന്നു.Waves Digital Video എന്ന കമ്പനിയാണ് ഇതിന്റെ വി.സി.ഡി. ഇറക്കിയിരിക്കുന്നത്.

Kichu Vallivattom said...

ഞാന്‍ ഈ സിനിമ രണ്ടോ മൂന്നോ പ്രാവശ്യം മാത്രമേ കണ്ടിട്ടുള്ളു. തൂവാനതുമ്പികള്‍ എന്നു കേള്‍ക്കുമ്പോള്‍ എനിക്ക് ആദ്യം മനസ്സില്‍ എത്തുന്നത്‌ മഴയും കടലും ആണ്..
പലപ്പോഴും മഴ കാണുമ്പോള്‍ എനിക്ക് തൂവാനത്തുമ്പികള്‍ ഓര്‍മ്മ വരാറുണ്ട്..
ക്ലാരയെയും ജയകൃഷ്ണനെയും ഒരിക്കലും മറക്കാനാവില്ല.. വീണ്ടും ഒരു വട്ടം കൂടി ഓര്‍മ്മിപ്പിച്ചതിനു നന്ദി..

Sarija NS said...

മഴ പോലെ മനോഹരമായ ഒരു സിനിമ. വളരെ കൃത്യമായി തിരഞ്ഞെടുത്ത അഭിനേതാക്കള്‍. പെയ്തൊഴിയാതെ നില്‍ക്കുന്ന ഒരു മഴയാണ് ആ സിനിമ എനിക്കിന്നും

ഉപാസന || Upasana said...

മാഷെ,

തൂവാനത്തുമ്പികള്‍ എന്റേയും പ്രിയപ്പെട്ട പടമാണ്.
:-)
ഉപാസന

മുസാഫിര്‍ said...

പത്മരാജന്റെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പടങ്ങളില്‍ ഒന്ന്.

കൃഷ്‌ണ.തൃഷ്‌ണ said...

ഒരു ചെറുകഥ വായിക്കുന്നതുപോലെയാണ് പത്മരാജന്റെ ഓരോ പടങ്ങളും‌ കണ്ടവസാനിപ്പിക്കുന്നത്. ഓര്‍മ്മക്കുള്ളില്‍ ‌ഒരിടമൊരുക്കാത്ത ഏതു ചിത്രമാണ് അദ്ദേഹം‌ ചെയ്തിട്ടുള്ളത്. മദ്യപ്പിക്കുമ്പോഴൊക്കെ ഒരു ഹരം‌ പോലെ ഈ ചിത്രം‌ കണ്ടിരുന്ന ഒരു തൃശ്ശൂര്‍‌ക്കാരന്‍‌ സുഹൃത്ത്‌ എനിക്കുണ്ടായിരുന്നു. വര‌ഷങ്ങള്‍‌ക്കു മുന്‍പ് ആദ്യമായി ഡി. വി. ഡി റൈറ്റര്‍‌ ഉള്ള കമ്പ്യൂട്ടര്‍‌ വാങ്ങിയപ്പോള്‍ എന്റെ സുഹൃത്ത്‌ ആദ്യം‌ പറഞ്ഞത് തൂവാനത്തുമ്പികള്‍ ഒരു ഡി. വി. ഡിയിലാക്കിക്കൊടുക്കണമെന്നാണ്. വിധിവൈപരീത്യമെന്നു പറയട്ടെ, ആ സുഹൃത്ത് ഇന്ന്‌ ഈ ഭൂമിയിലില്ല. അവന്‍‌ ബൈക്ക്‌ അപകടത്തില്‍‌ മരിച്ച വിവരം‌ അറിഞ്ഞപ്പോള്‍ എന്റെ ചിന്തയില്‍‌ വന്നത്‌ അവന്‍‌ ആയിരത്തിലധികം‌ തവണ കണ്ടവസാനിപ്പിച്ച തൂവാനത്തുമ്പികളായിരുന്നു. മനസ്സില്‍‌ സ്വയം‌ ജയകൃഷ്ണനായി മാറിയ തൃശ്ശൂര്‍‌ക്കാരന്‍‌ സുഹൃത്തിനെ ഈ പോസ്റ്റ് ഒരിക്കല്‍‌കൂടി ഓര്‍‌മ്മിപ്പിച്ചു. ജീവിതത്തില്‍‌ എത്ര ആകസ്‌മികമായാണ് ച്സിലര്‍‌ കടന്നുവരുന്നത്..ക്ലാരയെപ്പോലെ....

നിരക്ഷരൻ said...

അജിത്ത് എന്റെ പ്രൊഫൈല്‍ കണ്ടിട്ടില്ലേ ?

ഇഷ്ടപ്പെട്ട സിനിമ - തൂവാനത്തുമ്പികള്‍ എന്ന് അതില്‍ കാണാം.

മഴയെന്നാല്‍ ക്ലാര
ക്ലാരയെന്നാല്‍ പപ്പേട്ടന്‍
ജയകൃഷ്ണനെന്നാല്‍ പപ്പേട്ടന്‍
പപ്പേട്ടനെന്നാല്‍ മലയാള സിനിമയുടെ ക്ലാസിക്‍ സിനിമാക്കാരന്‍.

മലയാള സിനിമയെന്നാല്‍ എനിക്കിന്നും പപ്പേട്ടന്‍ തന്നെയാണ്. തോമാച്ചന്‍ പറഞ്ഞതുപോലെ തൂവാനത്തുമ്പികളുടെ സി.ഡി തപ്പി ഞാനും കുറേ നടന്നിട്ടുണ്ട്. അവസാനം എനിക്കത് കിട്ടുകയും ചെയ്തു. ഒരു നിധിപോലെ ഞാനത് സൂക്ഷിച്ച് വെച്ചിട്ടുണ്ട്.

ചിത്രത്തിന്റെ മനോഹാരിത കഥയിലും, തിരക്കഥയിലും , കഥാപാത്രങ്ങളിലും ,സംവിധാനത്തിലും മാത്രം ഒതുങ്ങി നില്‍ക്കുന്നില്ല.

അതിന്റെ ബാക്‍ഗ്രൌണ്ട് സ്കോര്‍ ശ്രദ്ധിച്ചുകാണുമല്ലോ ? പാര്‍വ്വതിയുടേയും, സുമലതയുടേയും കഥാപാത്രങ്ങള്‍ കടന്നുവരുമ്പോള്‍ പശ്ചാത്തല സംഗീതത്തിലുള്ള വ്യത്യാസം എടുത്ത് പറയേണ്ടതാണ്.(ലസ്റ്റ് & ലവ് സംഗീതത്തില്‍ പ്രതിഫലിക്കുന്നുണ്ട്)

ക്ലൈമാക്സില്‍ ഈ രണ്ടുകഥാപാത്രങ്ങള്‍ പുറകെപ്പുറകെ കടന്നുവരുമ്പോള്‍ പശ്ചാത്തല സംഗീതം ഒന്നു ശ്രദ്ധിച്ച് നോക്കൂ. അതിമനോഹരമാണത്.

ഈ വിഷയം ചര്‍ച്ചയ്ക്കിട്ടതിന് എങ്ങിനെയാണ് അജിത്തിന് നന്ദി പറയേണ്ടതെന്നറിയില്ല.

ഇതുകഴിഞ്ഞാല്‍ നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, പിന്നെ നൊമ്പരത്തിപ്പൂവ്, അങ്ങിനെ പപ്പേട്ടന്റെ ചിത്രങ്ങളെല്ലാം ചര്‍ച്ചാവിഷയമാക്കാന്‍ ശ്രമിക്കണേ.

പാമരന്‍ said...

എന്‍റെയും ഏറ്റവും പ്രിയപ്പെട്ട മലയാളചിത്രം.

മഴയെന്നാല്‍ ക്ളാര, ക്ളാരയെന്നാല്‍ മഴ.. അദെന്നെ!

പാമരന്‍ said...

പറയാന്‍ മറന്നു.

തൂവാനത്തുമ്പികളും കൂട്ടിയാണു 2-3 കൊല്ലം എന്നും ഭക്ഷണം കഴിച്ചിരുന്നത്‌. അതോണ്ട്‌ ഏറ്റവും അധികം തവണ കണ്ടതിനുള്ള അവാര്‍ഡുണ്ടെങ്കില്‍ എനിക്കു തന്നെ തരണേ..

പിന്നെ ഉദകപ്പോളയിലെ ജയകൃഷ്ണന്‍ തൂവാനത്തുമ്പികളിലെ ജയകൃഷ്ണന്‍റെ നിഴലുമാത്രം.

Roby said...

ഒരിക്കൽ പോലും ഞാനിത് മുഴുവനായി ഒറ്റയിരിപ്പിൽ കണ്ടിട്ടില്ല...:)

പൈങ്കിളിയോട് വളരെ അടുത്ത് നിൽക്കുന്ന പ്രമേയം. ചില രംഗങ്ങളിലെ മോഹൻ‌ലാലിന്റെ സൂക്ഷ്മാഭിനയം ഒഴികെ ഒന്നുമില്ല എനിക്കിതിൽ.

21 വർഷം കഴിഞ്ഞു. പലരും പലതവണ പറഞ്ഞു. But, what was the point?
Lust, mysterious elements in some characters..?
That doesnt maka a film great.
I dont see any good 'cinema' in this.

തേജസ്വിനി said...

അക്ഷരങ്ങള്‍ ഉപയോഗിച്ചത് കണ്ടപ്പോള്‍....എന്താണു ഏട്ടനോട് പറയേണ്ടത്
എന്ന വേവലാതി...

ഭഗാവാനെ കാണാന്‍ ഒരുപിടി അവിലുമായി ചെന്ന കുചേലന് പറയാന്‍ ഒരുപാടൊന്നുമുണ്ടായിരുന്നില്ലല്ലോ....കൃഷ്ണന് ഒരൂപാടുണ്ടായിരുന്നു...

ചിലര്‍ ഒരു വേനല്‍ക്കാലമഴ പോലെ കടന്നുവരും, പോകും...
പക്ഷേ, അവര്‍ നല്‍കിയ സാന്ത്വനം, സന്തോഷം, സ്നേഹം എല്ലാം പെയ്യാത്ത മേഘം പോലെ ജീവിതകാലം മുഴുവന്‍ തളം കെട്ടി നില്‍ക്കും, ഒരിക്കലും പെയ്തൊഴിയാതെ...
ക്ലാര മനസ്സിലുണ്ടാക്കിയ ഒരു വിങ്ങലുണ്ട്!!!
മഴയില്‍,
മഴ പോലെ കടന്നുവന്ന്
പെയ്ത്
ഒഴുകിയ വഴികളില്‍ നനവേല്‍പ്പിക്കാതെ
മഴ പോലെ മറഞ്ഞുപോയവള്‍...
അവള്‍ മനസ്സില്‍ സന്നിവേശിപ്പിക്കുന്ന ദൃശ്യങ്ങളില്‍ മഴയുടെ സൌന്ദര്യമുണ്ട്...വേദനയും.
മഴയ്ക്ക് ഭൂമിയില്‍ നില്‍ക്കാനാവില്ല, ആഗ്രഹമുണ്ടെങ്കിലും..ക്ലാര ഓര്‍മ്മിപ്പിക്കുന്നതും അതുതന്നെ എന്നു തോന്നുന്നു..

തൂവാനത്തുമ്പികളിലെ ഓരോ വേഷങ്ങള്‍ക്കും വ്യക്തിത്വമുണ്ട്....നിലനില്‍പ്പും..
അതുകൊണ്ടുതന്നെ ബിയാറ്റ്രീസിനെപ്പോലും നമുക്കു മറക്കാന്‍ കഴിയില്ല...

പപ്പേട്ടന്റെ ക്രാഫ്റ്റ് നിര്‍വ്വചിക്കാന്‍ വാക്കുകള്‍ക്കാവ്വോ....അറിയില്ല...
മരണം ഏല്‍പ്പിക്കുന്ന വിടവുകള്‍ മരണം പോലും അറിയുന്നില്ലല്ലൊ..

Unknown said...

Ajithetta...
RANDU VARSHAM MUNPANU NJAN EE MOVIE AADYAM KANDATHU...VALLATHORU NOSTALGIA AAYIRUNNU ATHU...NASHTAPEDALINTE VEDANAYUM SNEHATHINTE THEEVRATHAYUM ELLAM CHERNNU PREKSHAKARUDE MANASSINTE KONILEVIDEYO ORU ASWASTHADA SRISHTICHU KONDU SWAYAM NASHTTAPETTA KURE KATHAPATHRANGAL...
AA RAILWAYSTATION KAZCHA MOONNU JEEVITHANGALKKU GATHI NIRNAYIKKUMPOL ENTHO MANASSIL ORU LAGHAVAM THONNI...
THANK YOU....

Ajith Nair said...

എല്ലാവര്‍ക്കും നന്ദി...മനോജെ, കിച്ചു, മറ്റെല്ലാവരോടും, അടുത്ത പോസ്റ്റില്‍ തൂവാനതുമ്പികളുടെ ട്രീറ്റ്മെന്‍റ്റിനെ കുറിച്ചാണ് നമുക്ക് സംസാരിക്കേണ്ടത്....ആ ചിത്രം ഒന്നു കൂടി കാണുക....അതിന്‍റെ തീം മ്യൂസിക് എത്ര പേര്‍ ശ്രദ്ധിച്ച് കാണുമെന്ന് എനിക്കറിയില്ല..
തേജസ്വിനി...
ക്ലാര മനസ്സിലുണ്ടാക്കിയ ഒരു വിങ്ങലുണ്ട്!!!
തൂവാനത്തുമ്പികളിലെ ഓരോ വേഷങ്ങള്‍ക്കും വ്യക്തിത്വമുണ്ട്....നിലനില്‍പ്പും..

മാണിക്യം said...

രാവിലെ സ്മരണികയില്‍ എത്തി.
പ്രീയപ്പെട്ട പപ്പേട്ടന്റെ തൂവാനതുമ്പികള്‍ ..
വായിച്ചപ്പോള്‍ എന്തോ ഒരു ഉന്മേഷം! ...

മനസ്സ് വീണ്ടും മഴയിലേക്ക്
അതോ മനസ്സിലേക്ക് ഒരു മഴയൊ?

സുമലത ക്ലാര ആയപ്പൊള്‍ പിഴവുകള്‍ ചൂണ്ടിക്കാട്ടാനില്ലാത്ത അഭിനയം തന്നെ ആയിരുന്നു ...
ഇത്തരം ഒരു സംജക്‍റ്റ് ഇത്ര സുന്ദരമായി അവതരിപ്പിച്ചു എന്നതാണ് ചിത്രത്തിന്റെ മനോഹാരിത..
അന്ന് ആദ്യമായി പടം കണ്ടപ്പോള്‍ തന്നെ ഒരു അനുഭൂതി ആയിരുന്നു.
പിന്നെ എത്ര വട്ടം കണ്ടു എന്നറിയില്ല....

മഴയെ ഒരു കഥാപാത്രം ആക്കി പപ്പേട്ടന്‍ അവതരിപ്പിച്ച പോലെ തോന്നിയിട്ടുണ്ട്..‍
♪♪ഒന്നാം രാഗം പാടി ♪♪
♪♪മേഘം പൂത്തു തുടങ്ങി♪♪
ഇന്നും ആദ്യം കെട്ടപ്പോള്‍ തോന്നിയതിനേക്കാള്‍ കൂടുതല്‍ ഇഷ്ടത്തോട് ആ പട്ടുകള്‍ ആസ്വദിക്കാന്‍ കഴിയുന്നു....

സുധി നന്ദി ,
ഓര്‍മ്മകള്‍ ഒന്നുംകൂടി പുതുക്കി തന്നതിന്...

Anonymous said...

ബാബു നമ്പൂരീടെ റോളും തകര്‍പ്പന്‍..
ആദ്യമായാണെന്ന് തോന്നുന്നു മലയാളത്തില്‍ ഇങ്ങനെ ഒരു കഥാപാത്രം

സുനില്‍
ggn

അനില്‍ശ്രീ... said...

പലരുടെയും കമന്റുകള്‍ എന്നതില്‍ കവിഞ്ഞ്, ഇത് ഒരു ചര്‍ച്ച എന്ന ലെവലില്‍ വരാത്തതില്‍ വിഷമം തോന്നുന്നു. റോബി പറഞ്ഞതിന് ഒരു മറുപടി പോലും അജിത് പറഞ്ഞു കണ്ടില്ല. ഇത് ഒരു നല്ല സിനിമ എന്നതില്‍ കവിഞ്ഞ് "മഹത്തരം" എന്നൊന്നും വിശേഷിപ്പിക്കേണ്ട എന്ന് തോന്നുന്നു. തങ്ങള്‍ എന്ന കഥാപാത്രം മലയാള സിനിമയില്‍ ആദ്യമാണെന്നൊക്കെ പറയുന്നത് മറ്റു സിനിമകള്‍ കണ്ടിട്ടില്ല എന്നതിന്റെ തെളിവാണല്ലോ സുഹൃത്തേ.

സമാനമായ കഥകള്‍ പലതും വന്നിട്ടുണ്ട്. അവതരണത്തില്‍ മാത്രമാണ് ഇതിന് പെര്‍ഫെക്ഷന്‍ എന്ന് തോന്നുന്നു. പിന്നെ ഒരു കാര്യം, ഇങ്ങനെ ഒരു ചര്‍ച്ചയില്‍ അഭിപ്രായം പറയണമെങ്കില്‍ ആ പടം ഒന്നു കൂടി കാണണം. കാരണം മുഴുവന്‍ കണ്ടിട്ട് ഒരുപാട് കാലമായി.

അഭിപ്രായങ്ങള്‍ വന്നത് മോഡറേറ്റ് ചെയ്യപ്പെട്ടതാണോ?

Ajith Nair said...

അനിൽ, മാണിക്കം, ബിൻസി,റോബി, പാമരൻ എല്ലാവർക്കും നന്ദി. റോബി പറഞ്ഞത് റോബിയുടെ ആസ്വാദനത്തിന്റെ നിലവാരമനുസ്സരിച്ചായിരിക്കാം..കലയ്ക്ക് അളവുകോൽ ഇല്ലാത്ത സ്ഥിതിയ്ക്ക്, ഒരു ഉത്തമ സൃഷ്ടി എങ്ങിനെയായിരിക്കണമെന്ന് നിർവ്വചിക്കാൻ പ്രയാസമാണെന്ന് കരുതുന്നു..വരും പോസ്റ്റുകളിൽ തൂവാനത്തുമ്പികളിലെ തിരക്കഥയുടെ ക്രാഫ്റ്റും, ചിത്രത്തിന്റെ എറ്റവും ശ്രദ്ധേയമായ പശ്ചാത്തല സംഗീതവും മറ്റൂള്ള ഘടകങ്ങളും നമുക്ക് ചർച്ച ചെയ്യാം..തൂവാനത്തുമ്പികൾ ഒരു unique സിനിമയെന്നാണ് പറയാ‍ൻ ആഗ്രഹിക്കുന്നത്..ഒന്നും മറ്റൊന്ന് പോലെ ആകില്ലല്ലോ, എങ്കിലും ? അഭിപ്രായങ്ങളെ മാനിക്കുന്നു.. സാങ്കേതികമായി കുറെ പരിമിതികളുള്ള, കാഴചവിസ്മയത്തിന്, സിനിമാസ്കോപ്പുപോലുമല്ലാത്ത ഒരു സിനിമയാണിത്. ഈ സിനിമയുടെ പ്രത്യേകതകളാണ് ചർച്ചചെയ്യാൻ ആഗ്രഹിക്കുന്നത്.
തങ്ങൾ എന്ന കഥാപാത്രത്തിന് സമാനമായവ ഓർക്കുന്നുവെങ്കിൽ ദയവായി എഴുതുക

Unknown said...

തൂവാനത്തുമ്പികള്‍ മുഴുവനായി കണ്ടത് വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നു. കഥാപാത്രങ്ങള്‍ പലതും മനസ്സില്‍ നിന്നും മാഞ്ഞുപോയെന്കിലും ജയകൃഷ്ണന്‍, ക്ലാര ഇവര്‍ ഇന്നും മായാതെ നില്‍ക്കുന്നു. കൂടെ "മഴ" എന്ന മനോഹര കഥാപാത്രവും. കഥയുടെ കരുത്ത്‌, വിഷയത്തിന്റെ പുതുമ, പിന്നെ സംവിധാനം, അഭിനയം, സംഗീതം ഇവയുടെ പൂര്‍ണത, ഇതൊക്കെയായിട്ടു കൂടി വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയത് എന്തുകൊണ്ടാണെന്ന് ഇന്നും അവ്യക്തം.. സിനിമ ലോകത്തേക്ക് കാലെടുത്തു വെക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരുത്തനും തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രം.

പെരുമ്പാവൂര്‍ ജി രവീന്ദ്രനാദിന്റെ സംഗീത സ്പര്‍ശം (ഒന്നാം രാഗം പാടി...., മേഘം പൂത്തു തുടങ്ങി...) എടുത്തു പറയേണ്ടുന്ന മറ്റൊരു പ്രത്യേകതയാണ്. ഞാനും കാത്തിരിക്കുന്നു കൂടുതലായി ഈ ചിത്രതെപ്പറ്റിയുള്ള ചര്‍ച്ചക്കായി..

smitha adharsh said...

ഇതു എന്റെയും പ്രിയപ്പെട്ട ചിത്രങ്ങളില്‍ ഒന്ന്..കണ്ടാല്‍ മനസ്സിലാകാത്ത പ്രായത്തില്‍ കണ്ടു തുടങ്ങിയ ഈ ചിത്രം ഇപ്പോഴും കാണുമ്പോള്‍,ആദ്യമായിക്കാണുന്ന ഒരു "ഫീല്‍" ശരിക്കും മനസ്സില്‍ തൊടുന്ന ഭാവങ്ങള്‍ അപ്പാടെ പകര്‍ത്തിയത്.നിര്‍ഭാഗ്യമെന്നു പറയട്ടെ.."ഉദകപ്പോള" വായിക്കാന്‍ എനിക്കൊരു അവസരം കിട്ടിയിട്ടില്ല.

ജെ പി വെട്ടിയാട്ടില്‍ said...

പഴയകാലങ്ങളിലേക്ക് ഓര്‍മ്മകള്‍ പോയി........
നല്ല എഴുത്ത്........
വായിക്കാന്‍ സുഖം..........

നന്മകള്‍ നേരുന്നു

തേജസ്വിനി said...

നിരക്ഷരന്‍ പറഞ്ഞതുപോലെ തൂവാനത്തുമ്പികളിലെ ബാക്ക് ഗ്രൌണ്ട് സ്കോര്‍ മനോഹരം തന്നെയായിരുന്നു, അതില്‍ നിറഞ്ഞുനിന്ന മഴ പോലെ..
പിന്നെ റൊബീ, can u plz explain wht does make a cinema gud??? And wht mysterious things did u find in that film???? നിഗൂഡ്ഡത എവിടെ...ക്ലാര വരുമ്പോള്‍ മഴ പെയ്യുന്നതോ?? ക്ലാരയൂടെ മനസ്സോ??? എനിക്കൊന്നും കാണാനായില്ല...ചില ബന്ധങ്ങള്‍ അവശേഷിപ്പിക്കുന്ന, പ്രതിഫലിപ്പിക്കുന്ന വികാരങ്ങള്‍, അന്ത:സ്സംഘര്‍ഷങ്ങള്‍....പിന്നെ, വെറും തൃഷ്ണയില്‍ നിന്നും വേറിട്ടുനില്‍ക്കുന്ന പവിത്രമായ ബന്ധം..അതില്‍ ശരീരത്തിന് വലിയ പ്രാധാന്യമില്ലെന്നുതോന്നൂന്നു...മനസ്സിന്റെ ആഴങ്ങളില്‍ ഇറങ്ങിച്ചെന്ന് പിന്നീട് പറിച്ചെറിയാനാകാതെ അന്ത്യമൊരു യാത്ര.....വളവുതിരിഞ്ഞുപോകുന്ന തീവണ്ടിയെ നോക്കി കൈവീശി യാത്ര പറഞ്ഞ് തിരീഞ്ഞുനോക്കുന്ന ജയന്‍ കാണുന്ന രാധയുടെ വലിയ കണ്ണൂകളിലെ ആശ്വാസം നമുക്ക് നല്‍കുന്നത് അസ്വസ്ഥത തന്നെയല്ലേ?
അതുതന്നെയാണ് ഒരു നല്ല സിനിമ, പ്രേക്ഷകന് എന്തെങ്കിലൂമൊക്കെ നല്‍കുക...കാലമേറെ കഴിഞ്ഞും ഇന്നൂം മലയാളികള്‍ മനസ്സില്‍ സൂക്ഷിക്കുന്ന ഒരു നല്ല സിനിമ തന്നെയാണ് തൂവാനത്തുമ്പികള്‍!!!!

Ranjith chemmad / ചെമ്മാടൻ said...

അജിത്,
ഒരു നല്ല തുടക്കം...

തൂവാനതുമ്പികൾ ഒരു പാട് വര്‍ഷം മുന്‍പ് കണ്ടതാണ്!!! ഈയടുത്ത് ഏഷ്യാനെറ്റില്‍ വന്നപ്പോഴും
തിരക്കു കാരണം കുറച്ചു ഭാഗം മാത്രമേ കാണാന്‍ കഴിഞ്ഞുള്ളൂ....
ചര്‍ച്ചകളിലൂടെ ഉരുത്തിരിയുന്നതു വായിച്ചു അടുത്ത തവണ നാട്ടില്‍ ചെല്ലുമ്പോള്‍
ഒന്നു മനസ്സിരുത്തി കാണണം...
നന്ദി, വേറിട്ടൊരു ചിന്തയ്ക്ക്!!!

മാണിക്യം said...

തൂവാനതുമ്പികളിലെ തങ്ങള്‍ എന്ന കഥാപാത്രം ..

ബാബു നമ്പൂതിരിയുടെ നല്ല ഒരു കഥപാത്രം
എന്നു വച്ചാല്‍ വിത്യസ്തം
അയാള്‍ക്കും ഒരു വ്യക്തിത്വം ഉണ്ട്
ക്രൂരന്‍ അല്ല എന്നല്‍ പാവവും അല്ല
മിതമായ ഭാവങ്ങള്‍‌‌ ‌‌ ..പറ്റിയ രൂപം

ഈ സിനിമയിലെ താരങ്ങളെ തിരഞ്ഞെടുത്തതില്‍ പത്മരാജന്‍ തികച്ചും വിജയിച്ചു..

അയാള്‍,തങ്ങള്‍ ജയകൃഷ്ണന്റെ തറവാട്ടിലെക്ക് വരുന്ന രംഗം ഒര്‍ക്കുക....മദര്‍ സുപീരിയറിനു ഒരു കത്തെഴുതിക്കൊടുക്കാന്‍ പറഞ്ഞ് അതൊന്നു മാത്രം മതി തങ്ങള്‍ എന്ന കഥാപാത്രത്തെ പ്രേഷക മനസ്സിന്റെ ആഴങ്ങളില്‍ മുദ്രണം ചെയ്യാന്‍

Roby said...

തേജസ്വിനി, എന്താണ് ഒരു സിനിമയെ നല്ലതാക്കുന്നത് എന്നും എന്താണ് നല്ല സിനിമയെന്നുമൊക്കെ വാക്കുകളിൽ വിശദീകരിക്കാനെളുപ്പമല്ലെനിക്ക്. എന്റെ കാഴ്ചാശീലങ്ങളിലൂടെ രൂപപ്പെട്ടുവന്ന സെൻസിബിലിറ്റിക്ക് അത് മനസ്സിലാക്കാനാകും എന്നു മാത്രം. ഒരു സിനിമയെ വിലയിരുത്തുമ്പോൾ ഇതുവരെയുള്ള ചലചിത്രച്ചരിത്രവും(എനിക്കറിവുള്ളത്) മഹാന്മാരായ ചലചിത്രകാരന്മാർ നമ്മുടെ മുന്നിൽ വെച്ചുപോയ മാതൃകകളുടെയുമെല്ലാം വെളിച്ചത്തിലാണ് ഞാനതിനു ശ്രമിക്കുക. ആ വെളിച്ചത്തിലാണ് ഈ സിനിമ ഒരു ആവറേജ് സിനിമ മാത്രമാണെന്ന് പറഞ്ഞത്.

ഇവിടെ മിസ്റ്ററി ക്ലാരയുടെയും ജയകൃഷ്ണന്റെയും പ്രിഫറൻസുകളിലാണ്.

Unknown said...

തൂവാനത്തുമ്പികള് ഒരു ലോകോത്തര സിനിമയല്ല. നമുക്ക് ആ സിനിമയെ മറ്റുള്ളവയുമായി താരതമ്യം ചെയ്യാതെ,അതിഭാവുകത്വം ഇല്ലാതെ
നമ്മുടെ മണ്ണിലെ ഒരു കഥ പറഞ്ഞ സിനിമയെന്ന് കരുതി മുന്നോട്ട് നീങ്ങാം. ലോകസിനിമയുടെ തുടക്കം മുതലുള്ള മിക്കവാറും ചിത്രങ്ങള് കാണാനും ചര്ച്ചചെയ്യാനുമുള്ള ഭാഗ്യവും നിര്ഭാഗ്യവും ഉണ്ടായിട്ടുണ്ട്..സിനിമക്ക് അതിര് വരമ്പുകളില്ല..ഷാജി കൈലാസ് എടുക്കുന്നതും സിനിമയാണ്..റോബി പറയുന്നു [ഇതുവരെയുള്ള ചലചിത്രച്ചരിത്രവും(എനിക്കറിവുള്ളത്) മഹാന്മാരായ ചലചിത്രകാരന്മാർ നമ്മുടെ മുന്നിൽ വെച്ചുപോയ മാതൃകകളുടെയുമെല്ലാം വെളിച്ചത്തിലാണ് ഞാനതിനു ശ്രമിക്കുക. ആ വെളിച്ചത്തിലാണ് ഈ സിനിമ ഒരു ആവറേജ് സിനിമ മാത്രമാണെന്ന് പറഞ്ഞത് ] ഇതില് 'മാത്യക 'എന്ന് പറയുന്ന ഒന്നില്ലെന്ന് ഞാന് വിശ്വസിക്കുന്നു. നാളെ റോബി ഒരു സിനിമയെടുക്കുകയാണെന്കില് Alfred Hitchcock നെ മാത്യകയാക്കി വിലയിരുത്താന് കഴിയുമോ? സിനിമ ഒരു സ്വത്രന്ത കലയാണ്..
"Film as dream, film as music. No art passes our conscience in the way film does, and goes directly to our feelings, deep down into the dark rooms of our souls." - Ingmar Bergman.
ഇദ്ദേഹം പറയുന്നതല്ലേ ശരി !!
ഒരു ചിത്രം കാണുന്നതും വിലയിരുത്തുന്നതും ഈ രീതിയില് പോരെ? അതും പരിമിതികളുള്ള ഒരു മലയാള സിനിമയില്..ഒരു സിനിമയുടെ വാണിജ്യ ഘടകവും..ജനകീയ സ്വഭാവവും ഞാന് എപ്പോഴും മാനിക്കുന്നു..'കിലുക്കം' കണ്ട് കുലുങ്ങി ചിരിച്ചവരും , ജനകീയ സിനിമയായ ' മണിച്ചിത്രത്താഴ് 'കണ്ട് വണ്ടര് അടിച്ചു നിന്നവരും ' മേഘമല് ഹാര് ' കണ്ടിട്ട് ഇങ്ങനെയൊന്ന് പ്രണയിക്കാന് തോന്നിയവരും അതൊന്നും സിനിമയല്ലെന്ന് പിന്നീട് പറയുന്നു!!!
ചര്‍ച്ച സജീവമാകട്ടെ...മനോജും അനിലുമൊക്കെ രംഗത്ത് വരട്ടേ...

Ajith Nair said...

നന്ദി റോബി..നന്ദി തേജസ്വിനി...മാണിക്കം..

വളവുതിരിഞ്ഞുപോകുന്ന തീവണ്ടിയെ നോക്കി കൈവീശി യാത്ര പറഞ്ഞ് തിരീഞ്ഞുനോക്കുന്ന ജയന്‍ കാണുന്ന രാധയുടെ വലിയ കണ്ണൂകളിലെ ആശ്വാസം നമുക്ക് നല്‍കുന്നത് അസ്വസ്ഥത തന്നെയല്ലേ? -തേജസ്വിനി...

കാഴ്ചാശീലങ്ങളിലൂടെ
രൂപപ്പെട്ടുവന്ന സെൻസിബിലിറ്റിക്ക് അത് മനസ്സിലാക്കാനാകും എന്നു മാത്രം !!-റോബി

ബാബു നമ്പൂതിരിയുടെ നല്ല ഒരു കഥപാത്രം
എന്നു വച്ചാല്‍ വിത്യസ്തം
അയാള്‍ക്കും ഒരു വ്യക്തിത്വം ഉണ്ട്
ക്രൂരന്‍ അല്ല എന്നല്‍ പാവവും അല്ല
മിതമായ ഭാവങ്ങള്‍‌‌ ‌‌ ..പറ്റിയ രൂപം
ഇത്തര കഥാപാത്രങ്ങള്‍ വളരെക്കുറച്ചെ നാം കണ്ടിട്ടുള്ളൂ...ഒന്നുകില്‍ ചിത്രീകരിച്ചു വരുമ്പോള്‍ അങ്ങനെയുള്ളവര്‍ വില്ലന്മാര്‍ ആയിപ്പോകും..ശരിയാണ് മാണിക്യം
അയാള്‍ക്കും ഒരു വ്യക്തിത്വം ഉണ്ട്
ക്രൂരന്‍ അല്ല എന്നല്‍ പാവവും അല്ല
മിതമായ ഭാവങ്ങള്‍‌‌ ‌‌ ..പറ്റിയ രൂപം

മനോജ് , അനില്‍, ശ്രീ, പാമരന്‍, കിച്ചു, എല്ലാവരും ഈ വഴിക്ക് പോകുമ്പോള്‍ ഒന്നു കയറുക..തോമാച്ചാ സി.ഡി.കിട്ടിയോ?

മാളൂ said...

റോബി said...
ഒരിക്കൽ പോലും ഞാനിത് മുഴുവനായി ഒറ്റയിരിപ്പിൽ കണ്ടിട്ടില്ല...:)

ഞാന്‍ ഒരിക്കലും ഒരു രതി മുഴുമിച്ചിട്ടില്ല എന്നു പറയുന്നപോലെ
പിന്നെ എങ്ങിനെ ഈ ചിത്രത്തെ വിലയിരുത്താന്‍ പറ്റും? ഒരു സ്ത്രീയുടെ മനസ്സിന്‍റെ നേര്‍ ത്ത പാട മെല്ലെ നീക്കുന്ന ജയകൃഷ്ണന്‍..പപ്പേട്ടന്‍റെ മാന്ത്രിക സ്പര്‍ശം...സുമലത അഭിനയിച്ചില്ല, ജീവിച്ചു..മാളൂന്‍റെ എറ്റവും ഇഷ്ടചിത്രം

ലിങ്കൻ said...

Mohanlal is seen delivering one of his best performances as the legendary character Jaikrishnan.

Sarija NS said...

വീണ്ടും ഒരു കമന്‍റ് കൂടി. വാരഫലം കൃഷ്ണന്‍‌നായരെ ഓര്‍മ്മിപ്പിച്ചു ചില കമന്‍റ്സ്. ഇവിടെ ഒരു ചെറുപ്പക്കാരന്‍ എഴുതിയ കഥ വായിച്ചിട്ട് അതിനെ ഓടയിലെറിയണം എന്നും ഉമ്പര്‍ട്ടോ എക്കോ എന്ന് നൂറ് പ്രാവശ്യം വാഴ്ത്തുകയും ചെയ്യുന്നത് കാണുമ്പോള്‍ എനിക്ക് ആദരവുള്ള മനുഷ്യനാണെങ്കിലും ചിരിക്കാതിരിക്കാന്‍ കഴിഞ്ഞിട്ടില്ല. മലയാളികളെന്ന ചെറു സമൂഹത്തിന്‍റെ മുന്നില്‍ മാത്രമെത്തുന്ന സിനിമയാണ് ഇതെന്ന് അറിഞ്ഞിരുന്നിട്ടും പപ്പേട്ടന്‍ കാണിച്ച അര്‍പ്പണ മനോഭാവമാണ് ഈ സിനിമയെ ഇന്നും ചര്‍ച്ചയാക്കുന്നത്. അവാര്‍ഡുകളെക്കാളുപരി സ്വന്തം മനസ്സിന്‍റെ സംതൃപ്തിക്കു വേണ്ടി സിനിമകളൊരുക്കിയവര്‍. അവര്‍ ലോ‍ക സിനിമയോട് മത്സരിക്കുന്നില്ല ഒരിക്കലും. അതുകൊണ്ട് പഥേര്‍ പാഞ്ചാലിയും ബൈസൈക്കിള്‍ തീവ്സും അതിന്‍റെ വഴിക്കും തൂവാനത്തുമ്പികള്‍ അതിന്‍റെ വഴിക്കും പൊയ്ക്കോട്ടെ.

Ajith Nair said...

Sarija N S എഴുതിയതിനോട് പൂര്‍ണ്ണമായും ഞാന്‍ യോജിക്കുന്നു..മലയാളികളെന്ന ചെറു സമൂഹത്തിന്‍റെ മുന്നില്‍ മാത്രമെത്തുന്ന സിനിമയാണ് ഇതെന്ന് അറിഞ്ഞിരുന്നിട്ടും പപ്പേട്ടന്‍ കാണിച്ച അര്‍പ്പണ മനോഭാവമാണ് ഈ സിനിമയെ ഇന്നും ചര്‍ച്ചയാക്കുന്നത്. ഒരു ശരാശരി മലയാളി പ്രേക്ഷകന്‍ നന്നായി ആസ്വദിച്ച ഒരു ചിത്രം കൂടിയാണ് ഇതെന്ന് കൂട്ടി ചേര്‍ക്കട്ടെ.
നന്ദി Sarija, ഹരി, മാളൂ.

തേജസ്വിനി said...

catch me if you can, braveheart, one who flew over the cuckoo's nest, Philadelphia, Schindler's list, Field of dreams മുതലായ Evergreen films കാണാന്‍ ഈയുള്ളവള്‍ക്കും അവസരമുണ്ടായിട്ടുണ്ട്..അവ നല്ല സിനിമകള്‍ തന്നെയാണെന്നതില്‍ തര്‍ക്കമില്ല. പക്ഷേ, ഉന്നതനിലവാരം പുലര്‍ത്തുന്ന ലോകോത്തരസിനിമകള്‍ കാണുന്ന ഒരാള്‍ക്ക് ‘തൂവാനത്തുമ്പികള്‍‘ ശരാശരിനിലവാരം പോലും പുലര്‍ത്താത്തതാണെന്ന് അഭിപ്രായപ്പെടേണ്ടിവരുന്നത് ഭാഷാവ്യത്യാസം കൊണ്ടാണോയെന്നറിയാന്‍ ആഗ്രഹമുണ്ട്...സിനിമയിലെ‍ ‘ഭാഷ‘ അറിയാന്‍ പാ‍വം പഞ്ചേന്ദ്രിയങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നത് എന്റെ മാത്രം സ്വകാര്യദു:ഖമാവട്ടെ...
ഒരുപക്ഷേ, ആസ്വാദനത്തിന്റെ വേറിട്ട കാഴ്ചകള്‍, തലങ്ങള്‍ തന്നെയായിരിക്കാം കാരണം..ഞാനെന്തൊരു വിഡ്ഡി!!!!

Ajith Nair said...

തമാശക്കാണെന്‍കിലും ഞാനൊരു ചോദ്യം ചോദിച്ചിരുന്നു. അവസാനമായി ക്ലാര വരുന്നത്. തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ അല്ല…പാലക്കാട് ജംങഷനിലാണ്..?? :)

Roby said...

തേജസ്വിനി,
തൂവാനത്തുമ്പികള്‍‘ ശരാശരിനിലവാരം പോലും പുലര്‍ത്താത്തതാണെന്നല്ല ഞാൻ പറഞ്ഞത്, വെറും ശരാശരിയാണെന്നാണ്. ഇത് ഭാഷയുടെ പ്രശ്നമല്ല. സിനിമയിലെ കഥാപാത്രങ്ങൾ സംസാരിക്കുന്ന ഭാഷ ഏതുമായിക്കൊള്ളട്ടെ, ‘സിനിമയുടെ’ ഭാഷ എവിടെയും സാമ്യമുള്ളതുതന്നെ. ബൈസിക്കിൾ തീവ്സിലേക്കൊന്നും പോകണ്ട; പത്മരാജന്റെ തന്നെ പെരുവഴിയമ്പലവും, കള്ളൻ പവിത്രനും, അരപ്പട്ട കെട്ടിയ ഗ്രാമത്തിലും, ഫയൽ‌വാനും ഒക്കെയുണ്ടല്ലോ. പിന്നെ അടൂരിന്റെ പഴയ സിനിമകളും അരവിന്ദനും ജോണും.

ആദ്യകാലത്ത് നല്ല സിനിമകളെടുത്ത പത്മരാജൻ പിന്നീട് മുഖ്യധാരാ ഭാവുകങ്ങളിലേക്ക് ചുവട് മാറിയതാണ് എന്നെ അതിശയിപ്പിച്ചിട്ടുള്ളത്.

ഏറനാടന്‍ said...

എന്റെ പ്രിയപ്പെട്ട പപ്പേട്ടനെ നേരില്‍ കാണുവാന്‍ ഞാന്‍ അന്നാഗ്രഹിച്ചു. പക്ഷെ ഞാന്‍ വലുതായിവന്നപ്പോള്‍ പപ്പേട്ടന്‍ കാലയവനികയ്ക്കപ്പുറം പോയൊളിച്ചു. തിരുവനന്തപുരത്തെ ജീവിതകാലത്ത് ഒരിക്കല്‍ എന്റെ സുഹൃത്ത് ഒരാളെ പരിചയപ്പെടുത്തി.

പപ്പേട്ടന്റെ മകന്‍ അനന്തപത്മനാഭന്‍ ആയിരുന്നു അത്. ഞാന്‍ ആ കൈയ്യില്‍ മുത്തമിട്ടു. പപ്പേട്ടനോടുള്ള ബഹുമാനം അറിയാതെ വന്നതായിരുന്നു അത്. പത്മരാജന്‍ സിനിമകളില്‍ ചിലത് മുഴുവന്‍ ഒറ്റയിരുപ്പില്‍ ഇനിയും കാണാന്‍ സാധിച്ചിട്ടില്ല എനിക്ക്.

!!!!ഗോപിക്കുട്ടന്‍!!Gopikuttan!!!! said...

എന്റെ കയ്യില്‍ ഇതിന്റെ സി ഡി സ്വന്തമായുണ്ട്. അവസാനത്തെ കത്തില്‍ പറഞ്ഞിരിക്കുന്നത് ‘ഒറ്റപ്പാലം’ സ്റ്റേഷനില്‍ കാണാമെന്നാണ്. ഈ ചിത്രത്തില്‍ ജയക്രുഷ്ണന്റെ കഥാപാത്രം സ്ഥിരമായ ഒരു സ്വഭാവം കാണിക്കുന്നില്ല എന്നു തോന്നി. ഒരു പെങ്കുട്ടിയുടെ കന്യകത്വം താന്‍ കാരണം നഷ്ട്ടപെടരുതെന്നു ആഗ്രഹിക്കുകയും അതേ സംയം കൂ‍ട്ടുകാരനെ അവന്‍ പോലും അറിയാതെ മദ്യത്തിനടിമയാക്കി ഒരു വേശ്യയുടെ മുറിയിലേക്കു കയറ്റി വിടുകയും ചെയ്യുന്നു.എനിക്കും ഈ ചിത്രം ഇഷ്ട്ടമാണ്. ഇതിലെ പട്ടുകളെല്ലാം ഷൂ‍ട്ട് ചെയ്തു കഴിഞ്ഞ ശേഷമാണ് വരികളും ഈനവുമൊക്കെ ഉണ്ടായതെന്നു കേട്ടിട്ടുണ്ട്. ഞാന്‍ 86 ഇലാണു ജനിച്ചത്. ഏകദേശം എന്നോളം പഴക്കമുണ്ട് ഈ ചിത്രത്തിനും. ഈ ചിത്രത്തില്‍ ക്ലാരയ്ക്ക് വേശ്യാവ്രുത്തിയിലേക്കിറങ്ങിയ ഒരു പത്തൊന്‍പത്കാരി പെങ്കുട്ടിയുക്ക് ആദ്യ സംരഭത്തില്‍ മുഖത്തുണ്ടാകേണ്ടിയിരുന്ന ഭയം ഇല്ലായിരുന്നു എന്നു തോന്നുന്നു. സുമലതയ്കു വല്ല്ലാത്തൊരാകര്‍ഷണം ഉണ്ടായിരുന്നു.

Unknown said...

ഒന്നുംകൂടി ഓര്‍മ്മകള്‍ പുതുക്കി തന്നതിന് ഒരായിരം നന്ദി...അഭിനന്ദനങ്ങള്‍....

മാണിക്യം said...

ഗോപികുട്ടന്റെ കമന്റ് ശ്രദ്ധേയം..

“ജയകൃഷ്ണന്‍ എന്ന കഥാപാത്രം സ്ഥിരമായ ഒരു സ്വഭാവം കാണിക്കുന്നില്ല” .....
ഒരു ചര്‍ച്ചക്കു ഉള്ള മാറ്റര്‍‌ ഉണ്ട് .....

ക്ലാര ജയകൃഷ്ണനെ കാണുമ്പൊള്‍ പറയുന്നു
“...അതിനുള്ള വകുപ്പുകള്‍ ഒക്കെ ഇളയമ്മ തരമാക്കുന്നുണ്ട് , എന്നാ പിന്നെ ....”
അതുകോണ്ട് ഏറ്റവും മോശമായ സാഹചര്യം ക്ലാര പ്രതീക്ഷിക്കുന്നുണ്ട് ..തീനാളം അറിയാതെ വിരലില്‍ തട്ടിയാല്‍ പൊള്ളും.എന്നാല്‍ വിരല്‍‌ നീട്ടി തീനാളത്തെ മനപൂര്‍വം തൊടാം പൊള്ളില്ല.
അതാണ് ക്ലാരയും ചെയ്യുന്നത് ,അപ്പോള്‍ മുഖത്ത് ഭയം വരില്ല.‘തടികണ്ട്രാക്ക്’തന്നെയാവും‘മദര്‍‘ എന്ന് അവള്‍ ഊഹിക്കുകയും ചെയ്തു ....
*****

റൊബിയുടെ കാഴ്ചപ്പാട് വിത്യസ്തമാവാം അതുകൊണ്ടാ തൂവാനതുമ്പികള്‍ വെറും ശരാശരി എന്ന് തോന്നിയത്....
ആ ഒരൊ ഷോട്ടും നോക്കണം ക്ലാരാ & ജയ്‌കൃഷണന്‍ കടപ്പുറത്ത്..> ക്ലാരയോടൊപ്പം അവരുടെ ആള്‍ക്കരെ പോലെ കടലില്‍ പോകന്‍
വരെ ജയകൃഷ്ണന്‍ തയാറാവുന്നത് ....മാത്രമല്ല, പ്രണയത്തിന്റെ പുതിയ ഭാവങ്ങള്‍ ഉള്‍കൊള്ളാന്‍ മലയാളിക്ക് കഴിയണം ...അതു ‘പൈങ്കിളി’ എന്ന വാക്ക് കൊണ്ട് തള്ളി കളയരുത്.
http://www.youtube.com/watch?v=Y168PKbIQBo
ആദ്യമായി ക്ലാര & ജയകൃഷ്ണന്‍ അത് ഒരു ലൌസീനെക്കാള്‍ എത്ര മനോഹരം ..ജയകൃഷന്‍ ക്ലാരയുടെ കൈ എടുത്തവന്റെ തോളില്‍ വയ്ക്കുന്നത്.....
അംഗപ്രത്യഗം വര്‍ണന പോലെ അവളുടെ കണ്ണു ചുണ്ട് മൂക്ക് പിന്നെ മഴ ..മഴയില്‍ മൂക്കിന്‍ തുമ്പില്‍ നില്‍ക്കുന്ന് മഴത്തുള്ളി...
ഒരു സിനിമാ സീനിനു വേണ്ടിയുള്ള ചുംബനമല്ല
ആ കണിക്കുന്നത് അഭിനയം ഇല്ലാതെ ..
ശരിക്കും അലിഞ്ഞു ചേരുന്ന ഒരു അനുഭവം..
ആര്‍ത്തി പിടിച്ച് കാശ് കൊടുക്കുന്നതു മുതലാക്കാന്‍ ചെല്ലുന്നവനല്ലാ ജയകൃഷ്ണന്‍
അവിടെ ശരിക്കും പ്രണയം ആസ്വദിക്കുകയാണ് ആഘോഷിക്കുകയാണ്...
ഇത്ര മനോഹരമായ ഒരു സീന്‍!!
എത്ര വര്‍ഷം പഴകിയാലും പുതുമ പോകില്ല...

ഇനി ഒരിക്കലും ഇത്തരം ഒരു രംഗം പകാര്‍ത്താന്‍
പത്മരാജനില്ല എന്നതാണ് മലയാള സിനിമയുടെ നഷ്ടം!!

Ajith Nair said...

റോബിന്‍, ഏറനാടന്‍, ഗോപിക്കുട്ടന്‍, മാണിക്കം അഭിപ്രായങ്ങള്‍ക്ക് നന്ദി. പ്രണയിക്കുമ്പോള്‍ കോര്‍പ്പറേറ്റ് സ്റ്റൈലില്‍ പ്രണയിക്കാന്‍ കഴിയില്ല. "വേശ്യാവ്രുത്തിയിലേക്കിറങ്ങിയ ഒരു പത്തൊന്‍പത്കാരി പെങ്കുട്ടിയുക്ക് ആദ്യ സംരഭത്തില്‍ മുഖത്തുണ്ടാകേണ്ടിയിരുന്ന ഭയം ഇല്ലായിരുന്നു എന്നു തോന്നുന്നു"
അതു ക്ളാരയുടെ brilliance തന്നെ എന്ന് പത്മരാജന്‍ തന്നെ പറയുന്നു..
""എന്താലായും നശിക്കും, എന്നാല്‍ പിന്നെ ആശ തീര്‍ത്തു മരിച്ചൂ കൂടെ , അന്തസ്സായി മരിച്ചു കൂടെ.."

G. Nisikanth (നിശി) said...

[മാണിക്സിന്റെ ക്ഷണപ്രകാരം ഇവിടെവന്നെത്തി. എഴുതുന്നത് പദ്മരാജനെക്കുറിച്ചായതിനാൽ എഴുതി വന്നപ്പോഴേക്കും പോസ്റ്റിനേക്കാൾ വലിയ കമന്റുമായി. എഡിറ്റാൻ നോക്കിയിട്ടു പറ്റുന്നുമില്ല. എന്നാൽ കിടക്കട്ടെയെന്നു കരുതിക്കാച്ചുന്നു….]

പാത്രസൃഷ്ടിയുടെ സംവിധാനകല

പല ചിത്രങ്ങളും കണ്ടു മറക്കുകയാണ് നാം ചെയ്യുക. അതിലെ കഥാപാത്രമോ കഥയോ പരിണാമഗുപ്തിയോ ഒന്നും തന്നെ ചിലപ്പോൾ ഓർമ്മയിൽ നിൽക്കുന്നുണ്ടാകില്ല. ഞാനൊരു സ്ഥിരം സിനിമാ കാഴ്ചക്കാരനായിരുന്നു. കോട്ടയം ചങ്ങനാശേരി ചെങ്ങന്നൂർ മാവേലിക്കര പ്രദേശത്തുള്ള സകല തീയേറ്ററുകൾക്കും എന്നെ അറിയാം! വീടിന് തൊട്ടടുത്ത പുരയിടത്തിൽ ഒരു സി ക്ലാസ് തീയേറ്ററുമുണ്ടായിരുന്നു (2 വർഷം മുൻപതു പൊളിച്ചു). അയൽവാസിയായതുകൊണ്ട് കാശുചെലവില്ലാതെ ഏതു സിനിമയും കാണാം. പണ്ടൊക്കെ ധാരാളം ബന്ധുക്കൾ ദൂരെ ദേശത്തു നിന്നും വീട്ടിൽ വന്നു താമസിക്കുമായിരുന്നു, സിനിമകാണാൻ മാത്രം. അവരുടെയൊക്കെക്കൂടെ യാതൊരു ചെലവുമില്ലാതെ ഞാനും കൂട്ടുപോകും. ഒരു പടം പത്തും പന്ത്രണ്ടും തവണ കണ്ടിട്ടുണ്ട്. വീട്ടിലിരുന്നാൽ സിനിമാ സംഭാഷണങ്ങൾ വളരെ വ്യക്തമായി കേൾക്കാമായിരുന്നു. അങ്ങനെ ഒട്ടുമിക്ക സിനിമയുടേയും സംഭാഷണങ്ങൾ മനഃപാഠവുമായിരുന്നു. അക്കൂട്ടത്തിൽ ഞാൻ ഓർക്കുന്ന ഒരു ചിത്രമാണ് തൂവാനത്തുമ്പികൾ. ഇന്നുമതിന്റെ ഓരോ ഫ്രെയിമും മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. ഒരിക്കൽ പപ്പേട്ടന്റെ വീട്ടിൽ ഞാൻ പോയിട്ടുണ്ട്. അദ്ദേഹം ഒരുക്കിയ തൂവാനത്തുമ്പികൾ എന്ന ചിത്രം ഒരുമഹത്തായ ചിത്രമെന്നനിലയിലല്ല മറിച്ച് ഒരു സാധാരണ ചിത്രമെന്ന നിലയിലാണ് നമുക്കാസ്വാദ്യമാവുക. ഒരോ ഫ്രെയിമും വരച്ചിട്ടു സംവിധാനം ചെയ്തപോലെ മികച്ചു നിൽക്കുന്നു. വ്യക്തിത്വമുള്ള കഥാപാത്രങ്ങൾ, മികച്ച അഭിനയം, മനോഹരമായ ലൊക്കേഷൻ, കഥാഗതിയുടെ സഞ്ചാരം ഇവയെല്ലാം അനിതരമായ അനുഭൂതിയാണ് ആസ്വാദകർക്ക് പകരുന്നത്. ദ്വന്ദവ്യക്തിത്വമുള്ള ജയകൃഷ്ണനെന്ന നായക കഥാപാത്രത്തെ സൃഷ്ടിച്ചതിലെ കൈവഴക്കം ഒന്നുമാത്രം മതി പപ്പേട്ടന്റെ പ്രതിഭയുടെ മാറ്ററിയാൻ. ഒരേസമയം രണ്ടുപേരെ പ്രണയിക്കുന്ന, രണ്ടു പ്രണയത്തിനും രണ്ടു ഭാവങ്ങൾ -തലങ്ങൾ- കൽ‌പ്പിക്കുന്ന നായകൻ. അയാളുടെ മനസ്സുവായിക്കാൻ നാം പണിപ്പെടും. പക്ഷേ കഥ പലഘട്ടത്തിലും അതിലെ പ്രധാന നായികയായ ക്ലാരയിലൂടെയാണു സഞ്ചരിക്കുന്നത്. ഇക്കാലത്ത് ഒരുനായകനു അഞ്ചും ആറും നായികമാരെ അണിനിരത്തി സ്ത്രീ കഥാപാത്രങ്ങൾക്ക് ഷോക്കേസിലെ കളിപ്പാട്ടങ്ങളുടെ വിലപോലും നൽകാത്ത സൂപ്പർ സംവിധായകർ പപ്പേട്ടനെ കണ്ടു പഠിക്കേണ്ടതാണ്. നായകനു കീഴ്‌പെടുമെങ്കിലും തന്റേതായ തത്വശാസ്ത്രത്തിൽ ഉറച്ചു വിശ്വസിക്കുന്ന നായിക. ഒരു പക്ഷേ നായകൻ പോലും അവളുടെ മുൻപിൽ നിഷ്പ്രഭനാകുന്നുണ്ട് പലസന്ദർഭങ്ങളിലും.

വ്യക്തിത്വ സങ്കൽ‌പ്പം

വ്യക്തിത്വങ്ങളെ രൂപപ്പെടുത്തുന്നതിൽ പദ്മരാജന്റെ ക്രാഫ്റ്റ് അദ്വിതീയമാണ്. നമ്മുടെ സങ്കൽ‌പ്പങ്ങൾക്കും അതീതമാണ് അതിന്റെ ഘടന. ഒരോ ചെറിയ കഥാപാത്രങ്ങൾ പോലും നമ്മുടെ മനസ്സിൽ നിറഞ്ഞു നിൽക്കാൻ സഹായകമാകുന്നതും രചനയിലെ അദ്ദേഹത്തിന്റെ ഈ സിദ്ധികൊണ്ടു തന്നെയാണ്. ജഗതിയുടെ രാവുണ്ണിയുടെ പ്രകടനം എന്തിനു സംഭാഷണശകലം പോലും മനസ്സിൽ തങ്ങിനിൽക്കുന്നത് ഇക്കാരണം കൊണ്ടാണ്. അതുപോലെ തന്നെ ബാബു നമ്പൂതിരിയുടേയും ശങ്കരാടിയുടേയും മറ്റും പാത്രങ്ങളും.

പരിരംഭണത്തിന്റെ രതിഭാവം

പദ്മരാജൻ ചിത്രങ്ങളിലെ രതിഭാവങ്ങൾ വളരെ ആസ്വാദ്യകരമാണ്. ചിത്രത്തിൽ നിന്നും കണ്ണെടുക്കാൻ തോന്നിക്കാത്ത ഒരു ആകർഷകത്വം അതിനുണ്ട്. അദ്ദേഹത്തിന്റെ പല ചിത്രങ്ങളിലും അതിന്റെ മനോഹരമായ ചിത്രീകരണം നടന്നിട്ടുണ്ട്. കഥയുമായി സമരസപ്പെട്ടുപോകുന്നതു മാത്രമേ അദ്ദേഹം പ്രേക്ഷകർക്കു മുൻപിൽ അവതരിപ്പിച്ചിരുന്നുള്ളൂ. ക്ലാരയുമൊത്തുള്ള ജയകൃഷ്ണന്റെ ആദ്യ രംഗങ്ങൾ തന്നെ ഉദാഹരണം. രതിയുടെ ഒരു പുതിയ മുഖം, ഒന്നും അനാവൃതമാക്കാതെ അശ്ലീലം കലർത്താതെ പ്രേക്ഷകർ പ്രതീക്ഷിക്കുന്നതു നൽകുന്നുണ്ട്. താൻ കളങ്കപ്പെടുവാൻ പോകുന്നതറിയുന്ന ഏതുപെണ്ണും തന്നെ പ്രാപിക്കാൻ ശ്രമിക്കുന്ന വ്യക്തിക്കുമുൻപിൽ നിർവ്വികാരയായി നിൽക്കുകയേ ഉള്ളൂ. എന്നാൽ ക്ലാരയെ പുണരുന്ന ജയകൃഷ്ണനു മുൻപിൽ അവൾ നിശ്ചേഷ്ടയായി നിൽക്കുന്നതിനു പകരം ക്ലാരയും തിരിച്ച് അവനെ ആലിംഗനം ചെയ്തുകൊണ്ട് അതാസ്വദിക്കുന്നതാണ് നാം കണുന്നത്. അല്ലായിരുന്നെങ്കിൽ ആദ്യവേഴ്ച ഒരു ബലാത്സംഗമെന്ന നിലയിലേക്ക് തരം താഴ്ന്നു പോയേനേം. നമ്മുടെ യാഥാസ്ഥിതക മനോഭാവങ്ങൾക്കെതിരാണെങ്കിലും ജയകൃഷ്ണൻ എന്ന കഥാപാത്രത്തിന്റെ അധമസഞ്ചാരം യുവാക്കൾക്ക് തെറ്റായ ഒരു മാതൃകയായുകയല്ല മറിച്ച് അതിന്റെ തിക്തവശങ്ങളെക്കുറിച്ച് ഒരുൾക്കാഴ്ച നൽകുന്ന സന്ദേശമാണ് നൽകുന്നതെന്ന് മനസ്സിലാകും. ഇതൊരു ചെറിയ സീനാണ്. ഇത്തരം ധാരാളം സൂക്ഷ്മഭാവങ്ങൾ അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ സ‌മൃദ്ധമാണ്.

തുടരും….

!!!!ഗോപിക്കുട്ടന്‍!!Gopikuttan!!!! said...

ഞാ‍ന്‍ ജയക്രുഷ്ണന്റെ കാര്യം പറയുവാന്‍ കാരണമുണ്ട്. അയാള്‍ ‍സത്യത്തില്‍ ഒരു ഹിപ്പോക്രേറ്റാണ്. ക്ലാര ആദ്യമേ പറയുന്നുണ്ട് അവള്‍ക്കു ആരോടും ഇതു വരെ പ്രേമം തോന്നിയിട്ടില്ല എന്ന്. പിന്നെ ആദ്യമായാ‍ണ് ഈ ബിസിനസ്സിലേക്ക് വരുന്നതെന്നും ജയക്രുഷ്ണനു അറിയാം. പിന്നെ എന്തിനാണ് എല്ലാം കഴിഞ്ഞൊരു “ഞാനറിഞ്ഞില്ല” എന്നൊരു ആത്മരോദനം?

ഈ സിനിമയില്‍ ക്ഷണനം എന്ന വാക്കു തെറ്റായ അര്‍ത്ഥത്തില്‍ ഉപയോഗിച്ച പോലെ തോന്നി. ക്ഷണനം എന്നാല്‍ വധം എന്നല്ലേ അര്‍ത്ഥം? എനിക്കുറപ്പില്ല. പിന്നെ ത്രിശ്ശൂര്‍ ഡയലെറ്റ് പലപ്പോഴും പാളിപ്പോകുന്നുണ്ടായിരുന്നു. അത് നിലനിര്‍ത്തുന്നതില്‍ സംവിധായകനും നായകനും പലപ്പോഴും പരാജയപ്പെട്ടിട്ടുണ്ട്. വൈകാരിക നിമിഷങ്ങളില്‍ ഇതു കൂടുതല്‍ ദ്രുശ്യമാണ്. പക്ഷേ ഇതൊന്നും ഈ ചിത്രത്തിന്റെ ഒരു ടോട്ടാലിറ്റിയേയോ അതിന്റെ പ്രമേയത്തേയോ ബാധിക്കുന്നില്ല. പുരുഷന്‍ ഒരേ സമയം ഒന്നിലേറെ സ്ത്രീകളോടു രമിക്കാന്‍ കൊതിക്കുന്നു എന്നാകാം ഈ സിനിമ നല്‍കുന്ന ഒരു സന്ദേശം.

Ajith Nair said...

"ഒരോ ഫ്രെയിമും വരച്ചിട്ടു സംവിധാനം ചെയ്തപോലെ മികച്ചു നിൽക്കുന്നു. വ്യക്തിത്വമുള്ള കഥാപാത്രങ്ങൾ, മികച്ച അഭിനയം, മനോഹരമായ ലൊക്കേഷൻ, കഥാഗതിയുടെ സഞ്ചാരം ഇവയെല്ലാം അനിതരമായ അനുഭൂതിയാണ് ആസ്വാദകർക്ക് പകരുന്നത്. ദ്വന്ദവ്യക്തിത്വമുള്ള ജയകൃഷ്ണനെന്ന നായക കഥാപാത്രത്തെ സൃഷ്ടിച്ചതിലെ കൈവഴക്കം ഒന്നുമാത്രം മതി പപ്പേട്ടന്റെ പ്രതിഭയുടെ മാറ്ററിയാൻ"
നന്ദി ചെറിയനാടന്‍...
ഗോപിക്കുട്ടന്‍ പറഞ്ഞതു പോലെ ത്രിശ്ശൂര്‍ സ്ലാംഗ് ആദ്യാന്തം നിലനിര്‍ ത്താന്‍ കഴിഞ്ഞിട്ടില്ല എന്നത് ഒരു പോരായ്മ തന്നെ . ക്ഷണിക്കുക എന്നതിന്‍റെ നൌണ്‍ ആയി ക്ഷണനം എന്ന് ചിലയിടങ്ങളില്‍ പറയാറുണ്ട്.
ജയദേവന്‍റെ സ്പ്ലിറ്റ് പേഴ്സണാലിറ്റിയെക്കുറിച്ച് ഒരു കുറിപ്പ് അടുത്ത പോസ്റ്റിലേക്ക് തയ്യാറാക്കിയിട്ടുണ്ട്..
"പുരുഷന്‍ ഒരേ സമയം ഒന്നിലേറെ സ്ത്രീകളോടു രമിക്കാന്‍ കൊതിക്കുന്നു " എന്ന ഒരു സന്ദേശമൊന്നും ഈ സിനിമയയില്ല ഗോപിക്കുട്ടാ...ജയദേവന്‍ ഒരു സാധാരണ മനുഷ്യന്‍ തന്നെ!!

Unknown said...

പാര്‍വ്വതി അവതരിപ്പിച്ച രാധയെന്ന കഥാപാത്രവും വളരെ നന്നായി. ഒരു സാധാരണ മലയാളി പെണ്ണിന്റെ മനസ്സ്. തന്റേതാകാന്‍ പോകുന്ന പുരുഷനെക്കുറിച്ചുള്ള വ്യാകുലതകള്‍, സ്വപങ്ങള്‍.. ഒന്നാം രാഗം പാടി യെന്ന പാട്ട് ...മറക്കാന്‍ കഴിയുന്നില്ല ഇതിലെ ഒരു സീനും..
വളരെ കുറഞ്ഞ ഭാഗത്താണെങ്കിലും ജഗതി അവതരിപ്പിച്ച കുടികിടപ്പുകാരന്റെ വേഷം എത്ര ഭംഗിയായായി...അശോകനെ മാത്രമാണ് അല്പം പിശകായി തോന്നിയത്...പക്ഷെ സ്ക്രിപ്റ്റില്‍ ആ കഥാപാത്രം strong ആയതുകൊണ്ട് രക്ഷ്പ്പെട്ടു

പാറൂട്ടി.. said...

യാദര്‍ശ്ച്ചികമായി ഈ ബ്ളൊഗ് കണ്ടു..നന്ദി അജിത്ത്...
ഗോപിക്കുട്ടാ..ദയവായി ക്ളാരയെ വേശ്യ എന്നൊന്നും അഭിസംബോധന ചെയ്യാതിരിക്കുക്ക.
ബീയാറ്റ്റീസിന്‍റെ ക്ളച്ച്സില്‍ നിന്നും രക്ഷപ്പെടാന്‍ ചെയ്തതല്ലേ?
അവളുടെ പാപങ്ങളൊക്കെ രതിമഴയില്‍ അലിഞ്ഞ് ഇല്ലാതായി...

എന്‍റെയും ഏറ്റവും പ്രിയപ്പെട്ട മലയാളചിത്രം.
പാമരന്‍ പറഞ്ഞപോലെ
മഴയെന്നാല്‍ ക്ളാര, ക്ളാരയെന്നാല്‍ മഴ.. അദെന്നെ!
അദെന്നെ!

Anonymous said...

പറയാന്‍ ഒന്നു മാത്രം, മഴയെന്നാല്‍ ക്ലാരയും, ജയക്രിഷ്ണനും തന്നെ. (മഴയോടൊപ്പം, ക്ലാരക്കു ജയകൃഷ്ണന്‍ കത്തെഴുതുമ്പോള്‍ മഴത്തുളളികള്‍ വന്നു വീണതു ഞങ്ങളുടെയൊക്കെ മനസ്സിലായിരുന്നു. ഇപ്പോഴും മഴ എവിടെയൊക്കെയോ, ആരുടെയൊക്കെയൊ മനസ്സില്‍ പെയ്യുന്നുണ്ടു, ഒരുപാടു സാവിത്രിമാരും, സോഫിയമാരും, പിന്നെ ജയകൃഷ്ണന്റെ സ്വന്തം ക്ലാരയും, എവിടെയൊക്കെയോ കാത്തിരിക്കുന്നുമുണ്ടു)

Anonymous said...

മഴയോടൊപ്പം, ക്ലാരക്കു ജയകൃഷ്ണന്‍ കത്തെഴുതുമ്പോള്‍ മഴത്തുളളികള്‍ വന്നു വീണതു മനസ്സിലായിരുന്നു. ഇപ്പോഴും മഴ എവിടെയൊക്കെയോ, ആരുടെയൊക്കെയൊ മനസ്സില്‍ പെയ്യുന്നുണ്ടു, ഒരുപാടു സാവിത്രിമാരും, സോഫിയമാരും, പിന്നെ ജയകൃഷ്ണന്റെ സ്വന്തം ക്ലാരയും, എവിടെയൊക്കെയോ കാത്തിരിക്കുന്നുമുണ്ടു.

റീനി said...

തൂവാനത്തുമ്പികള്‍ മനസിലേക്ക് പറത്തിവിട്ട അജിത്തിന് നന്ദി.

ക്ലാരയും ജയകൃഷണനുമൊക്കെ ചിറകൊടിയാത്ത തുമ്പികളായി കടലിന്റെ ഇരമ്പായി, മഴയുടെ താളമായി, കാറ്റിന്റെ സംഗീതമായി എന്നുമെണ്ടാവും.

ഈയിടെ വീണ്ടും കണ്ടൊരു ചിത്രം.

!!!!ഗോപിക്കുട്ടന്‍!!Gopikuttan!!!! said...

പറൂട്ടി,
ക്ലാര വേശ്യയല്ലേല്‍ പിന്നെ ആരാണ്? ഇങ്ങനെയൊക്കെ തന്നെയാണ് എല്ലാരും ഈ മേഖലയിലേക്കു കടന്നു വരുന്നത്. ക്ലാര സ്വന്തം ഇഷ്ട്ടത്തിനാണ് വരുന്നത്. പലരും സ്വയം അറിയാതെയും. ക്ലാര വേശ്യ തന്നെയാണ്. അതിലെനിക്കു സംശയമൊന്നുമില്ല. പിന്നെ ക്ലാരയും ജയക്രുഷ്ണനും തമ്മിലുള്ള ഒരു വേറിട്ട ബന്ധമാണ് എന്നെ ആകര്‍ഷിക്കുന്നത്. ക്ലാരയ്ക്കു രക്ഷപ്പെടാന്‍ മാത്രമായിരുന്നേല്‍ ഒരുപാട് വേറെ മാര്‍ഗങ്ങളും ഉണ്ടായിരുന്നു.

ബാജി ഓടംവേലി said...

പഴയകാലങ്ങളിലേക്ക് ഓര്‍മ്മകള്‍ ഉണര്‍ന്നു.
നല്ല എഴുത്ത്.....
കൈ പിടിച്ച് നടത്തുന്നതു പോലെ....
നന്മകള്‍ നേരുന്നു

G. Nisikanth (നിശി) said...

ഇതൊരു സിനിമയല്ലേ ഗോപിക്കുട്ടാ...

ക്ലാര ജയകൃഷ്ണന്റെ കാലുപിടിച്ച് രക്ഷപ്പെട്ട് പി.എസ്.സി ടെസ്റ്റുമെഴുതി സർക്കാരുദ്യോഗവും കിട്ടിക്കെട്ടിപ്പെറ്റ് വീട്ടുകാര്യവും നോക്കി കഴിഞ്ഞിരുന്നെങ്കിൽ പിന്നെ തൂവാനത്തുമ്പിയുണ്ടാകുമായിരുന്നോ?

ഒരുവളെ വേശ്യയെന്നു വിളിക്കുന്ന മാനദണ്ഡമെന്താണ്? ഇഷ്ടപ്രകാരമോ അല്ലതെയോ, പണത്തിനോ സുഖത്തിനോ, ജീവിക്കാനോ നശിക്കാനോ ഇറങ്ങിത്തിരിക്കൂന്നവരിൽ ആരെ ഈ ഗണത്തിൽ പെടുത്തണം?

കാമുകന്മാരുടെ കൂടെ കിടക്ക പങ്കിടുന്നതിൽ സെഞ്ച്വറി അടിച്ചുകൂട്ടുന്ന, വർഷത്തിൽ പത്തും പതിനഞ്ചും പേരുടെകൂടെ ഡേറ്റിങ്ങിങ്ങു നടത്തുന്ന വിദേശലലനാമണിമാരെ അപ്പോൾ എന്തു വിളിക്കാം?

ഏതായാലും തൂവാനത്തുമ്പിയുടെ കഥാകാരൻ ഇപ്പോൾ ഇല്ലാത്ത സ്ഥിതിക്ക് ആർക്കും അവരവരുടെ അഭിപ്രായത്തിൽ മുറുക്കെപ്പിടിച്ചുനിൽക്കാം.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

1986-88 കാലഘട്ടത്തിൽ ഞാൻ പ്രീഡിഗ്രിയ്ക്കു പഠിയ്ക്കുമ്പോളായിരുന്നു ഈ ചിത്രം ഇറങ്ങിയത്.അക്കാലത്ത് ഞങ്ങളുടെ കോളേജിൽ പത്മരാജന്റെ ഒരു ആരാധകവൃന്ദം തന്നെ ഉണ്ടായിരുന്നു.മൂന്നാം‌പക്കം,അപരൻ,നമൂക്കു പാർക്കാൻ മുന്തിരി തോപ്പുകൾ,തൂവാനത്തുമ്പികൾ, ഇന്നലെ,ഞാൻ ഗന്ധർവൻ തുടങ്ങിയ ചിത്രങ്ങളൊക്കെ അക്കാലത്തു ഇറങ്ങിയവയാണ്.പ്രമേയങ്ങളിലെ വ്യത്യസ്തതയാനു പത്മരാജന്റെ എല്ലാ സിനിമകളിലേയും പ്രത്യേകത.അടിമുടി ഒരു കഥാകാരനാണു പത്മരാജൻ.അദ്ദേഹത്തെപ്പോലെ ഭാവന ചിറകുവിരിച്ചു നിൽ‌ക്കുന്ന ഒരു സിനിമക്കാരനൌം ഉണ്ടായിട്ടില്ല.അതു തന്നെയാണു അദ്ദേഹത്തെ വേറിട്ടു നിർത്തുന്നതും.അടിസ്ഥാനപരമായി അദ്ദേഹ് കഥാകാരനാണു.അദ്ദേഹത്തിനെ ഏതു കഥ വായിച്ചാലും വിശദാംശങ്ങളിലെ കൃത്യത ഒരു തിരക്കഥപോലെ തെളിഞ്ഞു നിൽ‌ക്കുന്നു.പെരുവഴിയമ്പലം എന്ന ഒറ്റ സിനിമ മതി അദ്ദേഹത്തിന്റെ പേരു സിനിമ ഉള്ളിടത്തോളം നില‌നിൽക്കാൻ.

തൂവാനത്തുമ്പികൾ പത്മരാജന്റെ ഏറ്റവും മികച്ച ചിത്രം എന്നു പറയാനാവില്ല.അക്കാലത്തു ഇറങ്ങിയ മൂന്നാം‌പക്കവും, അപരനും സിനിമ എന്ന കലാരൂപമെന്ന നിലയിൽ തൂവാനത്തുമ്പികളേക്കാൻ ഉയരെ നിൽ‌ക്കുന്നവയാണു.എന്തിനു ഇന്നലെ എന്ന ചിത്രം പോലും.എന്നാൽ ചിരപരിചിതമായ ഒരു വിഷയത്തെ അദ്ദേഹത്തിനു മാത്രം കഴിയുന്ന രീതിയിൽ സംവേദിപ്പിച്ചു എന്നതാണു തൂവാനത്തുമ്പികളുടെ വിജയം.ജയകൃഷ്ണനും, രാധയും, ക്ലാരയും എല്ലാം ഈ മണ്ണിൽ പിറന്ന കഥാപാത്രങ്ങൾ തന്നെ ആയിരുന്നു.പരിശുദ്ധമായ പ്രണയം ആണു പത്മരാജൻ ഇതിലും കാട്ടിത്തരുന്നത്.പണത്തിനായി കിടക്ക പങ്കിടുമ്പോളും മനുഷ്യ മനസ്സുകൾ എങ്ങനെ പ്രണയിയ്ക്കുന്ന് എന്ന് ഇത്ര മനോഹരമായി ആരും പറഞ്ഞിട്ടില്ല.പ്രകൃതിയേയും, പൂക്കളേയും, കടലിനേയും,ശലഭങ്ങളേയും സ്നേഹിച്ച “ഗന്ധർവൻ” ആയിരുന്നു പത്മരാജൻ.തൂവാനത്തുമ്പികളിൽ ക്ലാര വരുന്ന ഓരോ രംഗത്തിലും മഴയുണ്ട്.കാൽ‌പ്പനികതയുടെ ഏറ്റവും ഉന്നതമായ പ്രകൃതി ബിംബങ്ങളാണു മഴയും കടലും.അത് അറിയണമെങ്കിൽ മനസ്സിൽ കാൽ‌പ്പനികത വേണം, ഭാവന വേണം.ഇന്നു പല സംവിധായർക്കും ഇല്ലാത്തതും അതാണ്.അവർ ഒരു മഴ നൃത്തം കാണിയ്ക്കും എന്നാൽ പത്മരാജനെപ്പോലെ മഴയെ ഒരു കഥാപാത്രമാക്കില്ല,കടൽക്കുളി കാണിയ്ക്കും, എന്നാൽ ആർത്തിരമ്പുന്ന കടലിൽ മനുഷ്യ ദു:ഖങ്ങളുടെ വേലിയ്യേറ്റം കാട്ടിത്തരില്ല.മലയാളസിനിമയുടെ എക്കാലത്തേയും നഷ്ടമാണു പത്മരാജൻ.

ഒരു രസകരമായ കാര്യം കൂടി.ബാബു നമ്പൂതിരിയുടെ കഥാപാത്രം ഒരു കൂട്ടിക്കൊടുപ്പുകാരനാണല്ലോ.അന്നു കുറവിലങ്ങാട് ദേവമാതാ കോളേജിൽ രസതന്ത്ര വിഭാഗം മേധാവിയായിരുന്നു അദ്ദേഹം.അന്നു അവിടെ പഠിച്ചിരുന്ന എന്റെ കൂട്ടുകാരനോട് ഞാൻ ചുമ്മാ ചോദിച്ചു” നിങ്ങളുടെ പ്രൊഫസർ ഇത്തരം റോൾ എടുത്തിട്ട് പിന്നെ എങ്ങനെ ക്ലാസിൽ വരും?”..അപ്പോൾ അവൻ പറഞ്ഞത് സിനിമയിൽ കാണുന്ന പാവം പിടിച്ച ഒരു ബാബു നമ്പൂതിരിയല്ല ക്ലാസിൽ,അദ്ദേഹത്തിന്റെ ക്ലാസിൽ ഒരു മൊട്ടു സൂചി വീണാൽ കേൾക്കാവുന്ന നിശ്ശബ്ദതയാണ്.അത്ര പേടിയാണു കുട്ടികൾക്ക് എന്നാണ്.

തൂവാനത്തുമ്പികളേക്കുറിച്ചു എഴുതിയത് നന്നായി.എന്നാലും ഇതിലേറെ ചർച്ച ചെയ്യപ്പെടേണ്ട പത്മരാജൻ സിനിമകൾ വേറേയും ഉണ്ട്.അതും വഴിയേ ഉണ്ടാവുമ്മെന്നു പ്രതീക്ഷിക്കുന്നു.

അനില്‍@ബ്ലോഗ് // anil said...

വൈകിയാണ് എത്തിയത്.

അടുത്ത ഭാഗം വരട്ടെ.

Ajith Nair said...

നന്ദി ചെറിയനാടൻ, ബാജി, സുനിൽ
ചെറിയനാടൻ ഇതിനു മുന്പെഴുതിയത് ഒന്നു കൂടി വായിക്കപ്പെടേണ്ടതുണ്ട്...ഗോപിക്കുട്ടാ കഥകൾ ; കഥകൾ മാത്രമാകട്ടെ..
മൂന്നാം‌പക്കം,അപരൻ,നമൂക്കു പാർക്കാൻ മുന്തിരി തോപ്പുകൾ,തൂവാനത്തുമ്പികൾ, ഇന്നലെ,ഞാൻ ഗന്ധർവൻ എല്ലാം വ്യത്യസ്തമായ പ്രമേയങ്ങളാണ്..ഒന്നിന് തുല്യമായി മറ്റൊന്നില്ല...അപ്പോൾ നമുക്ക് ആ വിഷയം വിടാം.ബാബു നമ്പൂതിരിയെക്കുറിച്ചുള്ള വിവരണം നന്നായി..ഇത്തരം അനുബന്ധം നമുക്ക് പുതിയ അറിവുകളാണ് സമ്മാനിക്കുന്നത്..മഴയുണ്ട്.കാൽ‌പ്പനികതയുടെ ഏറ്റവും ഉന്നതമായ പ്രകൃതി ബിംബങ്ങളാണു മഴയും കടലും.അത് അറിയണമെങ്കിൽ മനസ്സിൽ കാൽ‌പ്പനികത വേണം, ഭാവന വേണം.ഇന്നു പല സംവിധായർക്കും ഇല്ലാത്തതും അതാണ്.അവർ ഒരു മഴ നൃത്തം കാണിയ്ക്കും എന്നാൽ പത്മരാജനെപ്പോലെ മഴയെ ഒരു കഥാപാത്രമാക്കില്ല,കടൽക്കുളി കാണിയ്ക്കും,
നന്നായി സുനിൽ...
ചെറിയനാടൻ പറഞ്ഞത് ഒരിക്കൽ കൂടി വായിക്കുക

ചെറിയനാടൻ said...


പാത്രസൃഷ്ടിയുടെ സംവിധാനകല

പല ചിത്രങ്ങളും കണ്ടു മറക്കുകയാണ് നാം ചെയ്യുക. അതിലെ കഥാപാത്രമോ കഥയോ പരിണാമഗുപ്തിയോ ഒന്നും തന്നെ ചിലപ്പോൾ ഓർമ്മയിൽ നിൽക്കുന്നുണ്ടാകില്ല. ഞാനൊരു സ്ഥിരം സിനിമാ കാഴ്ചക്കാരനായിരുന്നു. കോട്ടയം ചങ്ങനാശേരി ചെങ്ങന്നൂർ മാവേലിക്കര പ്രദേശത്തുള്ള സകല തീയേറ്ററുകൾക്കും എന്നെ അറിയാം! വീടിന് തൊട്ടടുത്ത പുരയിടത്തിൽ ഒരു സി ക്ലാസ് തീയേറ്ററുമുണ്ടായിരുന്നു (2 വർഷം മുൻപതു പൊളിച്ചു). അയൽവാസിയായതുകൊണ്ട് കാശുചെലവില്ലാതെ ഏതു സിനിമയും കാണാം. പണ്ടൊക്കെ ധാരാളം ബന്ധുക്കൾ ദൂരെ ദേശത്തു നിന്നും വീട്ടിൽ വന്നു താമസിക്കുമായിരുന്നു, സിനിമകാണാൻ മാത്രം. അവരുടെയൊക്കെക്കൂടെ യാതൊരു ചെലവുമില്ലാതെ ഞാനും കൂട്ടുപോകും. ഒരു പടം പത്തും പന്ത്രണ്ടും തവണ കണ്ടിട്ടുണ്ട്. വീട്ടിലിരുന്നാൽ സിനിമാ സംഭാഷണങ്ങൾ വളരെ വ്യക്തമായി കേൾക്കാമായിരുന്നു. അങ്ങനെ ഒട്ടുമിക്ക സിനിമയുടേയും സംഭാഷണങ്ങൾ മനഃപാഠവുമായിരുന്നു. അക്കൂട്ടത്തിൽ ഞാൻ ഓർക്കുന്ന ഒരു ചിത്രമാണ് തൂവാനത്തുമ്പികൾ. ഇന്നുമതിന്റെ ഓരോ ഫ്രെയിമും മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. ഒരിക്കൽ പപ്പേട്ടന്റെ വീട്ടിൽ ഞാൻ പോയിട്ടുണ്ട്. അദ്ദേഹം ഒരുക്കിയ തൂവാനത്തുമ്പികൾ എന്ന ചിത്രം ഒരുമഹത്തായ ചിത്രമെന്നനിലയിലല്ല മറിച്ച് ഒരു സാധാരണ ചിത്രമെന്ന നിലയിലാണ് നമുക്കാസ്വാദ്യമാവുക. ഒരോ ഫ്രെയിമും വരച്ചിട്ടു സംവിധാനം ചെയ്തപോലെ മികച്ചു നിൽക്കുന്നു. വ്യക്തിത്വമുള്ള കഥാപാത്രങ്ങൾ, മികച്ച അഭിനയം, മനോഹരമായ ലൊക്കേഷൻ, കഥാഗതിയുടെ സഞ്ചാരം ഇവയെല്ലാം അനിതരമായ അനുഭൂതിയാണ് ആസ്വാദകർക്ക് പകരുന്നത്. ദ്വന്ദവ്യക്തിത്വമുള്ള ജയകൃഷ്ണനെന്ന നായക കഥാപാത്രത്തെ സൃഷ്ടിച്ചതിലെ കൈവഴക്കം ഒന്നുമാത്രം മതി പപ്പേട്ടന്റെ പ്രതിഭയുടെ മാറ്ററിയാൻ. ഒരേസമയം രണ്ടുപേരെ പ്രണയിക്കുന്ന, രണ്ടു പ്രണയത്തിനും രണ്ടു ഭാവങ്ങൾ -തലങ്ങൾ- കൽ‌പ്പിക്കുന്ന നായകൻ. അയാളുടെ മനസ്സുവായിക്കാൻ നാം പണിപ്പെടും. പക്ഷേ കഥ പലഘട്ടത്തിലും അതിലെ പ്രധാന നായികയായ ക്ലാരയിലൂടെയാണു സഞ്ചരിക്കുന്നത്. ഇക്കാലത്ത് ഒരുനായകനു അഞ്ചും ആറും നായികമാരെ അണിനിരത്തി സ്ത്രീ കഥാപാത്രങ്ങൾക്ക് ഷോക്കേസിലെ കളിപ്പാട്ടങ്ങളുടെ വിലപോലും നൽകാത്ത സൂപ്പർ സംവിധായകർ പപ്പേട്ടനെ കണ്ടു പഠിക്കേണ്ടതാണ്. നായകനു കീഴ്‌പെടുമെങ്കിലും തന്റേതായ തത്വശാസ്ത്രത്തിൽ ഉറച്ചു വിശ്വസിക്കുന്ന നായിക. ഒരു പക്ഷേ നായകൻ പോലും അവളുടെ മുൻപിൽ നിഷ്പ്രഭനാകുന്നുണ്ട് പലസന്ദർഭങ്ങളിലും.

വ്യക്തിത്വ സങ്കൽ‌പ്പം

വ്യക്തിത്വങ്ങളെ രൂപപ്പെടുത്തുന്നതിൽ പദ്മരാജന്റെ ക്രാഫ്റ്റ് അദ്വിതീയമാണ്. നമ്മുടെ സങ്കൽ‌പ്പങ്ങൾക്കും അതീതമാണ് അതിന്റെ ഘടന. ഒരോ ചെറിയ കഥാപാത്രങ്ങൾ പോലും നമ്മുടെ മനസ്സിൽ നിറഞ്ഞു നിൽക്കാൻ സഹായകമാകുന്നതും രചനയിലെ അദ്ദേഹത്തിന്റെ ഈ സിദ്ധികൊണ്ടു തന്നെയാണ്. ജഗതിയുടെ രാവുണ്ണിയുടെ പ്രകടനം എന്തിനു സംഭാഷണശകലം പോലും മനസ്സിൽ തങ്ങിനിൽക്കുന്നത് ഇക്കാരണം കൊണ്ടാണ്. അതുപോലെ തന്നെ ബാബു നമ്പൂതിരിയുടേയും ശങ്കരാടിയുടേയും മറ്റും പാത്രങ്ങളും.

പരിരംഭണത്തിന്റെ രതിഭാവം

പദ്മരാജൻ ചിത്രങ്ങളിലെ രതിഭാവങ്ങൾ വളരെ ആസ്വാദ്യകരമാണ്. ചിത്രത്തിൽ നിന്നും കണ്ണെടുക്കാൻ തോന്നിക്കാത്ത ഒരു ആകർഷകത്വം അതിനുണ്ട്. അദ്ദേഹത്തിന്റെ പല ചിത്രങ്ങളിലും അതിന്റെ മനോഹരമായ ചിത്രീകരണം നടന്നിട്ടുണ്ട്. കഥയുമായി സമരസപ്പെട്ടുപോകുന്നതു മാത്രമേ അദ്ദേഹം പ്രേക്ഷകർക്കു മുൻപിൽ അവതരിപ്പിച്ചിരുന്നുള്ളൂ. ക്ലാരയുമൊത്തുള്ള ജയകൃഷ്ണന്റെ ആദ്യ രംഗങ്ങൾ തന്നെ ഉദാഹരണം. രതിയുടെ ഒരു പുതിയ മുഖം, ഒന്നും അനാവൃതമാക്കാതെ അശ്ലീലം കലർത്താതെ പ്രേക്ഷകർ പ്രതീക്ഷിക്കുന്നതു നൽകുന്നുണ്ട്. താൻ കളങ്കപ്പെടുവാൻ പോകുന്നതറിയുന്ന ഏതുപെണ്ണും തന്നെ പ്രാപിക്കാൻ ശ്രമിക്കുന്ന വ്യക്തിക്കുമുൻപിൽ നിർവ്വികാരയായി നിൽക്കുകയേ ഉള്ളൂ. എന്നാൽ ക്ലാരയെ പുണരുന്ന ജയകൃഷ്ണനു മുൻപിൽ അവൾ നിശ്ചേഷ്ടയായി നിൽക്കുന്നതിനു പകരം ക്ലാരയും തിരിച്ച് അവനെ ആലിംഗനം ചെയ്തുകൊണ്ട് അതാസ്വദിക്കുന്നതാണ് നാം കണുന്നത്. അല്ലായിരുന്നെങ്കിൽ ആദ്യവേഴ്ച ഒരു ബലാത്സംഗമെന്ന നിലയിലേക്ക് തരം താഴ്ന്നു പോയേനേം. നമ്മുടെ യാഥാസ്ഥിതക മനോഭാവങ്ങൾക്കെതിരാണെങ്കിലും ജയകൃഷ്ണൻ എന്ന കഥാപാത്രത്തിന്റെ അധമസഞ്ചാരം യുവാക്കൾക്ക് തെറ്റായ ഒരു മാതൃകയായുകയല്ല മറിച്ച് അതിന്റെ തിക്തവശങ്ങളെക്കുറിച്ച് ഒരുൾക്കാഴ്ച നൽകുന്ന സന്ദേശമാണ് നൽകുന്നതെന്ന് മനസ്സിലാകും. ഇതൊരു ചെറിയ സീനാണ്. ഇത്തരം ധാരാളം സൂക്ഷ്മഭാവങ്ങൾ അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ സ‌മൃദ്ധമാണ്.

G. Nisikanth (നിശി) said...

തൂവാനത്തുമ്പിയിൽ ആസ്വാദനമെഴുതി “തുടരും…” എന്നു പറഞ്ഞു പോയതിനുശേഷം അവധിക്കു നാട്ടിലായിരുന്നതിനാൽ ഇതു പോസ്റ്റുചെയ്യാനായില്ല. എഴുതിവച്ചതു പോസ്റ്റുചെയ്യാതിരിക്കുന്നതെങ്ങനെ…..

പോസ്റ്റ്മോർട്ടം

ഒരു ചിത്രത്തിന്റെ നിലവാരവും മൂല്യവും നിർണ്ണയിക്കുന്ന ഘടകങ്ങൾ പലതായിരിക്കാം. ഒരാൾക്ക് ഇഷ്ടമാകുന്ന ഒരു ചിത്രം മറ്റൊരാൾക്ക് ഇഷ്ടപ്പെടണമെന്നില്ല. ആരും വിമർശനത്തിനതീതരല്ലെന്നതു പോലെ പദ്മരാജനും അല്ല. ‘മർത്ത്യനു കൈപ്പിഴ ജന്മസിദ്ധം‘ എന്ന തത്വപ്രകാരം അദ്ദേഹത്തിന്റെ പ്രമേയങ്ങളിലും ആലേഖനങ്ങളിലും പാളിച്ചകൾ കണ്ടേക്കാം. പക്ഷേ ഒന്നോർക്കണം, സിനിമയെന്നത് അനുകരിക്കാനല്ല മറിച്ച് ആസ്വദിക്കാനുള്ള ഒരു മാധ്യമമാണെന്ന് (നമുക്കനുകരിക്കാൻ കഴിയുന്ന സിനിമകളെവിടെ?). അതുകണ്ടിറങ്ങുമ്പോൾ നമ്മുടെ മനസ്സിൽ എന്തെങ്കിലും അവശേഷിപ്പിക്കുവാൻ അതിന്റെ കഥയ്ക്കോ ചിത്രീകരണത്തിനോ സംവിധാനത്തിനോ അഭിനയത്തിനോ കഴിയുന്നുണ്ടെങ്കിൽ അത് അതിന്റെ വിജയം തന്നെയാണ്. സൂക്ഷ്മമായി കീറിമുറിച്ചു പരിശോധിച്ചാൽ തൂവാനത്തുമ്പിയിലും കാണും പലരും അഭിപ്രായപ്പെട്ടതുപോലെയുള്ള പ്രശ്നങ്ങൾ. പക്ഷേ അതുകൊണ്ടൊന്നും ആ ചിത്രത്തിന്റെ മനോഹാരിതയോ പ്രമേയ വൈവിദ്ധ്യത്തിന്റെ പ്രസന്നതയോ നഷ്ടപ്പെടുന്നില്ല. നമ്മളാരും അവാർഡ് നിർണ്ണയിക്കാനല്ലല്ലോ സിനിമാ കാണാൻ പോകുന്നത്. മറക്കാൻ പറ്റാത്ത പലതും മനസ്സിൽ തങ്ങി നിർത്താൻ ആ ചിത്രത്തിനു കഴിയുന്നുണ്ടെന്നാണ് എന്റെ അഭിപ്രായം. മറിച്ചൊരഭിപ്രായം ആരും ഇതുവരെ പറഞ്ഞതായിക്കണ്ടുമില്ല.

അന്നുകണ്ട നീയാരോ…

പത്തൊൻപതു വർഷം മുൻപാണ് ഞാൻ ആദ്യമായി ശ്രീകുമാരൻ തമ്പിസാറിനെക്കാണുന്നത്. അന്ന് അദ്ദേഹത്തോടൊപ്പമാണ് ഞാൻ ആദ്യമായി ഒരു കവിയരങ്ങിൽ പങ്കെടുക്കുന്നത്. അവസാനം കാണുന്നത് 2005ൽ അദ്ദേഹത്തിന്റെ “ഹൃദയസരസ്സിലെ“ എന്ന ഗാനങ്ങളുടെ സമാഹാരത്തിന്റെ പ്രകാശനം നടക്കുന്ന ദിവസം, ഞാൻ എഴുതിയ ആദ്യ ഭക്തിഗാന ആൽബത്തിന്റെ (“എല്ലാം സ്വാമി”, സംഗീതം എം.കെ. അർജ്ജുനൻമാസ്റ്റർ, ഗായകൻ പി.ജയച്ചന്ദ്രൻ - Now published on hummaa.com http://www.hummaa.com/music/album/32496/Ellam+Swami) റെക്കാഡിംഗ് വർക്കുമായി തിരുവനന്തപുരത്തുള്ള സ്റ്റുഡിയോയിൽ അർജ്ജുനൻ മാഷുമൊത്തു നിൽക്കുമ്പോഴായിരുന്നു. അന്നു രാത്രി മാഷ് തന്റെ സ്വന്തം മുറി എനിക്കു കിടക്കാൻ തന്ന് കൂടെ ആ പുസ്തകവും വായിക്കാൻ തന്നു. അതു മറിച്ചു നോക്കിയപ്പോഴാണ് സത്യത്തിൽ ഞാൻ ഇഷ്ടപ്പെടുന്ന പല ഗാനങ്ങളും അദ്ദേഹത്തിന്റേതാണെന്നു മനസ്സിലാകുന്നത്. ആരെയും കൂസാത്ത ആ കുറിയമനുഷ്യന്റെ മനുഷ്യഗന്ധം ഒഴുകുന്ന ഗാനങ്ങൾ അനവധിയാണ്. കസ്തൂരി മണക്കുന്ന പാട്ടുകളുമായി അർജ്ജുനന്മാസ്റ്ററുമൊത്ത് നീലനിശീഥിനീ, നിൻ മണിയറയിലെ, കുയിലിന്റെ മണിനാദം, മല്ലികപ്പൂവിൻ മധുരഗന്ധം, പാലരുവിക്കരയിൽ തുടങ്ങി, ഗാനപ്രേമികളുടെ മനസ്സിൽ നിന്നും ഒരിക്കലും മാഞ്ഞുപോകാത്ത ഒരുപിടി ഗാനങ്ങൾ അദ്ദേഹം സൃഷ്ടിച്ചു. സിനിമാ സംവിധായകനായും സംഗീത സംവിധായകനായും കവിയായും കഥാകാരനായും തിരക്കഥാകൃത്തായുമൊക്കെ അദ്ദേഹം ഇന്നും മലയാളത്തിൽ നിറഞ്ഞു നിൽക്കുന്നു. വേണുഗോപാലും കെ.എസ്.ചിത്രയും ചേർന്നു പാടിയ ‘ഒന്നാം രാഗം പാടി‘യെന്ന ഗാനം ഇന്നും ആരാണേറ്റുപാടാത്തത്?. കണ്ണുകളാൽ അർച്ചനയും മൌനങ്ങളാൽ കീർത്തനവും പാടി, എന്നും ഹൃദയങ്ങളുടെ സംഗമത്തിന്റെ ശീവേലികൾ തൊഴുന്ന ചിത്രം എങ്ങനെ മറക്കാൻ കഴിയും. ചരണത്തിലെ ‘അന്നുകണ്ട നീയാരോ ഇന്നുകണ്ട നീയാരോ’ എന്ന ഒറ്റ വരികൊണ്ടു നായികയുടെ നായകനോടുള്ള മാറിയ കാഴ്ചപ്പാട് ഇതിൽക്കൂടുതൽ എങ്ങനെ മനോഹരമായി വരച്ചുകാട്ടാൻ കഴിയും. ഒപ്പം ദാസേട്ടൻ പടിയ ‘മേഘം പൂത്തുതുടങ്ങി‘ എന്ന ഗാനവും. ‘പുതുമണ്ണിൻ സ്വപ്നം പുൽക്കൊടികളായുണരും, അതുപിന്നെപ്പൂക്കളങ്ങളാകും, വളർന്നേറും, വനമാകും’ എന്ന പടർന്നേറുന്ന രതിഭാവസങ്കൽപ്പം എത്ര സുന്ദരമായി അദ്ദേഹം വരച്ചുകാട്ടുന്നു. ഒപ്പം തിരയും തീരവും തമ്മിലുള്ള പരിരംഭണത്തിന്റെ രതിഭാവം പകരുന്ന സാഗരത്തിന്റെ ഗാനം എങ്ങനെ മനസ്സിൽ നിന്നും മാഞ്ഞുപോകും? ഇക്കാലത്തെ എത്ര ഗാനങ്ങൾക്ക് ഈ ആസ്വാദ്യത അനുഭവപ്പെടുന്നുണ്ട്, എവിടെക്കേട്ടാലും ചെവിവട്ടം പിടിക്കുവാൻ പ്രേരിപ്പിക്കുന്ന ആകർഷണീയത അവകാശപ്പെടാൻ കഴിയുന്നുണ്ട്, ഉപകരണ സംഗീതക്കസർത്തിനിടയിൽ അതിലെ സാഹിത്യം ശ്രദ്ധിക്കപ്പെടുന്നുണ്ട്? ഒന്നുമൊർക്കാതിരിക്കുക, എല്ലാം കഴിഞ്ഞകഥകളാണ്!!

ഇക്കൂട്ടത്തിൽ പെരുമ്പാവൂർ സാറിന്റെ സംഗീതവും എടുത്തുപറയേണ്ടതാണ്. സത്യത്തിൽ അർഹിച്ച പ്രാധാന്യവും അവസരവും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ടോയെന്ന് സംശയമാണ്. ഒന്നാം രാഗം പാടിയെന്ന ഗാനം ഒരു പ്രേമഗാനമാണെങ്കിൽക്കൂടി ക്ഷേത്രപശ്ചാത്തലത്തിൽ അതു ചിത്രീകരിച്ചപ്പോൾ സാധാരണ ഭക്തിഗാനങ്ങൾക്ക് നൽകാറുള്ള ‘രീതിഗൌള‘യെന്ന രാഗത്തിൽ പൊതിഞ്ഞ് ക്ഷേത്രാന്തരീക്ഷവും പ്രണയഭാവവും ഒരുപോലെ ആസ്വാദകർക്ക് അനുവവേദ്യമാക്കി പ്രശംസനീയമായരീതിയിൽ അദ്ദേഹം ചിട്ടപ്പെടുത്തിയിരിക്കുന്നു. അതോടൊപ്പം പപ്പേട്ടന്റെ തന്നെ ‘ഇന്നലെ’യിലെ അദ്ദേഹത്തിന്റെ ഗാനങ്ങളും എടുത്തു പറയേണ്ടതാണ്.

കാലത്തിനും മായ്ക്കുവാനാകാതെ….

ദേവരാജനേയും വയലാറിനേയും പദ്മരാജനേയും ഭരതനേയും പോലുള്ളവരുടെ പ്രതിഭയെ അളക്കാൻ ശ്രമിക്കുന്നത് തങ്കത്തിന്റെ മാറ്റുരച്ചു നോക്കുമ്പോലെയാണ്. ഇത്തരം അനേകരെ നമ്മിൽ നിന്നും കാലം അകാലത്തിൽ വിളിച്ചുകൊണ്ടു പോയി. ഇന്നും ആ വിടവ് നികത്തപ്പെടാതെ കിടക്കുന്നെങ്കിലും എന്നും ഓർമ്മിക്കുവാൻ അവർ തന്ന ഒരുപിടി നല്ല പാട്ടുകളും കഥകളും ചിത്രങ്ങളും ഇവിടെ ശേഷിക്കും. ഒരു കാലത്തിന്റെ ഇന്ദ്രജാലത്തിനും അതു മായ്ക്കുവാനും കഴിയില്ല. പത്തുമുപ്പതു വർഷം കഴിയുമ്പോൾ അന്നത്തെ യുവതലമുറ ഈ ചിത്രം കണ്ട് എന്തഭിപ്രായപ്പെടുമെന്നൂഹിക്കാൻ നമുക്ക് കഴിയില്ല. ഒരു പക്ഷേ, അന്നത്തെ പ്രണയസങ്കൽപ്പങ്ങൾക്ക് അനുയോജ്യമായിരിക്കുകയില്ല ഇത്തരം ചിത്രങ്ങൾ. പ്രേമവും സന്തോഷവും ആശംസകളും നൊമ്പരങ്ങളും നീരസങ്ങളുമൊക്കെ എലക്ട്രോണികവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുമ്പോൾ ഒരു പ്രേമലേഖനം പോലും നേരേചൊവ്വേയെഴുതാനറിയാത്ത അത്യുത്തരാധുനികരായ പ്രണയമരാളമിഥുനങ്ങൾ എം.എം.എസ്സിലൂടെയും ചാറ്റിങ്ങിലൂടെയും തങ്ങളുടെ മനസ്സിന്റെ ഹിസ്റ്ററിയും ശരീരത്തിന്റെ ജോഗ്രഫിയും അംഗങ്ങളുടെ അനാട്ടമിയും പറത്തിക്കളിച്ചു രസിക്കും. അന്നത്തെ ക്ലാരമാർ ജയകൃഷ്ണന്മാരിൽ നിന്ന് ലാപ്ടോപ്പുകളും ബീ.എം.ഡബ്ല്യൂ കാറുകളും ഫ്ലാറ്റുകളും ചോദിച്ചു വാങ്ങിയുല്ലസിക്കും. നമ്മുടെ കടപ്പുറത്തെ കരിമണലിൽ കിടന്നുരുളാനൊന്നും നിൽക്കാതെ, അവർ മൌറീഷ്യസിലേക്കോ മിയാമിയിലേക്കോ പറക്കും. ഫ്ലോറിഡയിൽ ഡിന്നറും ലണ്ടനിൽ ബ്രേക്ഫാസ്റ്റും പാം ഐലൻഡിൽ നിന്നു ലഞ്ചും കഴിച്ചു രാത്രി വീട്ടിലെത്തും! അന്നു ജീവനോടെയിരിക്കാൻ കഴിഞ്ഞാൽ നമ്മൾക്കും എല്ലാം നേരിട്ടു കാണാൻ ഭാഗ്യമുണ്ടാകും! സ്നേഹിക്കാനറിയുന്ന ഹൃദയങ്ങൾ ചുരുങ്ങിക്കൊണ്ടിരിക്കുന്നു. കാമ്പസ്സുകളിലെ തണൽമരച്ചോട്ടിലെ സമാഗമങ്ങൾ ഇരുണ്ട സ്വകാര്യമുറിയിലെ വീഡിയോ ചാറ്റിങ്ങിലേക്കൊതുങ്ങുന്നു. അപ്പോൾ വയലാറിന്റേയും ചുള്ളിക്കാടിന്റേയും ഓയെൻവീയുടേയും മറ്റും പ്രണയസങ്കൽപ്പങ്ങൾ, ചുക്കിച്ചുളിഞ്ഞ പുസ്തകത്താളിൽ കോറി ആരുമറിയാതെ പരസ്പരം കൈമാറിയിരുന്ന ആ ‘മാംസനിബദ്ധ‘മല്ലാത്ത രാഗത്തിന്റെ സുഖവും സംതൃപ്തിയും ധന്യതയുമെവിടെ അവശേഷിക്കാൻ? എല്ലാം അന്യം നിന്നു പൊയ്ക്കൊണ്ടേയിരിക്കുന്നു എന്ന് പരിതപിച്ചിട്ടു കാര്യമില്ലെങ്കിലും സത്യം അതല്ലേ? ഹൃദയ വികാരങ്ങളുടെ ഫോട്ടോക്കോപ്പി എടുത്തു വയ്ക്കാൻ കഴിയുന്ന ഉപകരണങ്ങൾ കണ്ടുപിടിച്ചില്ലെങ്കിൽ വരും തലമുറയ്ക്കു ഇതെല്ലാം വെറും കേട്ടുകേഴ്വി മാത്രമായിരിക്കും. അന്ന്, തൂവാനത്തുമ്പിപോലെയുള്ള ചിത്രങ്ങൾ, വംശനാശം വന്നുപോയ അത്തരം മാനസികാവസ്ഥയിലൂടെയുള്ള ഒരു തിരിച്ചു യാത്രയ്ക്ക് അവർക്ക് പ്രയോജനപ്പെടില്ലെന്നാരുകണ്ടു.

തിരശ്ശീല

നാം നമ്മളുമായി ഒരു ബന്ധവുമില്ലാത്തവരെ പോലും നമ്മുടെ ഏട്ടന്മാരേപ്പോലെ സ്നേഹിക്കുന്നുണ്ട്. ദാസേട്ടനും പപ്പേട്ടനും ഭരതേട്ടനും ലാലേട്ടനുമൊക്കെ അങ്ങനെ നമ്മുടെ ഒരു അടുത്ത ബന്ധുവിനെപ്പോലെ സ്വന്തമായിക്കാണാൻ നാം ശീലിക്കുന്നു. ആ ശീലം കലയോടുള്ള മനുഷ്യമനസ്സിന്റെ അഭിനിവേശമാണ്, ഒരാസ്വാദകന്റെ അവകാശമാണ്. പദ്മരാജന്റെ മരണവാർത്തയറിഞ്ഞ് ആരോ അന്നു വേദനയോടെ അനുശോചിച്ചതോർക്കുന്നു; “അദ്ദേഹത്തിന്റെ മരണത്തോടെ ഒരു കഥാകാരനേയോ സംവിധായകനേയോ മാത്രമല്ല നമുക്കു നഷ്ടപ്പെട്ടത് , സ്നേഹിക്കാൻ മാത്രമറിയുന്ന പച്ചയായ ഹൃദയമുള്ള കലാകാരനായ ഒരു മനുഷ്യനേക്കൂടിയാണ്” എന്ന്. അതേ, അതായിരുന്നു ആ മനുഷ്യൻ. നമ്മൾക്കു നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതും സ്നേഹിക്കാൻ കഴിയുന്ന ഹൃദയങ്ങളാണെന്നതല്ലേ വാസ്തവം…?

“സുമലത എന്ന അഭിനേത്രിയെക്കുറിച്ച് പറയാനുള്ളതെല്ലാം എന്റെ മനസ്സിൽ തന്നെ കിടക്കട്ടെ!!!“

ഇന്ന് മുതുകുളത്തുകാർ ‘പദ്മരാജൻ ഫൌണ്ടേഷ‘നിലൂടെ കലാസാംസ്കാരിക സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി ആ നാമധേയം അനശ്വരമാക്കുന്നു എന്നതും സ്മരിക്കപ്പെടേണ്ടതാണ്.

നന്ദി ശ്രീ അജിത്ത്, ഇത്രയും പറയാൻ അവസരമൊരുക്കിയതിന്…, ഒപ്പം വഴികാട്ടിയതിനു മാണിയ്ക്കാമ്മയ്ക്കും….

എവർക്കും നവവത്സരാശംസകളോടെ…..

rainysno said...

എത്ര സ്ഥലത്താണോ ഈ സിനിമയുടെ ചര്‍ച്ചകള്‍
കണ്ടത്..ദേ, ഇവിടേയും...
ഇതിലെ സംഗീതം ഒന്നുമതി സിനിമ ഇഷ്ട്ടപ്പെടാന്‍..
ഈ സിനിമയുടെ വിലയറിയണമെങ്കില്‍
പിന്നീട് വന്ന സിനിമകള്‍ കാണണം.
ഇപ്പോള്‍ വമ്പന്മാര്‍ എന്നു പറയുന്ന സംവിധായകര്‍
പത്മരാജന്‍ സിനിമകള്‍ പാഠപുസ്തകമാക്കേണ്ടതുണ്ട്..
പത്മരാജന്‍ ഇന്നുന്ണ്ടായിരുന്നെങ്കില്‍ എന്ന്നു പറയുനതില്‍ കാര്യമില്ല..
കാരണം നല്ല സംവിധായകര്‍ എന്നു പന്ണ്ട് പാടിപ്കഴ്റ്ത്തിയിരുന്നവരില്‍ പലരും
മോശം സിനിമയെടുത്തൂ പില്‍ക്കാലങളില്‍ വില കളഞവരാണ..

അന്നുണ്ടായിരുന്നതില്‍ മറ്റൊരു നടിയെയോ നടനേയോ
ഇതിലെ കഥാപാത്രമായി സങ്കല്‍പ്പിക്കാ‍ാന്‍ പോലും കഴിയാത്ത രീതിയിലുള്ള
കാസ്റ്റിങ്...

ക്ലാര....
എന്നും ഒരു നോ‍വായി കിടക്കും...

നിരക്ഷരൻ said...

അജിത്ത് അഭിനന്ദനങ്ങള്‍.

ദീപിക പത്രത്തിന്റെ സിനിമാ കോളത്തില്‍ അമിതാഭ് ബച്ചന്റേയും, അമീര്‍ഖാന്റേയും, മമ്മൂട്ടിയുടേയും മറ്റും ബ്ലോഗിനെ പറ്റി പരാമര്‍ശിക്കുന്ന ഒരു ലേഖനത്തില്‍ അജിത്തിന്റെ ഈ പോസ്റ്റിനെപ്പറ്റിയും വിശദമായ പരാമര്‍ശം വന്നിട്ടുണ്ട്.

Ajith Nair said...

ശ്രദ്ധയിൽ‌പ്പെടുത്തിയതിന് നന്ദി
http://www.deepika.com/cinemadetails.asp?ncode=281
മനോജ്...അതൊരു അംഗീകാരമായ്യി കരുതുന്നു..ആ റിപ്പോർട്ട് എഴുതിയ ആളിന്റെ ഇ-മെയിൽ വിലാസം കണ്ടില്ല..ഒരു നന്ദിക്കുറിപ്പ് അയക്കാമായിരുന്നു..p.r.kalakrishnan എന്നാണ് പേര്..

Anonymous said...

എന്‍റെയും ഏറ്റവും പ്രിയപ്പെട്ട മലയാളചിത്രം.മഴയെന്നാല്‍ ക്ളാര, ക്ളാരയെന്നാല്‍ മഴ...........darlin

maharana said...

nammukkum unnu sukhikendedo!!

ലേഖാവിജയ് said...

എനിക്ക് തീയറ്ററില്‍ പോയി കാണാന്‍ കഴിഞ്ഞിട്ടില്ല തൂവാനത്തുമ്പികള്‍.
പരസ്യങ്ങളുടെ ശല്യം കാരണം ഇടമുറിഞ്ഞു ഇടമുറിഞ്ഞു എപ്പോഴൊക്കെയോ കണ്ടു തീര്‍ത്തു.

എന്തുകൊണ്ടോ തൂവാനത്തുമ്പികളെക്കാള്‍ ഇഷ്ടം ‘നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ ‘ ആണ്.
ജയകൃഷ്ണന്റെ സ്വഭാവങ്ങളിലെ വൈരുധ്യം ഒന്നും സോളമനില്ല.ക്ലാരയില്‍ നിന്നും വ്യത്യസ്തയാണ് സോഫിയും.
പ്രിയപ്പെട്ട പാട്ടുകള്‍ തൂവാനത്തുമ്പികളിലേതു തന്നെ.
എഴുതാന്‍ ഒത്തിരി ഒത്തിരി വിഡ്ഡിത്തം ഇങ്ങനെ വന്നു നിറയുന്നുണ്ടെങ്കിലും ഇവിടെ നിര്‍ത്തുകയാണ്.അറിവുള്ളവര്‍ ചര്‍ച്ച ചെയ്യട്ടെ.

Raman said...

Now only Im into this blog. Very good attempt by vijay Ella commenum vaayichu.
Oru nalla cinemaye pattiyulla oru nalla charcha.