ഒരു മഴക്കാലത്ത് തന്നെയാണ് തൂവാനത്തുമ്പികൾ റിലീസായത്.
കൃത്യമായി പറഞ്ഞാൽ 1987 ജൂലൈ മാസം. ഞാനന്ന് പത്താം ക്ലാസ്സിലാണ്. പഠനം ഇളയമ്മയുടെ വീട്ടിൽ നിന്നും. മാനന്തവാടി ജോസ് തീയേറ്ററിൽ നിന്നുമാണ് ഈ സിനിമ കാണുന്നത്.
മഴപോലെ മനസ്സിലേക്ക് പെയ്തിറങ്ങിയത് ലാലും, സുമലതയും, പാർവ്വതിയും. അതിന്റെ പ്രമേയത്തിലൊന്നും എന്റെ പ്രായം ശ്രദ്ധിച്ചിരുന്നില്ലെന്ന് തോന്നുന്നു.
മാത്യഭൂമി ആഴച്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച “പ്രതിമയും രാജകുമാരിയും “ എന്ന നോവലിന്റെ എഴുത്തുകാരൻ എന്നതിലുപരി എനിക്ക് പത്മരാജനെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. വയനാട്ടിലെ ഒരു ഉൾനാടൻ ഗ്രാമത്തിൽ ജനിച്ച് വളർന്നത് കൊണ്ട് സിനിമ കാണാനുള്ള സാഹചര്യവും നന്നേ കുറവായിരുന്നു. കള്ളൻ പവിത്രൻ എന്ന സിനിമ പണ്ട് അമ്മാവന്റെ കൂടെ പോയി കണ്ടതായി ഓർക്കുന്നു. അത് പത്മരാജൻ ചിത്രമായിരുന്നെവെന്നൊക്കെ പിന്നെയാണ് ശ്രദ്ധിക്കുന്നത്.
വർഷങ്ങൾക്ക് ശേഷം മരുഭൂമിയിലെ ഏകാന്തതയുടെ കനം തൂങ്ങുന്ന ഒരു വരണ്ട പകലിലാണ് ഞാനീ ചിത്രം കാണുന്നത്.
പ്രമേയം
പത്മരാജന്റെ ഭാഷയിൽ പറഞ്ഞാൽ’ നഗരത്തിൽ അയാൾക്കു വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത ഒരു അണ്ടർ വേൾഡ് തന്നെയുണ്ട്“. പക്ഷെ സാധാരണ സിനിമകളിലെ പോലെ ആ സാഹസങ്ങളുടെ കിടിലൻ ദ്യശ്യാവിഷ്ക്കാരങ്ങളൊന്നും കാണിക്കുന്നേയില്ല. ജയക്യഷ്ണൻ എന്ന ദ്വന്ദവ്യക്തിത്തത്തിന്റെ ഉടമയുടെ പരിപൂർണ്ണ കൺ ട്രോൾ സംവിധായകന്റെ കൈയ്യിൽ തന്നെയാണ്. അതിശക്തമായ സ്ക്രിപ്റ്റ്. നിലയും വിലയുമില്ലാത്ത ഒരു കഥാപാത്രം പോലുമില്ല. എന്തിന് സിനിമയിൽ ഇല്ലാത്തതും പരാമർശിച്ചു പോകുന്നതുമായ, ജയക്യഷ്ണന്റെ അച്ചൻ തമ്പുരാൻ പോലും നമ്മുടെ മനസ്സിൽ തങ്ങി നിൽക്കുന്നു.
ചെറിയനാടൻ പറഞ്ഞതുപോലെ
വ്യക്തിത്വങ്ങളെ രൂപപ്പെടുത്തുന്നതിൽ പത്മരാജന്റെ ക്രാഫ്റ്റ് അദ്വിതീയമാണ്. നമ്മുടെ സങ്കൽപ്പങ്ങൾക്കും അതീതമാണ് അതിന്റെ ഘടന. ഒരോ ചെറിയ കഥാപാത്രങ്ങൾ പോലും നമ്മുടെ മനസ്സിൽ നിറഞ്ഞു നിൽക്കാൻ സഹായകമാകുന്നതും രചനയിലെ അദ്ദേഹത്തിന്റെ ഈ സിദ്ധികൊണ്ടു തന്നെയാണ്. ജഗതിയുടെ രാവുണ്ണിയുടെ പ്രകടനം എന്തിനു സംഭാഷണശകലം പോലും മനസ്സിൽ തങ്ങിനിൽക്കുന്നത് ഇക്കാരണം കൊണ്ടാണ്. അതുപോലെ തന്നെ ബാബു നമ്പൂതിരിയുടേയും ശങ്കരാടിയുടേയും മറ്റും പാത്രങ്ങളും
ഒരോ ഫ്രെയിമും വരച്ചിട്ടു സംവിധാനം ചെയ്തപോലെ മികച്ചു നിൽക്കുന്നു. വ്യക്തിത്വമുള്ള കഥാപാത്രങ്ങൾ, മികച്ച അഭിനയം, മനോഹരമായ ലൊക്കേഷൻ, കഥാഗതിയുടെ സഞ്ചാരം ഇവയെല്ലാം അനിതരമായ അനുഭൂതിയാണ് ആസ്വാദകർക്ക് പകരുന്നത്. ദ്വന്ദവ്യക്തിത്വമുള്ള ജയകൃഷ്ണനെന്ന നായക കഥാപാത്രത്തെ സൃഷ്ടിച്ചതിലെ കൈവഴക്കം ഒന്നുമാത്രം മതി പപ്പേട്ടന്റെ പ്രതിഭയുടെ മാറ്ററിയാൻ. ഒരേസമയം രണ്ടുപേരെ പ്രണയിക്കുന്ന, രണ്ടു പ്രണയത്തിനും രണ്ടു ഭാവങ്ങൾ -തലങ്ങൾ- കൽപ്പിക്കുന്ന നായകൻ. അയാളുടെ മനസ്സുവായിക്കാൻ നാം പണിപ്പെടും. പക്ഷേ കഥ പലഘട്ടത്തിലും അതിലെ പ്രധാന നായികയായ ക്ലാരയിലൂടെയാണു സഞ്ചരിക്കുന്നത്.
താൻ കളങ്കപ്പെടുവാൻ പോകുന്നതറിയുന്ന ഏതുപെണ്ണും തന്നെ പ്രാപിക്കാൻ ശ്രമിക്കുന്ന വ്യക്തിക്കുമുൻപിൽ നിർവ്വികാരയായി നിൽക്കുകയേ ഉള്ളൂ. എന്നാൽ ക്ലാരയെ പുണരുന്ന ജയകൃഷ്ണനു മുൻപിൽ അവൾ നിശ്ചേഷ്ടയായി നിൽക്കുന്നതിനു പകരം ക്ലാരയും തിരിച്ച് അവനെ ആലിംഗനം ചെയ്തുകൊണ്ട് അതാസ്വദിക്കുന്നതാണ് നാം കണുന്നത്. അല്ലായിരുന്നെങ്കിൽ ആദ്യവേഴ്ച ഒരു ബലാത്സംഗമെന്ന നിലയിലേക്ക് തരം താഴ്ന്നു പോയേനേ. (നമ്മുടെ യാഥാസ്ഥിതിക മനോഭാവങ്ങൾക്കെതിരാണെങ്കിലും ..)
ചിത്രീകരണം
അജയൻ വിൻസ്ന്റ് എന്ന പ്രതിഭയാണ് ( ഷിബു ചക്രവർത്തിയുടെ അഥർവം തുടങ്ങിയ സിനിമകളുടെ കാമെറ ചലിപ്പിച്ചത് ഇദ്ദേഹമാണ് ) ഈ സിനിമയുടെ ഛായാഗ്രാഹകൻ.
നിർഭാഗ്യമെന്ന് പറയട്ടെ..അന്താരാഷ്ട്ര തലത്തിൽ സിനിമകളുടെ വിവരങ്ങൾ ആധികാരികമായി രേഖപ്പെടുത്തുന്ന www.imdb.com എന്ന സൈറ്റിൽ അദ്ദേഹത്തിന്റെ പേരു ചേർക്കപ്പെട്ടിട്ടില്ല.
http://www.imdb.com/title/tt0249188/fullcredits#cast
കഥന രീതിലെ മറികടക്കാത്ത് ചിത്രീകരണം. Source lighting.
മിക്കതും straight angles. വളരെ അപൂർവ്വമായി മാത്രമേ correction filters വരെ ഉപയോഗിച്ചിട്ടുള്ളൂ..ആവശ്യമില്ലാതെ movements ഇല്ല.
സംവിധായകന്റെ മനസ്സറിഞ്ഞ് തന്നെ അജയൻ തന്റെ കാമറ ചലിപ്പിച്ചു.
ഏം.ടി. സംവിധാനം ചെയ്ത ‘ ഒരു ചെറുപുഞ്ചിരി ‘ എന്ന സിനിമയുടെ
ഛായാഗ്രാഹകനായ ശ്രീ. സണ്ണി ജോസഫിനെ ഇവിടെ സ്മരിക്കുന്നു.
ഇന്ന് നാം കാണുന്ന പല ചിത്രങ്ങളുടെയും വിഷ്വൽസ് എത്രത്തോളം അനുയോജ്യമാണെന്ന് ചിന്തിക്കുക.
പത്മരാജന്റെ എല്ലാ ചിത്രങ്ങളിലും ധാരാളം wide Frames ഉണ്ടാകും. ഓർക്കുക അമ്മൂമ്മയുടെ സപ്തമി ക്ഷണിക്കാൻ വരുന്ന സീനിലെ പാടം,വടക്കും നാഥൻ ക്ഷേത്രം, ജയകൃഷ്ണന്റെ വീട്
നമ്മുടെ persistence of vision എന്ന പ്രതിഭാസത്തെ അളന്നു മുറിച്ച് എഡിറ്റ് ചെയ്യുന്ന പുതിയ തലമുറയിലെ എഡിറ്റർമാരുടെ കൈയ്യിൽ ഇത്തരം ഫ്രെമുകൾ കിട്ടിയിട്ട് കാര്യമില്ല.
പക്വതയുള്ള കത്രിക പ്രയോഗമാണ് ബി.ലെനിൻ എന്ന എഡിറ്റർ ഇതിൽ നടത്തിയിരിക്കുന്നത്. ഒരു സിനിമയുടെ ടെമ്പോ നഷ്ടപ്പെടാതെ സൂക്ഷിക്കുകയെന്ന വളരെ ശ്രമകരമായ കാര്യം. ഇതൊക്കെ പ്രഗത്ഭനായ ഒരു സംവിധായകന്റെ മേൽനോട്ടത്തിലാണെന്ന കാര്യം വിസ്മരിക്കുന്നില്ല.
സംഗീതം
മലയാളത്തിന് കിട്ടിയ ഏറ്റവും നല്ല ഗാനങ്ങളിലൊന്ന്
ഈ ഗാനം ഉൾപ്പെടുത്തിയത് സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞിട്ടാണെന്ന് എവിടെയോ വായിച്ചതായി ഓർക്കുന്നു. എന്നു വെച്ചാൽ ഈ പാട്ടിനായി ക്യത്യമായും ചിട്ടയായും ഷൂട്ട് ചെയ്തിട്ടില്ലെന്നും, റഷസുകളിൽ നിന്നും ബാക്കി വന്ന് ഫൂട്ടേജുകൾ ഉപയോഗിച്ച് തുന്നിച്ചേർത്ത ഒരു പാട്ടാണെന്നു സാരം.
ഒരു നിത്യഹരിത ഗാനം വന്ന വഴി. ശ്രീ കുമാരന തമ്പിയുടെ വരികൾക്ക് പെരുമ്പാവൂർ ജി. രവീന്ദനാഥ് ഈണം നൽകിയ രണ്ടു ഗാനങ്ങളും ശ്രുതി മനോഹരം, നിത്യ ഹരിതം.
പശ്ചാത്തല സംഗീതം
ശക്തവുമായ Back ground score. ജോൺസൺ മാഷെ ശരിക്കും ഉപയോഗപ്പെടുത്തിയിരിക്കുന്ന് ശ്രീ പത്മരാജൻ.
സ്പന്ദനങ്ങളെ വേലികെട്ടിപ്പോകുന്ന വയലിന്റെ counter.
ഇതു വരെ കേട്ടതിൽ നിന്നും വളരെ വ്യത്യസ്തമായ് തീം മ്യൂസിക്ക്.
ഗ്രാമീണ ശീലുകൾക്കുമപ്പുറം ജോൺസൻ മാഷിന്റെ റേഞ്ച് പ്രകടമാകിയ ഒരു സിനിമ. ജയകൃഷ്ണന്റെ ചിന്ത നാടനിൽ നിന്നും
പട്ടണത്തിലേക്ക് മാറുമ്പോളുള്ള ഒരു ട്രാൻസിഷൻ മ്യൂസിക് ഇനി
കാണുമ്പോൾ ശ്രദ്ധിച്ച് കേൾക്കുക.
“ചിലര്‍ ഒരു വേനല്‍ക്കാലമഴ പോലെ കടന്നുവരും, പോകും...
പക്ഷേ, അവര്‍ നല്കിയ സാന്ത്വനം, സന്തോഷം, സ്നേഹം എല്ലാം പെയ്യാത്ത മേഘം പോലെ ജീവിതകാലം മുഴുവന്‍ തളം കെട്ടി നില്ക്കും, ഒരിക്കലും പെയ്തൊഴിയാതെ...
ക്ലാര മനസ്സിലുണ്ടാക്കിയ ഒരു വിങ്ങലുണ്ട്!!!
മഴയില്‍,
മഴ പോലെ കടന്നുവന്ന്
പെയ്ത്
ഒഴുകിയ വഴികളില്‍ നനവേല്‍പ്പിക്കാതെ
മഴ പോലെ മറഞ്ഞുപോയവള്‍...
അവള് മനസ്സില്‍ സന്നിവേശിപ്പിക്കുന്ന ദൃശ്യങ്ങളില്‍ മഴയുടെ സൌന്ദര്യമുണ്ട്...വേദനയും.
മഴയ്ക്ക് ഭൂമിയില്‍ നില്‍ക്കാനാവില്ല, ആഗ്രഹമുണ്ടെങ്കിലും..ക്ലാര ഓര്‍മ്മിപ്പിക്കുന്നതും അതുതന്നെ എന്നു തോന്നുന്നു..
തൂവാനത്തുമ്പികളിലെ ഓരോ വേഷങ്ങള്‍ക്കും വ്യക്തിത്വമുണ്ട്....നിലനില്‍പ്പും..
അതുകൊണ്ടുതന്നെ ബിയാട്രീസിനെ പോലും നമുക്കു മറക്കാന്‍ കഴിയില്ല...
പപ്പേട്ടന്റെ ക്രാഫ്റ്റ് നിര്‍വ്വചിക്കാന്‍ വാക്കുകള്‍ക്കാകുമോ..അറിയില്ല...
മരണം ഏല്‍പ്പിക്കുന്ന വിടവുകള്‍ മരണം പോലും അറിയുന്നില്ലല്ലൊ..“
പറഞ്ഞു തീരാത്ത എത്രയെത്ര കഥകൾ ഇനിയും പപ്പേട്ടന്റെ മനസ്സിലുണ്ടായിരുന്നിരിക്കാം..ഇനി അതൊന്നും മലയാളികൾക്ക് കിട്ടില്ലെന്നറിയുമ്പോൾ
ഒരു നൊമ്പരം. വീണ്ടും വീണ്ടും വായിക്കാൻ തോന്നുന്ന മലയാളികളുടെ മനസ്സിൽ
നൊമ്പരത്തിപൂക്കൾ
31 comments:
“ ഒന്നാം രാഗം പാടി”
മലയാളത്തിന് കിട്ടിയ ഏറ്റവും നല്ല ഗാനങ്ങളിലൊന്ന്..
ഈ ഗാനം ഉൾപ്പെടുത്തിയത് സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞിട്ടാണെന്ന് എവിടെയോ വായിച്ചതായി ഓർക്കുന്നു. എന്നു വെച്ചാൽ ഈ പാട്ടിനായി ക്യത്യമായും ചിട്ടയായും ഷൂട്ട് ചെയ്തിട്ടില്ലെന്നും, റഷസുകളിൽ നിന്നും ബാക്കി വന്ന് ഫൂട്ടേജുകൾ ഉപയോഗിച്ച് തുന്നിച്ചേർത്ത ഒരു പാട്ടാണെന്നു സാരം.
22 വര്‍ഷം പഴക്കമുള്ള ഒരു പ്രമേയം ചര്‍ച്ചചെയ്യുന്നതിലെ പ്രയോജനം എന്താവും?
ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഒന്നായി ആ തലമുറയിലെ ചിലര്‍ക്കെങ്കിലും അനുഭവപ്പെടും. എന്നെ സംബന്ധിച്ച് ഇപ്പൊഴതില്ല, എന്തെന്നാല്‍ ആഴ്ചയില്‍ ഒരിക്കലെങ്കിലും ഇപ്പോഴും അതു കാണുന്നു.
പുതു തലമുറ ഈ സിനിമ എങ്ങിനെ വിലയിരുത്തുന്നു എന്നു പറയാനാവില്ല. പ്രണയ സങ്കല്‍പ്പങ്ങള്‍ മാറി, ആസ്വാദന ശൈലി മാറി.
പദ്മരാജന് ഇന്നു ജീവിച്ചിരുന്നെങ്കില്‍ ?
ചെറിയനാടൻ said...
തൂവാനത്തുമ്പിയിൽ ആസ്വാദനമെഴുതി “തുടരും…” എന്നു പറഞ്ഞു പോയതിനുശേഷം അവധിക്കു നാട്ടിലായിരുന്നതിനാൽ ഇതു പോസ്റ്റുചെയ്യാനായില്ല. എഴുതിവച്ചതു പോസ്റ്റുചെയ്യാതിരിക്കുന്നതെങ്ങനെ…..
പോസ്റ്റ്മോർട്ടം
ഒരു ചിത്രത്തിന്റെ നിലവാരവും മൂല്യവും നിർണ്ണയിക്കുന്ന ഘടകങ്ങൾ പലതായിരിക്കാം. ഒരാൾക്ക് ഇഷ്ടമാകുന്ന ഒരു ചിത്രം മറ്റൊരാൾക്ക് ഇഷ്ടപ്പെടണമെന്നില്ല. ആരും വിമർശനത്തിനതീതരല്ലെന്നതു പോലെ പദ്മരാജനും അല്ല. ‘മർത്ത്യനു കൈപ്പിഴ ജന്മസിദ്ധം‘ എന്ന തത്വപ്രകാരം അദ്ദേഹത്തിന്റെ പ്രമേയങ്ങളിലും ആലേഖനങ്ങളിലും പാളിച്ചകൾ കണ്ടേക്കാം. പക്ഷേ ഒന്നോർക്കണം, സിനിമയെന്നത് അനുകരിക്കാനല്ല മറിച്ച് ആസ്വദിക്കാനുള്ള ഒരു മാധ്യമമാണെന്ന് (നമുക്കനുകരിക്കാൻ കഴിയുന്ന സിനിമകളെവിടെ?). അതുകണ്ടിറങ്ങുമ്പോൾ നമ്മുടെ മനസ്സിൽ എന്തെങ്കിലും അവശേഷിപ്പിക്കുവാൻ അതിന്റെ കഥയ്ക്കോ ചിത്രീകരണത്തിനോ സംവിധാനത്തിനോ അഭിനയത്തിനോ കഴിയുന്നുണ്ടെങ്കിൽ അത് അതിന്റെ വിജയം തന്നെയാണ്. സൂക്ഷ്മമായി കീറിമുറിച്ചു പരിശോധിച്ചാൽ തൂവാനത്തുമ്പിയിലും കാണും പലരും അഭിപ്രായപ്പെട്ടതുപോലെയുള്ള പ്രശ്നങ്ങൾ. പക്ഷേ അതുകൊണ്ടൊന്നും ആ ചിത്രത്തിന്റെ മനോഹാരിതയോ പ്രമേയ വൈവിദ്ധ്യത്തിന്റെ പ്രസന്നതയോ നഷ്ടപ്പെടുന്നില്ല. നമ്മളാരും അവാർഡ് നിർണ്ണയിക്കാനല്ലല്ലോ സിനിമാ കാണാൻ പോകുന്നത്. മറക്കാൻ പറ്റാത്ത പലതും മനസ്സിൽ തങ്ങി നിർത്താൻ ആ ചിത്രത്തിനു കഴിയുന്നുണ്ടെന്നാണ് എന്റെ അഭിപ്രായം. മറിച്ചൊരഭിപ്രായം ആരും ഇതുവരെ പറഞ്ഞതായിക്കണ്ടുമില്ല.
അന്നുകണ്ട നീയാരോ…
പത്തൊൻപതു വർഷം മുൻപാണ് ഞാൻ ആദ്യമായി ശ്രീകുമാരൻ തമ്പിസാറിനെക്കാണുന്നത്. അന്ന് അദ്ദേഹത്തോടൊപ്പമാണ് ഞാൻ ആദ്യമായി ഒരു കവിയരങ്ങിൽ പങ്കെടുക്കുന്നത്. അവസാനം കാണുന്നത് 2005ൽ അദ്ദേഹത്തിന്റെ “ഹൃദയസരസ്സിലെ“ എന്ന ഗാനങ്ങളുടെ സമാഹാരത്തിന്റെ പ്രകാശനം നടക്കുന്ന ദിവസം, ഞാൻ എഴുതിയ ആദ്യ ഭക്തിഗാന ആൽബത്തിന്റെ (“എല്ലാം സ്വാമി”, സംഗീതം എം.കെ. അർജ്ജുനൻമാസ്റ്റർ, ഗായകൻ പി.ജയച്ചന്ദ്രൻ - Now published on hummaa.com http://www.hummaa.com/music/album/32496/Ellam+Swami) റെക്കാഡിംഗ് വർക്കുമായി തിരുവനന്തപുരത്തുള്ള സ്റ്റുഡിയോയിൽ അർജ്ജുനൻ മാഷുമൊത്തു നിൽക്കുമ്പോഴായിരുന്നു. അന്നു രാത്രി മാഷ് തന്റെ സ്വന്തം മുറി എനിക്കു കിടക്കാൻ തന്ന് കൂടെ ആ പുസ്തകവും വായിക്കാൻ തന്നു. അതു മറിച്ചു നോക്കിയപ്പോഴാണ് സത്യത്തിൽ ഞാൻ ഇഷ്ടപ്പെടുന്ന പല ഗാനങ്ങളും അദ്ദേഹത്തിന്റേതാണെന്നു മനസ്സിലാകുന്നത്. ആരെയും കൂസാത്ത ആ കുറിയമനുഷ്യന്റെ മനുഷ്യഗന്ധം ഒഴുകുന്ന ഗാനങ്ങൾ അനവധിയാണ്. കസ്തൂരി മണക്കുന്ന പാട്ടുകളുമായി അർജ്ജുനന്മാസ്റ്ററുമൊത്ത് നീലനിശീഥിനീ, നിൻ മണിയറയിലെ, കുയിലിന്റെ മണിനാദം, മല്ലികപ്പൂവിൻ മധുരഗന്ധം, പാലരുവിക്കരയിൽ തുടങ്ങി, ഗാനപ്രേമികളുടെ മനസ്സിൽ നിന്നും ഒരിക്കലും മാഞ്ഞുപോകാത്ത ഒരുപിടി ഗാനങ്ങൾ അദ്ദേഹം സൃഷ്ടിച്ചു. സിനിമാ സംവിധായകനായും സംഗീത സംവിധായകനായും കവിയായും കഥാകാരനായും തിരക്കഥാകൃത്തായുമൊക്കെ അദ്ദേഹം ഇന്നും മലയാളത്തിൽ നിറഞ്ഞു നിൽക്കുന്നു. വേണുഗോപാലും കെ.എസ്.ചിത്രയും ചേർന്നു പാടിയ ‘ഒന്നാം രാഗം പാടി‘യെന്ന ഗാനം ഇന്നും ആരാണേറ്റുപാടാത്തത്?. കണ്ണുകളാൽ അർച്ചനയും മൌനങ്ങളാൽ കീർത്തനവും പാടി, എന്നും ഹൃദയങ്ങളുടെ സംഗമത്തിന്റെ ശീവേലികൾ തൊഴുന്ന ചിത്രം എങ്ങനെ മറക്കാൻ കഴിയും. ചരണത്തിലെ ‘അന്നുകണ്ട നീയാരോ ഇന്നുകണ്ട നീയാരോ’ എന്ന ഒറ്റ വരികൊണ്ടു നായികയുടെ നായകനോടുള്ള മാറിയ കാഴ്ചപ്പാട് ഇതിൽക്കൂടുതൽ എങ്ങനെ മനോഹരമായി വരച്ചുകാട്ടാൻ കഴിയും. ഒപ്പം ദാസേട്ടൻ പടിയ ‘മേഘം പൂത്തുതുടങ്ങി‘ എന്ന ഗാനവും. ‘പുതുമണ്ണിൻ സ്വപ്നം പുൽക്കൊടികളായുണരും, അതുപിന്നെപ്പൂക്കളങ്ങളാകും, വളർന്നേറും, വനമാകും’ എന്ന പടർന്നേറുന്ന രതിഭാവസങ്കൽപ്പം എത്ര സുന്ദരമായി അദ്ദേഹം വരച്ചുകാട്ടുന്നു. ഒപ്പം തിരയും തീരവും തമ്മിലുള്ള പരിരംഭണത്തിന്റെ രതിഭാവം പകരുന്ന സാഗരത്തിന്റെ ഗാനം എങ്ങനെ മനസ്സിൽ നിന്നും മാഞ്ഞുപോകും? ഇക്കാലത്തെ എത്ര ഗാനങ്ങൾക്ക് ഈ ആസ്വാദ്യത അനുഭവപ്പെടുന്നുണ്ട്, എവിടെക്കേട്ടാലും ചെവിവട്ടം പിടിക്കുവാൻ പ്രേരിപ്പിക്കുന്ന ആകർഷണീയത അവകാശപ്പെടാൻ കഴിയുന്നുണ്ട്, ഉപകരണ സംഗീതക്കസർത്തിനിടയിൽ അതിലെ സാഹിത്യം ശ്രദ്ധിക്കപ്പെടുന്നുണ്ട്? ഒന്നുമൊർക്കാതിരിക്കുക, എല്ലാം കഴിഞ്ഞകഥകളാണ്!!
ഇക്കൂട്ടത്തിൽ പെരുമ്പാവൂർ സാറിന്റെ സംഗീതവും എടുത്തുപറയേണ്ടതാണ്. സത്യത്തിൽ അർഹിച്ച പ്രാധാന്യവും അവസരവും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ടോയെന്ന് സംശയമാണ്. ഒന്നാം രാഗം പാടിയെന്ന ഗാനം ഒരു പ്രേമഗാനമാണെങ്കിൽക്കൂടി ക്ഷേത്രപശ്ചാത്തലത്തിൽ അതു ചിത്രീകരിച്ചപ്പോൾ സാധാരണ ഭക്തിഗാനങ്ങൾക്ക് നൽകാറുള്ള ‘രീതിഗൌള‘യെന്ന രാഗത്തിൽ പൊതിഞ്ഞ് ക്ഷേത്രാന്തരീക്ഷവും പ്രണയഭാവവും ഒരുപോലെ ആസ്വാദകർക്ക് അനുവവേദ്യമാക്കി പ്രശംസനീയമായരീതിയിൽ അദ്ദേഹം ചിട്ടപ്പെടുത്തിയിരിക്കുന്നു. അതോടൊപ്പം പപ്പേട്ടന്റെ തന്നെ ‘ഇന്നലെ’യിലെ അദ്ദേഹത്തിന്റെ ഗാനങ്ങളും എടുത്തു പറയേണ്ടതാണ്.
കാലത്തിനും മായ്ക്കുവാനാകാതെ….
ദേവരാജനേയും വയലാറിനേയും പദ്മരാജനേയും ഭരതനേയും പോലുള്ളവരുടെ പ്രതിഭയെ അളക്കാൻ ശ്രമിക്കുന്നത് തങ്കത്തിന്റെ മാറ്റുരച്ചു നോക്കുമ്പോലെയാണ്. ഇത്തരം അനേകരെ നമ്മിൽ നിന്നും കാലം അകാലത്തിൽ വിളിച്ചുകൊണ്ടു പോയി. ഇന്നും ആ വിടവ് നികത്തപ്പെടാതെ കിടക്കുന്നെങ്കിലും എന്നും ഓർമ്മിക്കുവാൻ അവർ തന്ന ഒരുപിടി നല്ല പാട്ടുകളും കഥകളും ചിത്രങ്ങളും ഇവിടെ ശേഷിക്കും. ഒരു കാലത്തിന്റെ ഇന്ദ്രജാലത്തിനും അതു മായ്ക്കുവാനും കഴിയില്ല. പത്തുമുപ്പതു വർഷം കഴിയുമ്പോൾ അന്നത്തെ യുവതലമുറ ഈ ചിത്രം കണ്ട് എന്തഭിപ്രായപ്പെടുമെന്നൂഹിക്കാൻ നമുക്ക് കഴിയില്ല. ഒരു പക്ഷേ, അന്നത്തെ പ്രണയസങ്കൽപ്പങ്ങൾക്ക് അനുയോജ്യമായിരിക്കുകയില്ല ഇത്തരം ചിത്രങ്ങൾ. പ്രേമവും സന്തോഷവും ആശംസകളും നൊമ്പരങ്ങളും നീരസങ്ങളുമൊക്കെ എലക്ട്രോണികവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുമ്പോൾ ഒരു പ്രേമലേഖനം പോലും നേരേചൊവ്വേയെഴുതാനറിയാത്ത അത്യുത്തരാധുനികരായ പ്രണയമരാളമിഥുനങ്ങൾ എം.എം.എസ്സിലൂടെയും ചാറ്റിങ്ങിലൂടെയും തങ്ങളുടെ മനസ്സിന്റെ ഹിസ്റ്ററിയും ശരീരത്തിന്റെ ജോഗ്രഫിയും അംഗങ്ങളുടെ അനാട്ടമിയും പറത്തിക്കളിച്ചു രസിക്കും. അന്നത്തെ ക്ലാരമാർ ജയകൃഷ്ണന്മാരിൽ നിന്ന് ലാപ്ടോപ്പുകളും ബീ.എം.ഡബ്ല്യൂ കാറുകളും ഫ്ലാറ്റുകളും ചോദിച്ചു വാങ്ങിയുല്ലസിക്കും. നമ്മുടെ കടപ്പുറത്തെ കരിമണലിൽ കിടന്നുരുളാനൊന്നും നിൽക്കാതെ, അവർ മൌറീഷ്യസിലേക്കോ മിയാമിയിലേക്കോ പറക്കും. ഫ്ലോറിഡയിൽ ഡിന്നറും ലണ്ടനിൽ ബ്രേക്ഫാസ്റ്റും പാം ഐലൻഡിൽ നിന്നു ലഞ്ചും കഴിച്ചു രാത്രി വീട്ടിലെത്തും! അന്നു ജീവനോടെയിരിക്കാൻ കഴിഞ്ഞാൽ നമ്മൾക്കും എല്ലാം നേരിട്ടു കാണാൻ ഭാഗ്യമുണ്ടാകും! സ്നേഹിക്കാനറിയുന്ന ഹൃദയങ്ങൾ ചുരുങ്ങിക്കൊണ്ടിരിക്കുന്നു. കാമ്പസ്സുകളിലെ തണൽമരച്ചോട്ടിലെ സമാഗമങ്ങൾ ഇരുണ്ട സ്വകാര്യമുറിയിലെ വീഡിയോ ചാറ്റിങ്ങിലേക്കൊതുങ്ങുന്നു. അപ്പോൾ വയലാറിന്റേയും ചുള്ളിക്കാടിന്റേയും ഓയെൻവീയുടേയും മറ്റും പ്രണയസങ്കൽപ്പങ്ങൾ, ചുക്കിച്ചുളിഞ്ഞ പുസ്തകത്താളിൽ കോറി ആരുമറിയാതെ പരസ്പരം കൈമാറിയിരുന്ന ആ ‘മാംസനിബദ്ധ‘മല്ലാത്ത രാഗത്തിന്റെ സുഖവും സംതൃപ്തിയും ധന്യതയുമെവിടെ അവശേഷിക്കാൻ? എല്ലാം അന്യം നിന്നു പൊയ്ക്കൊണ്ടേയിരിക്കുന്നു എന്ന് പരിതപിച്ചിട്ടു കാര്യമില്ലെങ്കിലും സത്യം അതല്ലേ? ഹൃദയ വികാരങ്ങളുടെ ഫോട്ടോക്കോപ്പി എടുത്തു വയ്ക്കാൻ കഴിയുന്ന ഉപകരണങ്ങൾ കണ്ടുപിടിച്ചില്ലെങ്കിൽ വരും തലമുറയ്ക്കു ഇതെല്ലാം വെറും കേട്ടുകേഴ്വി മാത്രമായിരിക്കും. അന്ന്, തൂവാനത്തുമ്പിപോലെയുള്ള ചിത്രങ്ങൾ, വംശനാശം വന്നുപോയ അത്തരം മാനസികാവസ്ഥയിലൂടെയുള്ള ഒരു തിരിച്ചു യാത്രയ്ക്ക് അവർക്ക് പ്രയോജനപ്പെടില്ലെന്നാരുകണ്ടു.
തിരശ്ശീല
നാം നമ്മളുമായി ഒരു ബന്ധവുമില്ലാത്തവരെ പോലും നമ്മുടെ ഏട്ടന്മാരേപ്പോലെ സ്നേഹിക്കുന്നുണ്ട്. ദാസേട്ടനും പപ്പേട്ടനും ഭരതേട്ടനും ലാലേട്ടനുമൊക്കെ അങ്ങനെ നമ്മുടെ ഒരു അടുത്ത ബന്ധുവിനെപ്പോലെ സ്വന്തമായിക്കാണാൻ നാം ശീലിക്കുന്നു. ആ ശീലം കലയോടുള്ള മനുഷ്യമനസ്സിന്റെ അഭിനിവേശമാണ്, ഒരാസ്വാദകന്റെ അവകാശമാണ്. പദ്മരാജന്റെ മരണവാർത്തയറിഞ്ഞ് ആരോ അന്നു വേദനയോടെ അനുശോചിച്ചതോർക്കുന്നു; “അദ്ദേഹത്തിന്റെ മരണത്തോടെ ഒരു കഥാകാരനേയോ സംവിധായകനേയോ മാത്രമല്ല നമുക്കു നഷ്ടപ്പെട്ടത് , സ്നേഹിക്കാൻ മാത്രമറിയുന്ന പച്ചയായ ഹൃദയമുള്ള കലാകാരനായ ഒരു മനുഷ്യനേക്കൂടിയാണ്” എന്ന്. അതേ, അതായിരുന്നു ആ മനുഷ്യൻ. നമ്മൾക്കു നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതും സ്നേഹിക്കാൻ കഴിയുന്ന ഹൃദയങ്ങളാണെന്നതല്ലേ വാസ്തവം…?
“സുമലത എന്ന അഭിനേത്രിയെക്കുറിച്ച് പറയാനുള്ളതെല്ലാം എന്റെ മനസ്സിൽ തന്നെ കിടക്കട്ടെ!!!“
ഇന്ന് മുതുകുളത്തുകാർ ‘പദ്മരാജൻ ഫൌണ്ടേഷ‘നിലൂടെ കലാസാംസ്കാരിക സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി ആ നാമധേയം അനശ്വരമാക്കുന്നു എന്നതും സ്മരിക്കപ്പെടേണ്ടതാണ്.
നന്ദി അനില്‍..നന്ദി ചെറിയനാട്..
പുതിയ തലമുറക്കും എല്ലാം മനസ്സിലാകും അനില്‍...പ്രണയിക്കുന്ന രീതി മാത്രമല്ലെ മാറിയിട്ടുള്ളൂ, പ്രണയം മാറിയിട്ടില്ലല്ലോ?
ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഒന്നായി ആ തലമുറയിലെ ചിലര്‍ക്കെങ്കിലും അനുഭവപ്പെടും. എന്നെ സംബന്ധിച്ച് ഇപ്പൊഴതില്ല, എന്തെന്നാല്‍ ആഴ്ചയില്‍ ഒരിക്കലെങ്കിലും ഇപ്പോഴും അതു കാണുന്നു.
ഞാനും ..
മനസ്സില്‍ തട്ടുന്ന കുറിപ്പ്...
തുടരുക..........
തൂവാനതുമ്പികളിലെ
മോഹന്‍ലാലിന്റെ കഥാപാത്രം ജയ്കൃഷ്ണന്,
മലയാള സിനിമയില്‍ അധികം ചര്‍ച്ച ചെയ്തിട്ടില്ലാ split personality.,
അഥവ ചെയ്തു എങ്കില്‍ തന്നേ അതൊരു വില്ലന്‍ കഥാപാത്രത്തിന്റെതായി ഒഴുക്കന്‍ മട്ടില്‍ ഒരു ഷോട്ട് ആവും .ഇങ്ങനെ കേന്ദ്ര കഥാപാത്രത്തെ ചുറ്റി ആദ്യമായി കഥ പറയുന്നത് പത്മരാജനാണ്. മോഹന്‍ലാല്‍ എന്ന നടന്റെ അഭിനയപാടവം മുഴുവന്‍ വെളിപ്പേടുത്താന് സാധിച്ച കഥാപാത്രം ആണ് ജയകൃഷ്ണന്.
അറും പിശുക്കനായ നാട്ടുമ്പുറത്തെ കഷകന്, ഠൌണില്‍ പോയി അടിച്ചു പോളിക്കുകയും ക്രൂരമായി രാവുണ്ണിയെ കൊല്ലുമെന്ന് ഭീഷണീപ്പെറ്റൂത്തുന്ന ജയ്കൃഷ്ണന് .
അതെ സമയം ക്ലാരയുടെ മുന്നില്‍ പ്രണയത്തിന്റെ മഴനൂലില്‍ ഊഞ്ഞാലാടുന്ന കമിതാവ്, കോളജില്‍ ചെന്ന് രാധയെ ചമ്മിക്കുന്ന ആ സീന്‍ -ശരിക്കും കുരുത്തക്കെട്-
22വര്‍ഷം ആസ്വദിച്ചിട്ടും മതിവരാത്ത പാട്ടുകള്‍ .
മഴചാറുമ്പോള്‍ മാനത്തേക്ക് നൊക്കി കൈ രണ്ടും നീട്ടി ആ മഴയെ പുണരുമ്പോല് മനസ്സില്‍ എങ്കിലും “മേഘം പൂത്തുതുടങ്ങി ” എന്ന് ഒന്നു മൂളാതിരിക്കാന്‍ ആവില്ല...
ഇതിലെ വീഡിയോ ക്ളിപ്പിംഗ് ഒക്കെ മനോഹരം..മഴയുടെ ദ്യശ്യങ്ങള്‍ ഉള്ളവ കണ്ടില്ല...മഴ ഈ സിനിമയിലെ ഒരു പ്രധാന ഘടകമാണ്...പപ്പേട്ടന് ഇനിയും കുറെ കാലം ജീവിക്കണമായിരുന്നു..ഞാന്‍ ഈ സിനിമയുടെ ഡി,വി,ഡി, വാങ്ങി...പോസ്റ്റിന് നന്ദി..ഒരു സത്യ, കൂടി പറയട്ടെ...എല്ലാ സ്ത്രീകളിലും അല്പം ക്ലാരയും...അല്പം രാധയും ഉണ്ട്...പലരും നിഷേധിക്കുമെന്നറിയാം ..എന്കിലും........
രണ്ടു വ്യക്തിത്വങ്ങള്‍ എന്നു പറഞ്ഞു ലിമിറ്റ് ചെയ്യാനാവുമോ ജയകൃഷ്ണനെ. നാട്ടില്‍ കാണുന്ന ജയകൃഷ്ണനും ടൌണില്‍ കാണുന്ന ജയകൃഷ്ണനും എന്ന സാമാന്യവല്ക്കരണം സത്യത്തില്‍ അനീതിയാണ്. പല സ്വഭാവവിശേഷങ്ങളും ഉള്ള ഒരു സങ്കീര്‍ണ്ണ വ്യക്തിത്വമാണതെന്നാണ് ഞാന്‍ വിലയിരുത്തുന്നത്. ഒരു പരിധി വരെ ഞാന്‍ എന്നെ തന്നെ കാണുന്ന ഒരു കഥാപാത്രമാണ് ജയകൃഷ്ണന്. ഒരുപാടു സമാനതകള്‍ പറയാനുണ്ട്, പക്ഷെ വിഷയമതല്ലാത്തതിനാല്‍ വിടുന്നു.
അത്രയും കാട്ടിക്കൂട്ടലുകള്‍ നടത്തിയിട്ടും സ്വന്തം ആവശ്യത്തിനായി ഒരു പെണ്ണിനേയും സമീപിച്ചിട്ടില്ലെന്നു പറയുന്ന, അതു ചെയ്യാഞ്ഞത് വെറുതേ ആയല്ലോ എന്നു വിലപിക്കുന്ന ജയകൃഷ്നനെ ആണ് വിവാഹാഭ്യര്‍ത്ഥന നിരസിക്കപ്പെട്ടശേഷം നാം കാണുന്നത്.
“ഇനി ഞാന്‍ എല്ലാവരേയും കാണാന്‍ തുടങ്ങുമോന്നാ എന്റെ പേടി” എന്നു പറയുന്ന ജയകൃഷ്ണന്റെ മനസ്സ് എന്തേ ആരും കാണാതെ പൊകുന്നു. വഴിപിഴക്കാന്‍ എല്ലാ സാഹചര്യങ്ങളും ഉണ്ടായിട്ടും,സ്വാതന്ത്ര്യം ഉണ്ടായിട്ടും ചില അടിസ്ഥാന മൂല്യങ്ങള്‍ ജയകൃഷ്ണന് മുറുകെ പിടിക്കുന്നു. അത്തരത്തിലുള്ള ഒന്നാണ് ക്ലാരയെ വിവാഹം ചെയ്യാനുള്ള തീരുമാനം.
ക്ലാര എന്ന കഥാപാത്രത്തിനു അത്ര വലിയ വ്യക്തിത്വമൊന്നും ഞാന്‍ കാണുന്നില്ല.ആദ്യ ലൈംഗിക ബന്ധം ആസ്വദിച്ചു എന്നത് മാത്രം അവളുടെ സ്വഭാവത്തെ ഉന്നതമാക്കുമോ?
നിര്‍ത്തുന്നു, സിനിമ അത്ര പിടിയില്ലാത്ത വിഷയമാണിപ്പോള്‍. തൂവാനത്തുമ്പികളിലും സര്‍വ്വകലാശാലയിലും അങ്ങിനെ ചുരുക്കം ചില സിനിമകളുടെ സീ.ഡികളുടെ ആവര്‍ത്തനം മാത്രമാണിന്ന് സിനിമ.
അജിത്തേട്ടന് പറഞ്ഞതുപോലെ പ്രണയം മാറിയിട്ടില്ലല്ലോ...
സങ്കല്‍പ്പങ്ങള്‍ മാറിയിരിക്കാം, ഇനിയും മാറാം..പക്ഷേ, പ്രണയത്തിന് എന്ത് മാറ്റം??
ചെറിയനാടന്‍ നന്ദി..
അനില്‍...ദയവായി ഈ കമന്റ്റ് വായിക്കുക....
ചെറിയനാടൻ said...
ഇതൊരു സിനിമയല്ലേ ഗോപിക്കുട്ടാ...
ക്ലാര ജയകൃഷ്ണന്റെ കാലുപിടിച്ച് രക്ഷപ്പെട്ട് പി.എസ്.സി ടെസ്റ്റുമെഴുതി സർക്കാരുദ്യോഗവും കിട്ടിക്കെട്ടിപ്പെറ്റ് വീട്ടുകാര്യവും നോക്കി കഴിഞ്ഞിരുന്നെങ്കിൽ പിന്നെ തൂവാനത്തുമ്പിയുണ്ടാകുമായിരുന്നോ?
ഒരുവളെ വേശ്യയെന്നു വിളിക്കുന്ന മാനദണ്ഡമെന്താണ്? ഇഷ്ടപ്രകാരമോ അല്ലതെയോ, പണത്തിനോ സുഖത്തിനോ, ജീവിക്കാനോ നശിക്കാനോ ഇറങ്ങിത്തിരിക്കൂന്നവരിൽ ആരെ ഈ ഗണത്തിൽ പെടുത്തണം?
കാമുകന്മാരുടെ കൂടെ കിടക്ക പങ്കിടുന്നതിൽ സെഞ്ച്വറി അടിച്ചുകൂട്ടുന്ന, വർഷത്തിൽ പത്തും പതിനഞ്ചും പേരുടെകൂടെ ഡേറ്റിങ്ങിങ്ങു നടത്തുന്ന വിദേശലലനാമണിമാരെ അപ്പോൾ എന്തു വിളിക്കാം?
ഏതായാലും തൂവാനത്തുമ്പിയുടെ കഥാകാരൻ ഇപ്പോൾ ഇല്ലാത്ത സ്ഥിതിക്ക് ആർക്കും അവരവരുടെ അഭിപ്രായത്തിൽ മുറുക്കെപ്പിടിച്ചുനിൽക്കാം.
അനില്‍ ...ഒരു കഥയില്‍ കഥാപാത്രങ്ങളുടെ വ്യക്തിത്വം എന്നാല്‍ 'ക്ലീന്‍ പുരുഷന് അഥവാ സ്ത്രീ എന്നാണോ ഉദ്ദേശിക്കുന്നത്..? അങ്ങിനെയെന്കില് സിനിമകളില്‍ ആദര്‍ശ പുരുഷന്മാരെ മാത്രമെ നാം കാണുകയുള്ളൂ...ചെല്ലപ്പനാശാരിയെയൊക്കെ ഒന്നു ഓര്‍ത്തു നോക്കൂ....
അജിത്തേ,
എന്റെ കമന്റില്‍ അങ്ങിനെ ഒരു ധ്വനി വന്നു എന്നു തോന്നുന്നു. വാക്കുകള്‍ പ്രയോഗിക്കുന്നതില്‍ ശ്രദ്ധിക്കാഞ്ഞു പറ്റിയതാണ്.
വ്യക്തിത്വം സന്മാര്ഗ്ഗവും തമ്മില്‍ കൂട്ടിക്കുഴക്കുന്നില്ല. തീര്‍ച്ചയായും രണ്ടും രണ്ടാണ്. പക്ഷെ നിത്യജീവിതത്തില്‍ പോലും കാണാവുന്ന ഒരു സാധാരണ കഥാപാത്രമാണ് ക്ലാര എന്നേ ഉദ്ദേശിച്ചുള്ളൂ. കഴിഞ്ഞ പോസ്റ്റില്‍ ക്ലാരയെ ഇഷ്ടം പോലെ ജനം മാന്തിയതിനാല് കൂടുതല്‍ എഴുതുന്നില്ല.
ചെറിയനാടന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായം.
എതൊക്കെ പറഞ്ഞാലും വ്യത്യസ്തമായ നല്ലൊരു ചിത്രം തന്നെ ആയിരുന്നു തൂവാനത്തുമ്പികള്‍...
ഒരിയ്ക്കല്‍ കൂടി “ഒന്നാം രാഗം...” ഓര്‍മ്മിപ്പിച്ചതിനു നന്ദി, അജിത്തേട്ടാ...
ഒപ്പം ചെറിയനാടന്റെ വിശദമായ കമന്റ് വളരെ നന്നായി.
കമന്റിനു നന്ദി അനിൽ...
പറഞ്ഞു തീരാത്ത എത്രയെത്ര കഥകൾ ഇനിയും പപ്പേട്ടന്റെ മനസ്സിലുണ്ടായിരുന്നിരിക്കാം..ഇനി അതൊന്നും മലയാളികൾക്ക് കിട്ടില്ലെന്നറിയുമ്പോൾ
ഒരു നൊമ്പരം.
വായിച്ചിരുന്നില്ലെങ്കില്‍ നഷ്ടമായിപ്പോവുമായിരുന്ന ഒരു പോസ്റ്റും അതിലെ കമന്റുകളും.. നന്ദി അജിത്.
“പപ്പേട്ടന്റെ ക്രാഫ്റ്റ് നിര്‍വ്വചിക്കാന്‍ വാക്കുകള്‍ക്കാകുമോ..അറിയില്ല...
മരണം ഏല്‍പ്പിക്കുന്ന വിടവുകള്‍ മരണം പോലും അറിയുന്നില്ലല്ലൊ”
അതേ, ആ ക്രാഫ്റ്റാണ് ഒരു സാധാരണ ക്ലാരയെ അസാധാരണയാക്കുന്നതും. ഒരു സിനിമാ അസ്വാദനത്തിൽ കഥയേക്കാൾ ഉപരി അതിന്റെ സംവിധാനത്തിനാണ് പ്രാധാന്യം. പുസ്തകത്തിലെ ഒരു സാധാരണ പെണ്ണിനെ സിനിമയിൽ നമുക്കു മറക്കാൻ കഴിയാത്ത ഒരു കഥാപാത്രമാക്കിത്തീർക്കാൻ പപ്പേട്ടനു കഴിഞ്ഞു എന്നത് ആ ബഹുമുഖപ്രതിഭയുടെ കഴിവാണ്. അപ്പോൾ ക്ലാര നമുക്കു പ്രിയപ്പെട്ടവളാകുന്നു, നമ്മളറിയാതെ തന്നെ.
കമന്റിനു മുകളിൽ കമന്റുന്നത് മര്യാദയല്ലെങ്കിലും, ഒരു വേശ്യയ്ക്കു വ്യക്തിത്വം പാടില്ലെന്നു ശഠിക്കുന്നത് ഒട്ടും ദഹിക്കുന്നില്ല. അപ്പോൾ അവരെ സൃഷ്ടിക്കുന്നവർക്കും നിലനിർത്തുന്നവർക്കും അതാകാമോ? (സിനിമയ്ക്കു പുറത്ത്)
‘പാറൂട്ടി‘ ആണോ പെണ്ണോ എന്നറിയില്ല, എങ്കിലും തുറന്ന അഭിപ്രായത്തിന് അഭിനന്ദനം. അതുപോലെ എല്ലാ പുരുഷന്മാരിലും ഒന്നല്ല ഒരൊന്നര ജയകൃഷ്ണന്മാരുമുണ്ടെന്നറിയുക.:)
ഇപ്പോള്‍ ഈ സിനിമ കാണണമെന്ന് തോന്നുന്നു.....
മഴ വരുന്ന വീഡീയോ ക്ലിപ്പിംഗ് ഇടാന്‍ വിട്ടു പോയി..പാറൂട്ടിയുടെ തുറന്ന അഭിപ്രായത്തിന് നന്ദി...
അതുപോലെ എല്ലാ പുരുഷന്മാരിലും ഒന്നല്ല ഒരൊന്നര ജയകൃഷ്ണന്മാരുമുണ്ടെന്നറിയുക.:)
കഥാപാത്രങ്ങളെ കഥാപാത്രങ്ങളായി മാത്രം സ്വീകരിക്കുക.
ശ്രീ, അപ്പു, ലീലച്ചേച്ചി, ചെറിയനാടന്‍ നന്ദി
ശിവ, ഈ സിനിമ കാണണം
മഴ കഥാപാത്രമായ അതിസുന്ദരസിനിമ...നല്ല വിവരണം..പലപ്പോഴും തൂവാനത്തുമ്പികള്‍ കാണാന്‍ ശ്രമിക്കാറുണ്ട്,,പക്ഷെ ഇപ്പോഴാണ് ഈ സിനിമ റിലീസ് ആകുന്നത് എങ്കിലോ?
ഇന്നിന്റെ “സാംസ്കാരിക സമൂഹ”ത്തിന് ഈ പടം സഹിക്കാന്‍ പറ്റുമൊ??ലൈംഗികതയുടെ അതിപ്രസരമാണെന്നും ഇതു കണ്ടാല്‍ കുട്ടികള്‍ വഴിതെറ്റും എന്നും തട്ടിവിട്ട് പടത്തെ രണ്ടാമത്തെ ദിവസം പെട്ടിയിലാക്കില്ലെ?
സുഹൃത്തുക്കളേ,
ഏതായാലും അജിത്തിന്റെ നല്ല സിനിമയോടുള്ള സമീപനത്തിന് ഒരംഗീകാരം കിട്ടിയിരിക്കുന്നു. ദീപിക ഓൺലൈനിന്റെ സിനിമാ നിരൂപണ പംക്തിയിൽ അദ്ദേഹത്തിന്റെ ഈ പോസ്റ്റിനെക്കുറിച്ചുള്ള (തൂവാനത്തുമ്പി)അഭിപ്രായം വിശദമായി കൂടുത്തിരിക്കുന്നത് ഏവരും വായിക്കുമല്ലോ. അതു തീർച്ചയായും അദ്ദേഹത്തിനുള്ള ഒരംഗീകാരം തന്നെയാണ്. കൂടാതെ പ്രവാസികളുടെ ദുരിതങ്ങൾ അധികൃതരുടെ ശ്രദ്ധയില്‍പെടുത്താൻ അദ്ദേഹമെടുത്ത “വേഷങ്ങൾ” എന്ന ഹ്രസ്വചിത്രത്തെക്കുറിച്ച് വളരെ നല്ല അഭിപ്രായങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്. ആ പ്രതിഭാശാലിക്ക് എന്റെ എല്ലാ വിധ ആശംസകളും അറിയിക്കുന്നു...
സ്നേഹപൂർവ്വം....
This is really nostalgic. Thanks for sharing it.
അപ്പു പറഞ്ഞതു തന്നെ മനസ്സില്‍ തോന്നി - വായിച്ചില്ലെങ്കില്‍ അതൊരു നഷ്ടം തന്നെയാകുമായിരുന്നു...... മനസ്സില്‍ ഒരു മഴ പെയ്തു തോര്‍ന്ന പോലെ .... ഒരു സുഖം.... പറഞ്ഞറിയിക്കാന്‍ ആകാത്ത ഒരു അനുഭവം.... നന്ദി.........
പെരുമ്പാവൂര്‍ ജി രവിന്ദ്രനാഥ് സാര്‍ പറഞ്ഞത്: ഒരു ദിവസം പദ്മരാജനും, ശ്രീകുമാരന്‍ തമ്പിയും കൂടി എന്നെ കാണാന്‍ വന്നു. പദ്മരാജന് പറഞ്ഞു. എനിക്കൊരു പാട്ട് വേണം. പക്ഷേ ആ സീനുകളെല്ലാം ഞാന്‍ ഷൂട്ട് ചെയ്തു.
അങ്ങനെ എഡിറ്റ് സ്യൂട്ടിലിരുന്ന് ആ ചിത്രത്തിന്റെ പ്രിവ്യൂ കണ്ടു കൊണ്ടാണ് ഒന്നാം രാഗം പാടി എന്ന ഗാനം ചിട്ടപ്പെടുത്തുന്നതും ലിറിക്സ് എഴുതുന്നതും. പദ്മരാജനേപ്പോലെ ഒരു പ്രതിഭക്കു മാത്രം അവകാശപ്പെടാവുന്ന ധൈര്യം. തമ്പിസാറിനെപ്പോലെ ഒരു എഴുത്തുകാരനു മാത്രം കരഗതമായ സിദ്ധി അതിന്റെ ജീവന് നഷ്ടപ്പെടാതെ ഹൃദ്യമാക്കുവാന്‍ പെരുമ്പാവൂരിന്റെ ജ്ഞാനവും, കഴിവും. ആ ഗാനം കണ്ടാലോ കേട്ടാലോ വിശ്വസിക്കാന്‍ കഴിയില്ല ഈ ഗാനം ഇങ്ങനെ പിറന്നതാണെന്ന്.
പദ്മരാജനെക്കുറിച്ച് എത്ര പറഞ്ഞാലും തീരില്ല. അദ്ദേഹത്തിന്റെ ചിത്രങ്ങളേക്കുറിച്ചും. അതെല്ലാം കാലാതിവര്‍ത്തിയാണ്. നല്ല ഉദ്യമം. ഹൃദ്യമായ അവതരണം. ആശംസകള്‍.
ഈ പോസ്റ്റ് കാണുവാന്‍ വൈകി...
എത്ര പോസ്റ്റ്മോര്‍ട്ടം ചെയ്താലും നിര്‍വചിക്കാനാവാത്ത ചില ആകര്‍ഷണീയത ഈ ചിത്രത്തിനുണ്ട്.ഒരുപക്ഷെ പത്മരാജന്റെ മിക്ക ചിത്രങ്ങള്‍ക്കും.ഇന്നതെ മലയാള സിനിമയുടെ പരിതാപകരമായ ഈ അവസ്ഥയില്‍ പഴയ ഇത്തരം മനോഹര ചിത്രങ്ങളുടെ ആസ്വാദനം,റിവ്യു..ആശ്വാസദായകം തന്നെ
തൂവാന തുമ്പികള്‍ .എന്നെ ചിത്രത്തെ ഓര്‍ക്കുമ്പോള്‍ മനസ്സില്‍ ആദ്യം ഓടിയെത്തുനത് അതിലെ സെക്സ് ആണ് ഓര്മ വരുഅന്തു (അത് മുഴവന്‍ കാണാന്‍ കഴിഞ്ഞില്ല ഇത് വരെ )ഇത് വായിച്ചപോള്‍ ആണ് ആ ചിത്രം ഇത്ര മാത്രം മികച്ച ഒന്നാണ് എന്ന് മനസിലാവുനത് ..ആ ചിത്രം കണ്ട ഒരു പ്രതീതി ...ആശംസകള്‍
എത്ര തവണ കണ്ടു എന്നറിയില്ല..
ഓരോ പ്രാവശ്യവും ഓരോ പുതിയ അനുഭവം ഏതെങ്കിലും സീനിൽ ഉണ്ടാകും..
ഇനിയും കാണും..
അഭിപ്രായം എഴുതാൻ ഞാനാരാണ്?..
എന്നെ ഏറ്റവും അധികം സ്വാധീനിച്ചിട്ടുള്ള ഒരു കഥാപാത്രമാണ് ക്ലാര...
സത്യത്തില്‍ ക്ലാരയെ ഞാന്‍ പ്രണയിക്കുകയാണ്...
ക്ലാരയോടുള്ള അടുപ്പമാണ് പപ്പേട്ടനെയും സുമലതയെയും വല്ലാണ്ട് ഇഷ്ടപ്പെടാന്‍ വഴിയൊരുക്കിയത്...
ഒടുവില്‍ ക്ലാരക്ക് സമര്‍പ്പിച്ചു കൊണ്ട് ഒരു ബ്ലോഗും ഒരുപിടി കഥകളും എഴുതി തുടങ്ങി...അപരാഹ്നം. അങ്ങനെ ഈ ബ്ലോഗിലൂടെ
ക്ലാര തങ്ക വിഗ്രഹത്തിനു ചുറ്റും അണി നിരത്താന്‍ കല്ലില്‍ തീര്‍ത്ത ഒരുപിടി ക്ലാരമാരെ സൃഷ്ടിക്കുവാന്‍ ഞാനൊരു എളിയ ശ്രമം നടത്തുകയാണ്........
എന്റെ എക്കാലത്തെയും ഇഷ്ട സംവിധായകന് ആയ പപ്പേട്ടന്റെ ഒരു അവിസ്മരണീയ ചിത്രം ആണ് തൂവാന തുമ്പികള്‍ ,ജയകൃഷ്ണന്റെയും ക്ലാരയുടെയും പ്രണയത്തെ മഴയുടെ പശ്ചാത്തലത്തില്‍ വര്‍ണിച്ച അതി മനോഹര കാവ്യം
എന്റെ എക്കാലത്തെയും ഇഷ്ട സംവിധായകന് ആയ പപ്പേട്ടന്റെ ഒരു അവിസ്മരണീയ ചിത്രം ആണ് തൂവാന തുമ്പികള്‍ ,ജയകൃഷ്ണന്റെയും ക്ലാരയുടെയും പ്രണയത്തെ മഴയുടെ പശ്ചാത്തലത്തില്‍ വര്‍ണിച്ച അതി മനോഹര കാവ്യം
മേഘം പൂത്തു തുടങ്ങി - ഈ പാട്ടിൻ്റെ രാഗം ഏതാണ്?
Post a Comment